പത്തനംതിട്ട: മുഖ്യമന്ത്രി പിണറായിയുടെ വാഗ്ദാനം മുഖവിലയ്‌ക്കെടുത്ത് സന്നിധാനത്ത് ഇൻഫർമേഷൻ സെന്റർ തുടങ്ങാൻ എത്തിയ തമിഴ്‌നാട് ദേവസ്വം സംഘത്തെ ഓഫീസ് സൗകര്യമോ താമസിക്കാൻ മുറിയോ നൽകാതെ നാണംകെടുത്തി മടക്കി അയച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീഴ്‌ത്താവുന്ന സമീപനമാണ് ശബരിമലയിൽ ഉണ്ടായത്. മുറിയും ഓഫീസും ഉൾപ്പെടെ കാലങ്ങളായി ചെയ്തുവന്നിരുന്ന സൗകര്യങ്ങൾ ലഭിക്കാതെ വന്നതോടെ തമിഴ്‌നാട് ദേവസ്വം പ്രതിനിധികളായി എത്തിയ മൂന്നംഗ ഉന്നതസംഘം ഇന്നലെ മടങ്ങിപ്പോയി.

ശബരിമലയിലെ തീർത്ഥാടനകാലത്ത് പ്രധാനമായും അവിടെയെത്തുന്നത് മലയാളികളേക്കാൾ തമിഴ്‌നാട്ടുകാരാണ്. കാലാകാലങ്ങളായി തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധികൾക്ക് ഓഫീസും താമസസൗകര്യവും ഒരുക്കി കേരള അധികൃതർ ആതിഥ്യമര്യാദ കാട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കുറി ക്ഷണിച്ചുവരുത്തി അപമാനിച്ചുവിട്ട രീതിയിൽ തമിഴ്‌നാട് ദേവസ്വം അധികൃതർക്ക് മടങ്ങിപ്പോകേണ്ടിവന്നു.

ഈ വർഷത്തെ തീർത്ഥാടന കാലത്തിന് മുന്നോടിയായി കാര്യങ്ങൾ വിലയിരുത്തുന്നതിനും നടപടികളുടെ ഏകോപനത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം തലസ്ഥാനത്ത് മസ്‌കറ്റ് ഹോട്ടലിൽ വച്ച് വിളിച്ചുചേർത്തിരുന്നു.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആഹ്വാനത്തോടെ നടന്ന യോഗത്തിൽ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേയും ഇൻഫർമേഷൻ സെന്ററുകൾ സന്നിധാനത്തും അതത് സംസ്ഥാന തലസ്ഥാനങ്ങളിലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. അതിനാൽ ഇക്കുറി കൂടുതൽ വിപുലമായ സൗകര്യങ്ങൾ പ്രതീക്ഷിച്ച് എത്തിയ തമിഴ്‌നാട് ദേവസ്വം അധികൃതർക്കാണ് തിക്താനുഭവം ഉണ്ടായിരക്കുന്നത്.

വൃശ്ചികം ഒന്നിന് പതിവുപോലെ ഓഫീസ് തുറക്കാനായി എത്തിയ തമിഴ്‌നാട് സംഘത്തിന് ഓഫീസോ താമസസൗകര്യമോ ഒരുക്കിയില്ല. ഇതോടെ അവർ ഇന്നലെ തിരിച്ചുപോയി. മുൻ വർഷങ്ങളിലും ഇത്തരത്തിൽ സന്നിധാനത്ത് കേരള ഇൻഫർമേഷൻ സെന്ററിന് സമീപത്ത് തമിഴ്‌നാടിന്റെ സഹായകേന്ദ്രം പ്രവർത്തിക്കാറുണ്ട്. ദേവസ്വംബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇവർക്ക് ഓഫീസിന് സൗകര്യം ചെയ്തുകൊടുക്കേണ്ടത്. താമസത്തിന് മുറി നൽകേണ്ടത് പിഡബ്‌ള്യുഡി അധികൃതരുമാണ്. എന്നാൽ മുൻവർഷം അനുവദിച്ചതുപോലെ ഓഫീസ് കിട്ടുമെന്ന് പ്രതീക്ഷിച്ച് വന്നവർക്കാണ് തിക്താനുഭവം ഉണ്ടായത്.

ദേവസ്വം അധികൃതർക്ക് തന്നെയാണ് മുറികൾ അലോട്ട് ചെയ്യുന്നതിന്റെ ചുമതല. എന്നാൽ തമിഴ്‌നാട് അധികൃതർക്ക് മുറി നൽകാൻ ഒരു തടസ്സവാദവും ഉന്നയിക്കേണ്ടതില്ലെങ്കിലും ഇക്കാര്യത്തിൽ അധികൃതർ അലംഭാവം കാണിച്ചുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഇപ്പോൾ ഇവർക്ക് ഓഫീസിന് പുറമെ താമസത്തിനും സൗകര്യം ചെയ്തുകൊടുത്തില്ല ആദ്യ രണ്ടു ദിവസങ്ങളിലും. പിന്നീട് ഒരു മുറി നൽകിയെങ്കിലും കട്ടിലോ കിടക്കയോ ഇല്ലാത്ത, വൃത്തികേടായ ഒരു മുറിയാണ് നൽകിയത്. ഇതോടെ അവർ തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പതിനഞ്ചാം തീയതിയാണ് ഇവർ സന്നിധാനത്ത് എത്തിയത്. ദിവസങ്ങൾ കാത്തെങ്കിലും താമസത്തിനോ ഓഫീസ് തുറക്കാനോ ഒരു സൗകര്യവും ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ചെയ്തുകൊടുത്തില്ല.

 എത്ര മുറികൾ ഒഴിവാക്കി വയ്ക്കുന്നുവോ അവയെല്ലാം കൂടുതൽ പണം വാങ്ങി വാടകയ്ക്ക് നൽകി കീശ വീർപ്പിക്കുന്ന രീതിയാണ് ഇപ്പോൾ സന്നിധാനത്ത് അരങ്ങേറുന്നത്. ഇത്തരത്തിലാണ് കാര്യങ്ങളെങ്കിൽ സർക്കാരിന് വലിയ ചീത്തപ്പേരുണ്ടാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുമെന്ന് ചൂണ്ടിക്കാട്ടുകയാണ് സന്നിധാനത്തെ ഒരുവിഭാഗം ഉദ്യോഗസ്ഥർ.