പാരീസ്: ഫ്രാൻസുകാർക്ക് ഇനി അടുക്കളയോടും ലിവിങ് റൂമിനോടും ചേർന്ന് ടോയ്‌ലറ്റ് പണിയാം. നിലവിലുള്ള ബിൽഡിങ് കോഡിൽ ഇതു സംബന്ധിച്ച് ഭേദഗതി വരുത്തി. മന്ത്രിമാരായ സീഗൊലെനെ റോയലും സൈൽവിയ പിനെലും ഇതു സംബന്ധിച്ച ഉത്തരവ് നവംബർ ആറിന് നൽകിയിട്ടുമുണ്ട്. അടുക്കളയ്ക്കും ലിവിങ് റൂമിനു ചേർന്ന് ടോയ്‌ലറ്റ് നിർമ്മിക്കരുതെന്ന നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തുന്നുവെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

വീട്ടുടമകളുടെ വളരെക്കാലമായുള്ള ആവശ്യമാണിപ്പോൾ നടപ്പിലായിരിക്കുന്നത്. പുതിയ നിയമത്തിലൂടെ വീട്ടുടമകൾക്ക് കെട്ടിടം പണിയുമ്പോൾ കൂടുതൽ സൗകര്യം ലഭിക്കും. അതിന് പുറമെ ചെലവ് പരമാവധി കുറച്ച് പ്ലാനുകൾ തയ്യാറാക്കാൻ കൂടുതൽ സൗകര്യവും ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.

ഡിസംബർ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ടോയ്‌ലറ്റിൽ പോകുന്നത് അടുക്കളയിലിരിക്കുന്നവരോ ലിവിങ് റൂമിലിരിക്കുന്നവരോ കാണരുതെന്ന് നിർബന്ധമുള്ളവർ ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഫ്‌ലാറ്റുകൾ വാങ്ങുന്നതായിരിക്കും ഉചിതം. അതിന് ശേഷം നിർമ്മിക്കുന്ന ഫ്‌ലാറ്റുകളിൽ ടോയ്‌ലറ്റ് അടുക്കളയ്‌ക്കോ ലിവിങ് റൂമിനോ അടുത്തായിരിക്കാൻ സാധ്യതയേറെയാണ്.