ചെന്നൈ: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ സ്‌ക്വാഷിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങളായ ദീപിക പള്ളിക്കലിനും ജോഷ്‌ന ചിന്നപ്പയ്ക്കും തമിഴ്‌നാട് സർക്കാരിന്റെ വക 50 ലക്ഷം രൂപവീതം പാരിതോഷികം. മുഖ്യമന്ത്രി ജയലളിതയാണ് തമിഴ്‌നാട് സ്വദേശികളായ ഇരുവർക്കുമുള്ള പാരിതോഷികം പ്രഖ്യാപിച്ചത്. മലയാളി കുടുംബത്തിൽ ജനിച്ച ദീപിക പഠിച്ചതും വളർന്നതും തമിഴ്‌നാട്ടിലാണ്. ഭാരോദ്വഹനത്തിൽ സ്വർണം നേടിയ തമിഴ്‌നാട് സ്വദേശി സതീഷ് ശിവലിംഗത്തിനും നേരത്തെ 50 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അപ്രതീക്ഷിത പ്രകടനത്തോടെയാണ് ദീപികയും ജോഷ്‌നയും ഇന്ത്യയ്ക്ക് 14-ാം സ്വർണം സമ്മാനിച്ചത്. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്തുവന്ന ദീപികയും ജോഷ്‌നയും ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തറപറ്റിച്ചത്. പ്രാഥമിക റൗണ്ടിൽ ലോക ഒന്നാം റാങ്കുകാരി നിക്കോൾ ഡേവിസിന്റെ നേതൃത്വത്തിലുള്ള മലേഷ്യയെ ഇന്ത്യൻ ജോടി അട്ടിമറിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ ജെന്നി ദുൻക്ലാഫ്-ലോറ മസാറോ സഖ്യത്തെയാണ് ദീപിക-ജോഷ്‌ന കൂട്ടുകെട്ട് ഫൈനലിൽ തോൽപ്പിച്ചത് സ്‌കോർ: 116-118. രണ്ടാം സെറ്റിൽ അഞ്ചു പോയിന്റിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യൻ സഖ്യം തിരിച്ചടിച്ചത്.