കണ്ണൂർ: കഴിഞ്ഞ നാലേമുക്കാൽ വർഷം ഇല്ലാത്ത വിധത്തിൽ തേനും പാലും ഒഴുക്കുകായണ് പിണറായി സർക്കാർ. ആരൊക്കെ എന്തൊക്കെ ആവശ്യം ചോദിച്ചാലും അതെല്ലാം നടത്തിക്കൊടുക്കും. എന്നാൽ, റാങ്ക് ഹോൾഡേഴ്‌സിനെ പോലുള്ള മൂരാച്ചികളെ അംഗീകരിക്കില്ലെന്ന് മാത്രം! പിൻവാതിൽ നിയമന വിവാദം കൊഴുക്കുമ്പോഴും എയ്ഡഡ് മാനേജുമെന്റുകൾക്ക് കോടികൾ കോഴ വാങ്ങാൻ വേണ്ടി അവസരം സൃഷ്ടിച്ച സർക്കാർ ലക്ഷ്യമിടുന്നത് ഓരോ വിഭാഗത്തെയും പ്രീണിപ്പിക്കുക എന്നതാണ്. ഇങ്ങനെ പിണറായിക്ക് ഏറ്റവും ഒടുവിൽ കാരുണ്യം തോന്നിയിരിക്കുന്നത് കള്ളു വ്യവസായികളോടാണ്.

തൊഴിലാളികളുടെ ക്ഷേമനിധി വിഹിതമടയ്ക്കാതെ കള്ളു വ്യവസായികൾ വരുത്തിയ 3 കോടി രൂപയുടെ കുടിശിക മാനുഷിക പരിഗണനയുടെ പേരിൽ സർക്കാർ എഴുതിത്ത്ത്തള്ളുകയാണ് ചെയ്തത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഒന്നരക്കോടി അടച്ചാൽ മതിയെന്നു വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അതുപോലും വേണ്ടെന്ന് പറഞ്ഞാണ് വോട്ടുരാഷ്ട്രീയത്തിനായി എഴുതി തള്ളൽ.

തൊഴിൽ വകുപ്പാണ് ഈ നിർദ്ദേശം നൽകിയത്. രാഷ്ട്രീയ സംഘർഷം മൂലം 1991 മുതൽ 2001 വരെ കള്ളുവ്യവസായത്തിൽ കനത്ത നഷ്ടമുണ്ടായെന്നു തലശ്ശേരി റേഞ്ച് കള്ളുഷാപ്പ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലാണു നടപടി. 3 വർഷം മുൻപാണു നിവേദനം നൽകിയത്. തുടർന്നു കുടിശിക എഴുതിത്ത്ത്തള്ളാൻ ശുപാർശ നൽകണമെന്നു തൊഴിൽവകുപ്പ് കള്ളുവ്യവസായത്തൊഴിലാളി ബോർഡിനോട് ആവശ്യപ്പെട്ടു. കുടിശികക്കാർക്ക് ആസ്തിയുണ്ടായിരിക്കെ എഴുതിത്ത്ത്തള്ളാൻ കഴിയില്ലെന്നായിരുന്നു നിയമോപദേശം. തുടർന്നു കണ്ണൂർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘർഷം കാരണം കള്ളു വിറ്റുപോകാത്ത സ്ഥിതിയുണ്ടായിട്ടില്ലെന്നും എവിടെയും ദീർഘകാലം ഷാപ്പ് അടച്ചിട്ടിട്ടില്ല എന്നുമായിരുന്നു റിപ്പോർട്ട്. 201819ലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പരാതിക്കാർ പ്രയോജനപ്പെടുത്തിയിട്ടില്ല. വസ്തു ലേലം ചെയ്തു പണമീടാക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.

ബോർഡിന്റെ അനുമതിക്കു വിധേയമായാണു തീരുമാനമെന്നാണ് 11ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നത്. ഉത്തരവിറക്കിയ സ്ഥിതിക്ക് ഇനി അംഗീകരിക്കാതെ ബോർഡിനു തരമില്ല. ഇതിനായി യോഗം നാളെ ചേരും.