ടോക്കിയോ: ഒളിംപിക് ചരിത്രത്തിൽ ആദ്യ സ്വർണനേട്ടത്തിലേക്ക് ഖത്തറിനെ കൈപിടിച്ചുയർത്തി ഫാരിസ് എൽബാക്ക്. ഭാരോദ്വഹനത്തിൽ ഫാരിസ് എൽബാക്കാണ് ഖത്തറിനായി ഒളിംപിക് റെക്കോർഡോടെ സ്വർണ നേട്ടം കൊയ്തത്.

96 കിലോ വിഭാഗത്തിലാണ് ഫാരിസിന്റെ സ്വർണ നേട്ടം. അതും ഒളിംപിക് റെക്കോർഡോടെ. ക്ലീൻ ആൻഡ് ജെർക്കിൽ 225 കിലോ ഭാരം ഉയർത്തിയാണ് താരം ഒളിംപിക് റെക്കോർഡ് സ്വന്തമാക്കിയത്.

ഒൻപത് ഒളിംപിക്സുകളിലാണ് ഖത്തർ ഇതുവരെ പങ്കെടുത്തിട്ടുള്ളത്. ബാഴ്സലോണ, സിഡ്‌നി, ലണ്ടൻ എന്നിവിടങ്ങളിൽ നടന്ന ഒളിംപിക്സുകളിൽ നാല് വെങ്കലവും റിയോയിൽ ഒരു വെള്ളിയും നേടിയെങ്കിലും സ്വർണനേട്ടം ഒരു മോഹം മാത്രമായി അവശേഷിക്കുകയായിരുന്നു.

ആ സ്വപ്നമാണ് ഇപ്പോൾ ഫാരിസ് എൽബാക്കിലൂടെ ഖത്തർ സാക്ഷാത്കരിച്ചിരിക്കുന്നത്. ടോക്കിയോയിൽ ഫാരിസിന് ഇത് ചരിത്രനിമിഷമാണ്. ഖത്തറിന്റെ ഒളിംപിക് മുഹൂർത്തങ്ങൾ പകർത്തുമ്പോൾ അതിൽ സ്വർണലിപികളിൽ എഴുതുന്ന പേരായിരിക്കും ഇനി ഫാരിസിന്റേത്.