രിക്കലെങ്കിലും പബ്ലിക് ടോയ്‌ലറ്റുകളെ ആശ്രയിക്കേണ്ടിവന്നിട്ടുള്ളവരായിരിക്കും ഭൂരിപക്ഷം പേരും. കനത്ത ദുർഗന്ധവും അഴുക്കും അടിഞ്ഞുകൂടിയ ഇത്തരം ടോയ്‌ലറ്റുകൾ രോഗം പരത്തുന്ന കേന്ദ്രങ്ങൾ കൂടിയാണ്. ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം പേരും ഡോക്ടർമാരിൽനിന്ന് ഉപദേശം തേടുന്നതും പബ്ലിക് ടോയ്‌ലറ്റുകളിൽനിന്ന് രോഗം വരാതെ എങ്ങനെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചായിരിക്കും. ടോയ്‌ലറ്റ് സീറ്റിലിരിക്കുന്നതുകൊണ്ടും ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം കൈകൾ ശുചിയാക്കാത്തതുകൊണ്ടും രോഗം വരാനുള്ള സാധ്യതകളേറെയാണ്.

പബ്ലിക് ടോയ്‌ലറ്റുകളിൽനിന്ന് നിങ്ങൾക്ക് ഗുണേറിയയും സിഫിലിസും പോലുള്ള ലൈംഗിക പകർച്ചവ്യാധികൾ പിടിപെട്ടേക്കാമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, രോഗാണുക്കൾ നിങ്ങളുടെ ജനനേന്ദ്രിയത്തിലേക്ക് നേരിട്ട് കടക്കുന്ന സാഹചര്യമോ കാലിലോ ഇടുപ്പിലോ ഉള്ള മുറിവിലൂടെ രോഗാണുക്കൾ കടക്കാനുള്ള സാഹചര്യമോ ഇല്ലെങ്കിൽ ഇത്തരം രോഗങ്ങൾ വരില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ, മറ്റു ചില രോഗങ്ങൾ പബ്ലിക് ടോയ്‌ലറ്റുകളിൽനിന്ന് പകരാനുള്ള സാധ്യതയുമേറെയാണ്.

പബ്ലിക് ടോയ്‌ലറ്റുകളിൽനിന്ന് രോഗം വരാനുള്ള സാധ്യതകൾ എത്രത്തോളമാണെന്നത് സംബന്ധിച്ച് എൻഎച്ച്എസിലെ മലയാളി ഡോക്ടർ പ്രീതി ഡാനിയേൽ നൽകുന്ന ഉപദേശമാണ് ഇപ്പോൾ ബ്രിട്ടനിലെ സംസാരവിഷയം. പബ്ലിക് ടോയ്‌ലറ്റിൽ കയറി എന്നതുകൊണ്ട് നിങ്ങൾക്ക് പനിയോ ജലദോഷമോ വരാനുള്ള സാധ്യതകൾ കുറവാണ്. ടോയ്‌ലറ്റിലെ പ്രതലങ്ങളിൽ ഇത്തരം വൈറസുകൾക്ക് തങ്ങാനാവില്ലെന്നതുതന്നെ കാരണം.

എന്നാൽ, ഇ-കോളി, സാൽമൊണെല്ല ബാക്ടീരിയകൾ ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. കൈകൾ നന്നായി ശുചിയാക്കുന്നതിലൂടെ പബ്ലിക് ടോയ്‌ലറ്റിൽനിന്ന് നിങ്ങളുടെ കൈകളിലെത്തിയിട്ടുള്ള ബാക്ടീരിയയെ ഒഴിവാക്കാനാകുമെന്ന് പ്രീതി പറയുന്നു. മൂത്രമൊഴിക്കുന്നതിലൂടെ നിങ്ങൾക്ക് യൂറിനറി ഇൻഫെക്ഷനും വരണമെന്നില്ല. എന്നാൽ, ബാക്ടീരിയയുമായി നിങ്ങളുടെ ജനനേന്ദ്രിയം നേരിട്ട് സ്പർശിക്കുന്ന അവസരമുണ്ടായാൽ രോഗസാധ്യതയുണ്ട്.

മൂന്നുകാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം കൈകൾ നന്നായി വൃത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനം. യാത്രയിൽ# ആന്റി ബാക്ടീരിയൽ ഹാൻഡ് സാനിറ്റൈസർ കരുതുകയെന്നതാണ് രണ്ടാമത്തേത്. ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നതിന് മുമ്പ് ടോയ്‌ലറ്റ് പേപ്പർ കൊണ്ട് സീറ്റ് മൂടിയശേഷം മാത്രം ഇരിക്കുക. ഇത് അണുക്കളുമായി നേരിട്ടുള്ള സമ്പർക്കം കുറയ്ക്കുമെന്നും പ്രീതി പറയുന്നു.

ടോയ്‌ലറ്റ് സീറ്റിലെക്കാൾ അണുക്കൾ പബ്ലിക് ടോയ്‌ലറ്റിന്റെ തറയിലാകും ഉണ്ടാവുക. തറയുമായുള്ള സമ്പർക്ക് പരമാവധി കുറയ്ക്കുകയാണ് അതിൽനിന്ന് രക്ഷനേടാനുള്ള വഴി. ചെരുപ്പുകൾ നിർബന്ധമായി ഉപയോഗിക്കുകയും ഹാൻഡ് ബാഗും മറ്റും തറയിൽ വെക്കാതിരിക്കുകയും ചെയ്യുക. എത്രവേഗം ആവശ്യം നിറവേറ്റി ടോയ്‌ലറ്റിൽനിന്ന് പുറത്തിറങ്ങാമോ അത്രയും സുരക്ഷിതമാണെന്നും ഡോക്ടർ പറയുന്നു.