മെൽബൺ: അമ്മയ്‌ക്കൊപ്പം പാർക്കിലെത്തിയ പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത കൊലപ്പെടുത്തിയ ഘാതകനെ തെരഞ്ഞ് പൊലീസ്. ഹെയ്ഡൽബർഗ് പാർക്കിൽ അമ്മ സോഫീനയ്‌ക്കൊപ്പം എത്തിയ പതിനഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് മുപ്പതു വയസു തോന്നിക്കുന്ന യുവാവ് തട്ടിയെടുത്തുകൊണ്ടു പോയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ സംഭവം നടന്നതിനു പിന്നാലെ പൊലീസ് കുഞ്ഞിനു വേണ്ടി ഒരു ദിവസം മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും പിന്നീട് ഞായറാഴ്ച പുലർച്ചെ ഹെയ്ഡൽ ബർഗ് വെസ്റ്റിലുള്ള ഡെയർബിൻ ക്രീക്കിലാണ് കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ടെത്തുന്നത്.

ശനിയാഴ്ച രാവിലെ പാർക്കിലെത്തിയ ഇരുപത്തിരണ്ടുകാരിയായ സോഫിനയുടെ കുഞ്ഞിനെ പ്രാമിൽ നിന്ന് അജ്ഞാതൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച മൊഴി. കുഞ്ഞിന്റെ അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് ശനിയാഴ്ച മുഴുവൻ കുഞ്ഞിനു വേണ്ടി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പൊലീസിന്റെ അന്വേഷണവുമായി സോഫിന സഹകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ച കുഞ്ഞ് മരിച്ചു കിടക്കുന്ന സ്ഥലത്തിനടുത്തുള്ള വീട്ടുകാരാണ് പൊലീസ് വിവരം നൽകിയത്.

കറുത്ത വർഗക്കാരനും 20നും 30നും മധ്യേ പ്രായമുള്ളതുമായ യുവാവാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് സോഫിന നൽകിയ മൊഴി. കറുത്ത പാന്റ്‌സും കറുത്ത സിപ്പർ ബനിയനും ധരിച്ച യുവാവ് മദ്യപിച്ചിരുന്നതായും സോഫിന വെളിപ്പെടുത്തി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസൊന്നും ചാർജ് ചെയ്തിട്ടില്ല. കൊലയാളിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഹെയ്ഡൽബർഗിൽ നിന്നും 20 മിനിട്ട് ദൂരത്തിൽ മിച്ചാമിലാണ് സോഫിന കുഞ്ഞുമൊത്ത് താമസിക്കുന്നത്. തന്റെ പാർട്ടണറുമായി അകന്നു കഴിയുകയാണ് സോഫിന.