- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ടി എൻ പ്രതാപൻ; ഭരണമാറ്റം മാത്രം നോക്കി പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം വിലയിരുത്തുന്നത് നീതികേട്; പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ
തൃശ്ശൂർ: രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവായിരിക്കെയുള്ള പ്രവർത്തനങ്ങളെ നിറം കെടുത്തി കാണാക്കാനുമുള്ള ശ്രമങ്ങൾക്കെതിരെയും വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ടി എൻ പ്രതാപൻ എംപി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊർജ്ജസ്വലനായ പ്രതിപക്ഷനേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം വിലയിരുത്തുന്നത് നീതികേടാകുമെന്നും പ്രതാപൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റിട്ടും യുഡിഎഫിന് പ്രതിപക്ഷ നേതാവിനെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ വിഡി സതീശന് നറുക്ക് വീണു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിച്ച രമേശ് ചെന്നിത്തലയെ വെട്ടി ഹൈക്കമാന്റ് വിഡി സതീശനെ പുതിയ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം മുതിർന്ന നേതാക്കളെല്ലാം സതീശന് അഭിനന്ദനമർപ്പിച്ച് രംഗത്ത് വന്നെങ്കിലും ചെന്നിത്തലയെ അവഗണിച്ചതിൽ പലർക്കും അമർഷമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊർജ്ജസ്വലനായ പ്രതിപക്ഷനേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്കെടുത്ത പ്രതിപക്ഷനേതാവ്. കഴിഞ്ഞ സർക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവിന് മുന്നിൽ പലതവണ സർക്കാർ തീരുമാനങ്ങളിൽ നിന്ന് പിറകോട്ട് പോകാനും പലതും തിരുത്താനും നിർബന്ധിതരായി.
ശക്തമായ സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് ലീഡർ രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുവർഷവും പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ കേരളയാത്രക്ക് ലഭിച്ച സ്വീകാര്യതയും ജനകീയതയും അദ്ദേഹത്തിന്റെ സേവനത്തിന് പൊതുജനം നൽകിയ അംഗീകാരമായിരുന്നു. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷനേതാവിന്റെ പ്രവർത്തനം വിലയിരുത്തുന്നത് നീതികേടാകും. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷത്തെ നയിച്ച ലീഡർ രമേശ് ചെന്നിത്തലക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്.