ടോക്യോ: ഒളിമ്പിക് ഗോൾഫിൽ അവസാന ദിവസം വരെ മെഡൽ പ്രതീക്ഷയുയർത്തിയ ഇന്ത്യൻ താരം അദിതി അശോകിന് ഒടുവിൽ നിരാശ.ഗോൾഫ് വനിതാ വിഭാഗം വ്യക്തിഗത സ്‌ട്രോക് പ്ലേ ഇനത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരി അദിതി അശോക് നാലാം സ്ഥാനം നേടി.മത്സരത്തിന്റെ അവസാ റൗണ്ടിലേക്ക് കടക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു അദിതി.എന്നാൽ മത്സരത്തിന്റെ ആദ്യ മൂന്നു ദിനങ്ങളിൽ പുലർത്തിയ അവിശ്വസനീയമായ സ്ഥിരത നിർണായകമായ നാലാം ദിനത്തിൽ അദിതിക്ക് നിലനിർത്താനായില്ല. എങ്കിലും മെഡൽ പട്ടികയിൽ ഇടം പിടിക്കാനായില്ലെങ്കിലും ചരിത്രം കുറിച്ച പ്രകടനത്തോടെ രാജ്യത്തിന്റെ മനം കവർന്നാണ് അദിതി ടോക്കിയോയിൽനിന്ന് മടങ്ങുന്നത്.

ഒളിംപിക് ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് അദിതിയുടേത്.കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ -12 പാർ പോയന്റുമായി ഇന്ത്യൻതാരം രണ്ടാമതുണ്ടായിരുന്നു. മൂന്ന് റൗണ്ടുകളിലായി അദിതിക്ക് 201 സ്‌ട്രോക്കുകളേ വേണ്ടിവന്നുള്ളൂ. എന്നാൽ ശനിയാഴ്ച നാലാം റൗണ്ടിൽ ജപ്പാന്റെ മോനെ ഇനാമി 10 ബെർഡീസുമായി അദിതിയെ മറികടക്കുകയായിരുന്നു. നാലു റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ -15 പാർ പോയന്റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്ട്രോക്കുകളാണ് നാലു റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്.

ഒരു റൗണ്ടിൽ 9 ഹോളുകളിലേക്കാണ് പന്തെത്തിക്കേണ്ടത്. ഇതിനായി ഓരോ താരത്തിനും ശരാശരി 71 സ്‌ട്രോക്കുകൾ ലഭിക്കും. ഓരോ ഹോളിലേക്കും കുറഞ്ഞ സ്‌ട്രോക്ക് കളിക്കുന്നതിനനുസരിച്ച് മുന്നിലെത്താനുള്ള സാധ്യത കൂടും. ആദ്യ റൗണ്ടിൽ അദിതി 67 സ്‌ട്രോക്കുകളാണെടുത്തത്. രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരത്തിന് 66 സ്‌ട്രോക്കുകൾ വേണ്ടി വന്നു. മൂന്നാം റൗണ്ടിലും നാലാം റൗണ്ടിലും അദിതിക്ക് 68 സ്‌ട്രോക്കുകൾ വീതം വേണ്ടി വന്നു. ഇങ്ങനെ നാലു റൗണ്ടുകളിലുമായി 269 സ്ട്രോക്കുകളാണ് താരത്തിന് വേണ്ടിവന്നത്.

മത്സരത്തിലുടനീളം മുൻപന്തിയിലായിരുന്ന ലോക ഒന്നാം നമ്പർ താരം യുഎസിന്റെ നെല്ലി കോർഡ സ്വർണം നേടി. 17 പാർ പോയന്റും 267 സ്ട്രോക്കുകളുമായി മത്സരം അവസാനിപ്പിച്ചാണ് അമേരിക്കയുടെ നെല്ലി കോർഡ സ്വർണം കൊയ്തത്.ആതിഥേയരായ ജപ്പാന്റെ മോനെ ഇനാമിക്കാണ് വെള്ളി. ന്യൂസീലൻഡിന്റെ ലിഡിയ കോയുമായി ടൈയിൽ എത്തിയതോടെ പ്ലേ ഓഫിലാണ് ഇനാമി വെള്ളി ഉറപ്പിച്ചത്. ലിഡിയ കോ വെങ്കലം നേടി.

വനിതാ ഗോൾഫ് താരങ്ങൾക്കു വേണ്ടിയുള്ള അമേരിക്കൻ സംഘടനായ യദ് ലേഡീസ് പ്രഫഷനൽ ഗോൾഫ് അസോസിയേഷൻ (എൽപിജിഎ) റാങ്കിങ് പ്രകാരം 200ാം സ്ഥാനത്താണ് അദിതി. കളത്തിൽ പക്ഷേ ലോക ഒന്നാം നമ്പർ താരം യുഎസിന്റെ നെല്ലി കോർഡയേയും വിറപ്പിച്ച പ്രകടനത്തിലൂടെയാണ് അദിതി നാലാം സ്ഥാനം നേടിയത്.ഒളിംപിക്‌സിനായി ഇത്രയും കാലം ഒരുങ്ങുമ്പോഴും ഇന്ത്യൻ സംഘം ടോക്കിയോയിലേക്ക് പുറപ്പെടുമ്പോൾ പോലും മെഡൽ പ്രതീക്ഷകളുടെ ഏഴയലത്ത് ഇല്ലാതിരുന്ന അദിതി അവിശ്വസനീയ പ്രകടനത്തിലൂടെയാണ് ഒളിംപിക് വേദിയിൽ ഇന്ത്യയുടെ അഭിമാനമായത്. സെയ്താമയിലെ കാസൂ മിഗസെകി ഗോൾഫ് കോഴ്‌സിൽ മത്സരം തുടങ്ങിയതു മുതൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ സമ്മാനിച്ച അദിതി ഒരു രാജ്യത്തിന്റെ തന്നെ മനം കവർന്നാണ് മടങ്ങുന്നത