- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി നീന്തൽ താരം സാജൻ പ്രകാശ് ഇന്ന് ഇറങ്ങും; വനിതാ ഹോക്കിയിൽ ഇന്ത്യക്കിന്ന് നിർണ്ണായക മത്സരം; മൂന്നാം ദിനത്തിൽ ആദ്യ സെഷനിൽ ഇന്ത്യക്ക് ആശ്വാസം; ടേബിൾ ടെന്നീസ് പുരുഷവിഭാഗത്തിൽ ശരത് കമൽ മൂന്നാം റൗണ്ടിൽ
ടോക്യോ: ഒളിമ്പിക്‌സിന്റെ മൂന്നാം ദിനത്തിൽ അദ്യ സെഷനിൽ ഇന്ത്യക്ക് ആശ്വാസകരമായ മത്സരഫലങ്ങൾ.പുരുഷ വിഭാഗം ടേബിൽടെന്നീസിൽ ഇന്ത്യൻ താരം ശരത് കമൽ അജന്ത മൂന്നാം റൗണ്ടിൽ കടന്നു.പോർച്ചുഗലിന്റെ അപോലോണിയ ടിയാഗോയെ കീഴടക്കിയാണ് താരം മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്.രണ്ടിനെതിരേ നാല് സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. മത്സരം ആറ് സെറ്റുകൾ കൊണ്ട് അവസാനിച്ചു. സ്‌കോർ: 2-11, 11-8, 11-5, 9-11,11-6, 11-9.ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ശരത് കമൽ രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. നാലാം സെറ്റിൽ പോർച്ചുഗീസ് താരം തിരിച്ചടിച്ചെങ്കിലും പരിചയസമ്പത്തിന്റെ ബലത്തിൽ അഞ്ചും ആറും സെറ്റുകളിൽ വിജയിച്ച് ശരത് കമൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.ടേബിൾ ടെന്നീസ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് ശരത് കമൽ. മറ്റൊരു ഇന്ത്യൻ താരമായ സത്തിയൻ ജ്ഞാനശേഖരൻ ഇന്നലെ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു.
ഇന്നത്തെ ആദ്യ ഇനമായ അമ്പെയ്ത്തിൽ അതാനുദാസ്, തരുൺദീപ് റായ്, പ്രവീൺ യാദവ് എന്നിവരടങ്ങുന്ന സഖ്യം ക്വാർട്ടറിൽ പുറത്തായി.കരുത്തരയാ കൊറിയയോട് 6-0 നായിരുന്നു പരാജയം.പ്രിലിമിനറി റൗണ്ടിൽ ഖസാക്കിസ്ഥാനെ മറികടന്നാണ് ഇന്ത്യൻ ടീം ക്വാർട്ടറിലേക്ക് മുന്നേറിയത്. കസാഖിസ്ഥാന്റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ -സാൻഷാർ മുസ്സയേവ് സഖ്യത്തെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീമിന്റെ വിജയം. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ തകർത്തത്. നാലുസെറ്റുകളിലും ഇന്ത്യ പൂർണ ആധിപത്യം പുലർത്തി.എന്നാൽ ഈ മികവ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ കൊറിയക്കെതിരെ പുറത്തെടുക്കാൻ ഇന്ത്യക്കായില്ല.
ഒളിമ്പിക്സിൽ വനിതാ ഫെൻസിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം സി.എ ഭവാനി ദേവി തോൽവി വഴങ്ങി പുറത്തായി. ലോക നാലാം നമ്പർ താരം ഫ്രാൻസിന്റെ മേനൺ ബ്രൂണറ്റാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്.മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ഭവാനി ദേവിക്ക് സാധിച്ചില്ല. 15-7 എന്ന സ്‌കോറിനാണ് മേനൺ വിജയിച്ചത്.തോറ്റെങ്കിലും തലയയുർത്തി തന്നെയാണ് ഇന്ത്യൻ വനിതാതാരം ടോക്യോയിൽ നിന്നും മടങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ഒളിമ്പിക് ഫെൻസിങ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെത്തുന്നത്. ആദ്യ റൗണ്ടിൽ ടുണീഷ്യയുടെ നാദിയ അസീസിയെ കീഴടക്കി ഭവാനി ദേവി ചരിത്രം കുറിച്ചിരുന്നു.
വനിതാ വിഭാഗം ടേബിൾ ടെന്നീസിൽ നിന്നും ഇന്ത്യൻ താരം സുതീർത്ഥ മുഖർജി പുറത്ത്. രണ്ടാം റൗണ്ടിൽ പോർച്ചുഗലിന്റെ ഫു യുവാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്.ഒന്നു പൊരുതുക പോലും ചെയ്യാതെ നേരിട്ടുള്ള സെറ്റുകൾക്ക് സുതീർത്ഥ തോൽവി വഴങ്ങി. സ്‌കോർ: 11-3, 11-3, 11-5, 11-5. മത്സരം ആകെ 23 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ബാഡ്മിന്റൺ പുരുഷ ഡബിൾസ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യവും തോറ്റ് പുറത്തായി.
വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായ മണിക ബത്ര ഇന്ന് മൂന്നാംറൗണ്ടിൽ ഇറങ്ങും.ഓസ്ട്രിയയുടെ സോഫിയ പോൾകാനോവയാണ് എതിരാളി.നീന്തലിൽ മലയാളി താരം സാജൻ പ്രകാശ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ നീന്തലിലാണ് സജൻ പ്രകാശ് മത്സരിക്കുന്നത്. വൈകിട്ട് 3.50 നാണ് മത്സരം.ഹോക്കിയിൽ നിർണായക പോരാട്ടത്തിനായി ഇന്ത്യൻ വനിതാ ടീം കരുത്തരായ ജർമനിയെ നേരിടും. പൂൾ എ യിലെ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്
സ്പോർട്സ് ഡെസ്ക്