ജിദ്ദ: രാജ്യത്ത് പുകയില ഉത്പ്പന്നങ്ങൾക്കും ശീതള പാനിയങ്ങൾക്കും പ്രത്യേക നികുതി ഏർപ്പെടുത്താൻ ബജറ്റിൽ തീരുമാനമായതോടെ സിഗരറ്റിനും എനർജി ഡ്രിങ്‌സിനും വില കൂടുമെന്ന് റിപ്പോർട്ട്. ശീതള പാനീയങ്ങൾക്ക് 2017 രണ്ടാം പാദത്തിൽ 50 ശതമാനം ലെവി ഏർപ്പെടുത്താനാണ് നിർദേശിച്ചിരിക്കുന്നത്. പുകയിലക്കും അനുബന്ധ ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്‌സിനും 100 ശതമാനമാണ് നികുതി.

പ്രത്യേക നികുതി ഏർപ്പെടുത്തുന്ന ഉൽപന്നങ്ങളുടെ പട്ടിക ഇനിയും നീട്ടുമെന്നും സൂചനയുണ്ട്. എല്ലാത്തരം മധുര പാനീയങ്ങളും പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകുന്ന മറ്റ് പാനീയങ്ങളും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നേക്കും. പ്രത്യേക നികുതി ഏർപ്പെടുത്തുന്ന വസ്തുക്കളുടെ പൂർണ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ പുതിയ നീക്കത്തെ ആരോഗ്യ രംഗത്തുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.