തിരുനൽവേലി: പലിശക്കാരുടെ ഭീഷണിയെ തുടർന്ന് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത കുടുംബത്തിലെ ദമ്പതികൾ പലിശക്കാരായിരുന്നുവെന്ന അവകാശവാദവുമായി തമിഴ്‌നാട് പൊലീസ്. ആത്മഹത്യ ചെയ്ത ഇസക്കിമുത്തുവും സുബ്ബലക്ഷ്മിയും അഞ്ച് പേരിൽ നിന്ന് കൂടി പണം വാങ്ങിയെന്ന് മാത്രമല്ല നിരവധി നാട്ടുകാർക്ക് പണം പലിശയ്ക്ക് കൊടുത്തിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ടാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.തിരുനൽവേലി കളക്ടറുടെ ഓഫീസിന് മുന്നിലാണ് നാലംഗ കുടുംബം ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇസക്കിമുത്തും ഇന്ന് മരണത്തിന് കീഴടങ്ങി. മറ്റുമൂന്ന് പേരും സംഭവദിവസം തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ വർഷം പ്രദേശവാസിയായ ടി.മുത്തുലക്ഷ്മിയിൽ നിന്ന് ദമ്പതികൾ 1,45,000 രൂപ വായ്പ വാങ്ങിയിരുന്നു.ഇസക്കിയമ്മാൾ എന്ന വ്യക്തിക്ക് പണം തിരികെ നൽകാൻ വേണ്ടി 19 ഗ്രാം സ്വർണവും മുത്തുലക്ഷ്മിയിൽ നിന്ന് വാങ്ങിയിരുന്നു.വീട് വയ്ക്കാനായി സ്ഥലം വാങ്ങാനും കുടുംബച്ചെലവിനുമായി അഞ്ച് പേരിൽ നിന്ന് കൂടി വായ്പ വാങ്ങിയിരുന്നു.

ദമ്പതികൾക്ക് സ്വന്തമായി വീടുണ്ടായിരുന്ന സാഹചര്യത്തിലാണ് അവർ ഈ വായ്പയെല്ലാം വാങ്ങിക്കൂട്ടിയത്. സെങ്കോട്ടൈ രാജ്,എസ്.മുപ്പുദത്തിത്തേവർ എന്നിവരിൽ നിന്നായി 1,50,000 രൂപ രണ്ടുവീട്ടുകളുടെ പാട്ടക്കരാർ ഒപ്പിടാൻ വേണ്ടി വാങ്ങിയിരുന്നു.ഇതുകൂടാതെ ഒന്നര സെന്റ് സ്ഥലം സ്വന്തമായി വാങ്ങി. നാട്ടുകാർക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന പതിവുമുണ്ടായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതാണ് ഈ വിവരങ്ങളെന്നാണ് എസ്‌പി ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നത്. ഇതുവരെ കിട്ടിയ വിവരങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും, അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് ഭാഷ്യം.തങ്ങളോട് വാങ്ങിയ പണം ദമ്പതികൾ തിരിച്ചുനൽകിയില്ലെന്ന് പലിശകൊടുപ്പുകാർ പരാതിപ്പെട്ടിരുന്നുവെന്നും, നിയമപ്രകാരമാണ് അന്വേഷണമെന്നും ന്യായീകരണമുണ്ട്. ബ്ലേഡുകാരുടെ കൊള്ളയ്ക്ക് ഇരയായവർ കളക്ടർക്ക് നൽകിയ പരാതിയിൽ അന്വേഷണം ഇല്ലാത്തതെന്ന് ചോദിച്ചപ്പോൾ, ദമ്പതികൾ നാലുപരാതികൾ നൽകിയെങ്കിലും, ഹാജരാവാൻ തയ്യാറായില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. പൊലീസുകാർ അന്വേഷിച്ചുചെന്നപ്പോൾ അവർ വസതിയിലില്ലായിരുന്നുവെന്ന വിചിത്ര ന്യായവും പറയുന്നുണ്ട്.

ബ്ലേഡുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇപ്പോൾ വെളിപ്പെടുത്തലുകൾ എന്ന രീതിയിൽ പുറത്ത് വിട്ട കാര്യങ്ങളും ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ്.

കടയനല്ലൂരിലെ ഖാസിധർമ ഗ്രാമത്തിൽ താമസിക്കുന്ന കൂലിതൊഴിലാളിയായ ഇസക്കിമുത്ത്, ഭാര്യ സുബ്ബുലക്ഷ്മി, മക്കളായ അഞ്ചു വയസുകാരി മധിസരണ്യ, ഒന്നര വയസുകാരി അക്ഷയഭരണിയ എന്നിവരാണ് തിരുനെൽവേലി കലക്ട്രേറ്റിന് മുന്നിൽ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാങ്ങിയതിന്റെ ഇരട്ടി പണം തിരിച്ചു നൽകിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പ്രശ്‌നപരിഹാര സഭയിൽ പരാതിപ്പെടാൻ പോയതായിരുന്നു കുടുംബം.