മെൽബൺ: ഓസ്‌ട്രേലിയയിലേക്കുള്ള സ്‌കിൽഡ് മൈഗ്രേഷൻ വിസ ലഭിക്കുന്നതിനായി ഐഇഎൽടിഎസ് എന്ന കടമ്പ പാസായിരിക്കണം എന്ന നിബന്ധനയ്ക്ക് അയവു വരുന്നു. ഐഇഎൽടിഎസിനൊപ്പം തന്നെ TOEFL(Test of English Language as a Foreign Language)നും അംഗീകാരം നൽകിക്കൊണ്ട് ഓസ്‌ട്രേലിയൻ എമിഗ്രേഷൻ വകുപ്പ് ഉത്തരവിറക്കി.

നേരത്തെ തന്നെ  സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിന് ഇംഗ്ലീഷ് ടെസ്റ്റ് എന്ന നിലയിൽ ടോഫലിന് അംഗീകാരം നൽകിയിരുന്നതാണ്. എന്നാൽ പുതിയ ഉത്തരവിറങ്ങിയതോടെ പോസ്റ്റ് സ്റ്റഡി വർക്ക്, സ്‌കിൽഡ് മൈഗ്രേഷൻ, ബിസിനസ് വിസ, മറ്റ് അക്കാഡമിക് അഡ്‌മിഷനുകൾ എന്നിവയ്ക്ക് ഇനി ടോഫൽ സ്‌കോർ ഉപയോഗിക്കാം. ബിസിനസ് വിസയ്ക്കും മറ്റും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്ന നിലയിൽ നിശ്ചിത ഐഇഎൽടിഎസ്  സ്‌കോർ തന്നെ വേണമെന്നായിരുന്നു നിബന്ധന. ഇതിനു മാത്രമാണ് മാറ്റം വന്നിരിക്കുന്നത്.
ഈ വാർത്ത പുറത്തു വന്നതോടെ ഐഇഎൽടിഎസ് ഇല്ലാതെ ഓസ്‌ട്രേലിയയിൽ പോകാം എന്ന നിലയിലുള്ള പ്രചരണം ശക്തമായിട്ടുണ്ട്. അതു വാസ്തവമല്ല. ഐഇഎൽടിസ്, ടോഫൽ പോലെയുള്ള നിശ്ചിത ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസായാൽ മാത്രമേ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം സാധ്യമാകൂ.

ടോഫലിനൊപ്പം തന്നെ PTEA (Pearson Test of English Academia) യ്ക്കും ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ അംഗീകാരം നൽകിയിട്ടുണ്ട്. നവംബർ മുതലാണ് ഈ രണ്ടു ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റുകൾക്കും അംഗീകാരം നൽകിയത്. നിലവിൽ ജനറൽ സ്‌കിൽഡ് മൈഗ്രേഷൻ, പെർമെനന്റ് എംപ്ലോയർ സ്‌പോൺസേർഡ് ഇഎൻഎസ്/ആർഎസ്എംഎസ് വിസകൾക്ക് ഐഇഎൽടിഎസും ഒഇടി/ (Occupational English Test)മാത്രമാണ് അംഗീകരിച്ചിരുന്നത്. അതേസമയം 2015 ജനുവരി ഒന്നോടെ കേംബ്രിഡ്ജ് ഇംഗ്ലീഷ് ടെസ്റ്റിനും (CAE: Cambridge English: Advanced) അംഗീകാരം ലഭിക്കുമെന്ന് അറിയിപ്പുണ്ട്.

ടോഫലും പിടിഇ അക്കാഡമിക്കും ഇന്റർനെറ്റ് അധിഷ്ഠിത പരീക്ഷകളാണ് എന്നതാണ് ഒരു മെച്ചം. യുകെ ബോർഡർ ഏജൻസി, യുഎസ്എ സിറ്റിസൺഷിപ്പ് എമിഗ്രേഷൻ സർവീസ് എന്നിവരും ടോഫൽ നേരത്തെ തന്നെ അംഗീകരിച്ചതാണ്.  അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം തന്നെ പരീക്ഷയിൽ പങ്കെടുക്കാനും സാധിക്കും.