- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോ ഒളിമ്പിക്സ്: ടോർച്ച് റിലേ ഫുകുഷിമയിൽ നിന്നും ആരംഭിച്ചു; ടോക്യോയിലെ ഉദ്ഘാടന ചടങ്ങിൽ എത്തിച്ചേരുക 121 ദിവസത്തെ യാത്രയ്ക്ക് ശേഷം
ഫുകുഷിമ: കോവിഡ്-19 വ്യാപനം കാരണം ഒരു വർഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സിന്റെ ടോർച്ച് റിലേ വ്യാഴാഴ്ച ജപ്പാനിൽ ആരംഭിച്ചു. 121 ദിവസത്തെ യാത്രയ്ക്കു ശേഷം ടോക്യോയിൽ ജൂലായ് 23-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ടോർച്ച് റിലേ എത്തിച്ചേരും.
2011-ൽ വനിതാ ഫുട്ബോൾ ലോകകപ്പ് നേടിയ ജപ്പാൻ ടീമിലെ പ്രധാന കളിക്കാരിയായ അസുസ ഇവാഷിമിസുവാണ് ടോർച്ചുമായി ആദ്യം ഓടിയത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങുകൾ.
വടക്കുകിഴക്കൻ ഫുകുഷിമയിൽ നിന്നാണ് ടോർച്ച് റിലേ ആരംഭിച്ചത്. 2011-ലെ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് തകർന്ന പ്രദേശമാണിത്. 18,000-ഓളം പേരാണ് അന്ന് ദുരന്തത്തിൽ മരിച്ചത്.
കൊറോണയുടെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഒളിമ്പിക്സ് ജൂലായ് 23നാണ് തുടങ്ങുക. കഴിഞ്ഞ വർഷം ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന 32-ാമത് ഒളിമ്പിക് ഗെയിംസാണ് മാറ്റി വച്ചത്.
ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് മത്സരം നീട്ടിവെയ്‌ക്കേണ്ടി വന്നത്. ലോകയുദ്ധങ്ങൾ കാരണം നേരത്തേ മൂന്നുവട്ടം മത്സരം ഉപേക്ഷിച്ചിരുന്നു.
കൊറോണ വൈറസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഒളിമ്പിക്സ് ഉപേക്ഷിച്ചപ്പോൾ സംഘാടകസമിതിക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. ഏഴുവർഷത്തെ ശ്രമത്തിലൂടെയാണ് ഒളിമ്പിക്സിനു വേണ്ടി ടോക്യോ നഗരത്തെ ഒരുക്കിയത്. ഇത് ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് നീട്ടിവെക്കേണ്ട സാഹചര്യമുണ്ടായത്.
2011-ൽ ഭൂകമ്പം ജപ്പാനിൽ കനത്ത നാശം വിതച്ചിരുന്നു. ഇതിൽനിന്നുള്ള തിരിച്ചുവരവിന്റെ പ്രതീകം എന്നനിലയ്ക്കുകൂടിയാണ് ജപ്പാൻ സർക്കാർ ഒളിമ്പിക്സിനെ കണ്ടത്. അതിനിടെ മറ്റൊരു ദുരന്തം ആസൂത്രണത്തെ താളംതെറ്റിച്ചു. എങ്കിലും 2021 ഒളിമ്പിക്സ് പ്രകൃതിദുരന്തങ്ങൾക്കുമേൽ മനുഷ്യരാശിയുടെ വിജയമായി മാറുമെന്നാണ് സംഘാടകസമിതി അധ്യക്ഷൻ യോഷിറോ മോറിയുടെ അഭിപ്രായം.
സ്പോർട്സ് ഡെസ്ക്