ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുക ബോക്‌സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും. തിങ്കളാഴ്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗുസ്തി താരം ബജ്‌റംഗ് പുനിയ ആകും പതാകയേന്തുകയെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 201 പേരടങ്ങുന്ന ഇന്ത്യൻ സംഘമായിരിക്കും ടോക്കിയോ ഒളിമ്പിക്‌സിനായി പോവുക. ഇതിൽ 126 കായിത താരങ്ങളും 75 പേർ സപ്പോർട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യൽസുമായിരിക്കും. 56 ശതമാനം പുരുഷന്മാരും 44 ശതമാനം വനിതകളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

ഇത്തവണ ഒളിമ്പിക്‌സിന് ഉദ്യോഗസ്ഥ സംഘത്തെ അയക്കില്ലെന്ന് നേരത്തെ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കായികതാരങ്ങളുടെ കൂടെ പരമാവധി സപ്പോർട്ട് സ്റ്റാഫിനെ അയക്കാനാണ് തീരുമാനമെന്നും അസോസിയേഷൻ പറഞ്ഞു. കായികതാരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും പുറമെ പ്രോട്ടോക്കോൾ പ്രകാരം ആവശ്യമാണെങ്കിൽ മാത്രമെ ഒഫീഷ്യൽസിനെ അയക്കൂവെന്നും കായിക മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളെ ആരെയും ഒളിമ്പിക്‌സിന് അയക്കില്ലെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.

ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ ആദ്യമായി ഇന്ത്യൻ പതാകയേന്തിയത് അത്‌ലറ്റ് പർമ ബാനർജിയാണ്. 1920-ൽ ബെൽജിയത്തിലെ ആൻഡ്വെപിൽ നടന്ന ഒളിമ്പിക്‌സിലാണ് 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പർമ പതാകയേന്തിയത്. ഇതുവരെ 17 താരങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. അതിൽ എട്ടു പേർ ഒളിമ്പിക്‌സിൽ മെഡൽ നേടിയവരാണ്.

ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്‌സ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. എന്നാൽ ടോക്കിയോയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് നടത്തുന്നതിനിതിരെ പ്രതിഷേധം ഉയർന്നിരുന്നു.