- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോ ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോൾ: ബ്രസീലിന് വിജയത്തുടക്കം; ചൈനയെ തകർത്തത് എതിരില്ലാത്ത അഞ്ചു ഗോളിന്; ലോകചാമ്പ്യന്മാരായ അമേരിക്കയെ ഞെട്ടിച്ച് സ്വീഡൻ; ചിലിയെ കീഴടക്കി ബ്രിട്ടൻ
ടോക്യോ: ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തിന് അട്ടിമറിയോടെ തുടക്കം. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ആരംഭിച്ച വനിതാ ഫു്ടബോൾ മത്സരങ്ങളിൽ ലോക ചാമ്പ്യന്മാരും റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരുമായ അമേരിക്കയെ സ്വീഡൻ തകർത്തുവിട്ടു.
നാലു തവണ ഒളിംപിക്‌സ് സ്വർണം നേടിയിട്ടുള്ള അമേരിക്കയെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സ്വീഡൻ പരാജയപ്പെടുത്തിയത്. തുടർച്ചയായി 44 മത്സരങ്ങളിൽ പരാജയം അറിയാതെ ഒളിംപിക്‌സിന് എത്തിയ അമേരിക്കയെ നിഷ്പ്രഭമാക്കുന്നതായിരുന്നു സ്വീഡന്റെ പ്രകടനം.
ലോകത്തെ തന്നെ മികച്ച വനിതാ ഫുട്‌ബോൾ താരങ്ങൾ അണിനിരക്കുന്ന അമേരിക്കൻ ടീമിന് കടുത്ത ആഘാതമായി മത്സരം. ആദ്യ ഇലവനിൽ മേഗൻ റാപ്പിനോ ഇല്ലാതെയാണ് അമേരിക്ക ഇറങ്ങിയത്.
2016ലെ റിയോ ഒളിംപിക്‌സ് ക്വാർട്ടറിലും അമേരിക്കയെ സ്വീഡൻ അട്ടിമറിച്ചിരുന്നു. സ്റ്റിന ബ്ലാക്ക്‌സ്റ്റെനിയസിന്റെ ഇരട്ടഗോൾ മികവിലാണ് സ്വീഡൻ വിജയത്തുടക്കമിട്ടത്. ആദ്യ എട്ടു മിനിറ്റിനുള്ളിൽ തന്നെ ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ പായിച്ച് അഞ്ചാം റാങ്കുകാരായ സ്വീഡൻ അമേരിക്കയെ വിറപ്പിച്ചു. ആദ്യ പകുതിയിൽ മാത്രം അഞ്ച് ഷോട്ടുകളാണ് അമേരിക്കൻ ഗോളി തട്ടിയകറ്റിയത്.
25-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ബ്ലാക്ക്‌സ്റ്റെനിയസ് അമേരിക്കൻ വലയിൽ പന്തെത്തിച്ചു.54-ാം മിനിറ്റിൽ ബ്ലാക്ക്‌സ്റ്റെനിയസ് സ്വീഡന്റെ രണ്ടാം ഗോളും നേടി അമേരിക്കയെ പ്രതിരോധത്തിലാക്കി. ലിന ഹർട്ടിഗ് സ്വീഡന്റെ മൂന്നാം ഗോളും നേടി അമേരിക്കയുടെ പ്രതീക്ഷയിൽ അവസാന ആണിയുമടിച്ചു.
1996ലെ ഒളിംപിക്‌സിനുശേഷം 2016വരെ എല്ലാ ഒളിംപിക്‌സിലും അമേരിക്ക ഫൈനലിലെത്തിയിരുന്നു. എന്നാൽ റിയോയിൽ ക്വാർട്ടറിൽ സ്വീഡന് മുന്നിൽ അടിതെറ്റി. ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ സ്വീഡൻ അമേരിക്കയെ വീണ്ടും ഞെട്ടിച്ചു. ഈ വർഷം കളിച്ച 12 മത്സരങ്ങളിൽ 11ലും ജയിച്ച അമേരിക്ക ഒരു മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്. 2019നുശേഷം അമേരിക്കൻ ടീമിന്റെ ആദ്യ തോൽവിയാണിത്.
ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളിന് കീഴടക്കി കരുത്തരായ ബ്രസീൽ വിജയത്തുടക്കം കുറിച്ചു. ബ്രസീൽ താരം മാർത്ത ഇരട്ട ഗോളുമായി തിളങ്ങി. തുടർച്ചയായ അഞ്ചാം ഒളിമ്പിക്സിലാണ് താരം ഗോൾ നേടുന്നത്. മാർത്തയ്ക്ക് പുറമെ ഡെബിന, ആൻഡ്രെസ്സ, ബിയാട്രിസ് എന്നിവരും ബ്രസീലിനായി സ്‌കോർ ചെയ്തു.
അതേസമയം മറ്റൊരു മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡൻ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അമേരിക്കയുടെ തോൽവി.
ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബ്രിട്ടൻ ചിലിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു. എല്ലെൻ വൈറ്റാണ് ബ്രിട്ടന്റെ രണ്ടു ഗോളുകളും നേടിയത്.
സ്പോർട്സ് ഡെസ്ക്