ഒട്ടാവ: നിയമാനുസൃതമായ മുന്നറിയിപ്പ് നൽകാതിരുന്നതിനാൽ പുകവലിക്കാർക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾക്കു നഷ്ടപരിഹാരമായി 15.5 ബില്യൺ ഡോളർ നൽകാൻ കോടതി വിധി. ക്യൂബെക്കിലെ പുകവലിക്കാർക്കാണ് സിഗരറ്റ് കമ്പനികളുടെ വക നഷ്ടപരിഹാരമായി വൻ തുക ലഭിക്കുന്നത്.

ഇംപീരിയൽ ടുബാക്കോ കാനഡ, റോത്ത്മാൻസ് ബെൻസൺ ആൻഡ് ഹെഡ്ജസ്, ജെടിഐ മക്‌ഡൊണാൾഡ് എന്നീ ഭീമൻ സിഗരറ്റ് കമ്പനികളാണ് പുകവലിക്കാർക്ക് ആരോഗ്യപരമായ മുന്നറിയിപ്പുകൾ നൻകാതെ ആൾക്കാരെ വഞ്ചിച്ച് പണമുണ്ടാക്കിയതെന്ന് കോടതി വിധിയിൽ പറയുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാര കേസാണിതെന്ന് പറയപ്പെടുന്നു.

1998-ൽ ഫയൽ ചെയ്ത ഒരു കേസിലാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകാൻ വിധിയുണ്ടായിരിക്കുന്നത്. പുകവലി മൂലമുണ്ടായ ശ്വാസകോശ അർബുദത്തെ തുടർന്നാണ് ഭർത്താവ് മരിച്ച ജീൻ യുവ്‌സ് ബ്ലെയിസ് എന്ന സ്ത്രീയാണ് സിഗരറ്റ് കമ്പനികൾക്കെതിരേ ആദ്യം കേസ് കൊടുക്കുന്നത്. പുകവലിയുടെ ദൂഷ്യവശങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചതിനാലാണ് കമ്പനികൾക്ക് ഇത്രയും വലിയ തുക പിഴയിട്ടതെന്ന് ക്യൂബെക്ക് സുപ്പീരിയർ കോർട്ട് ജസ്റ്റീസ് ബ്രയാൻ റിയോർഡാൻസ് വിധിയിൽ വ്യക്തമാക്കി.