- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളിയാഴ്ച ട്രാക്കുണരും; പുതിയ വേഗവും, ദൂരവും താണ്ടുവാൻ താരങ്ങൾ; ആകാംക്ഷ ബോൾട്ടിന്റെ പിൻഗാമിയെ അറിയാൻ; വനിത വിഭാഗത്തിൽ സ്റ്റാർ വാർ; ഇന്ത്യക്ക് പ്രതീക്ഷയായി 26 താരങ്ങൾ
ടോക്കിയോ: ലോക കായിക മാമാങ്കത്തിലെ ഏറ്റവും ആകർഷകമായ അത്‌ലറ്റിക്സിന് വെള്ളിയാഴ്ച തുടക്കമാവും. പുലർച്ചെ 5.30ന് വനിതകളുടെ 100 മീറ്റർ ഹീറ്റ്‌സോടെ ട്രാക്കുണരും. പുതിയ വേഗവും ദൂരവും താണ്ടുവാനൊരുങ്ങിയാണ് താരങ്ങൾ ട്രാക്കിലെ വെടിയൊച്ചയ്ക്കായി കാതോർക്കുക.
ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പിൻഗാമി ആരെന്നറിയാനുള്ള കാത്തിരിപ്പാണ് ഏറ്റവും ഉദ്വോഗം ജനിപ്പിക്കുന്നത്. അമേരിക്കയുടെ ബ്രോമൽ, റൂണി ബേക്കർ, ദക്ഷിണാഫ്രിക്കയുടെ സിംബെയ്ൻ എന്നിവരിലാണ് ആരാധകരുടെ ശ്രദ്ധ.
വനിതകളിൽ ജമൈക്കൻ ആധിപത്യം ഇത്തവണയും തുടരും. മൂന്നാം സ്വർണം ലക്ഷ്യമിട്ട് എത്തുന്ന ഷെല്ലി ആൻ ഫ്രേസറിന് സ്വന്തം നാട്ടുകാരായ എലെയ്ൻ തോംസണും ഷെറീക്ക ജാക്സണുമാണ് വെല്ലുവിളി. ജമൈക്കൻ താരങ്ങളായ മൂന്ന് പേരിൽ ആരാകും ഇത്തവണ വേഗറാണി എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ട്രാക്കിലും ഫീൽഡിലുമായി 48 ഇനങ്ങളിൽ അണിനിരക്കാൻ ആകെ 2038 താരങ്ങളാണ് ഇത്തവണ എത്തിച്ചേർന്നിരിക്കുന്നത്. 14 ഇനങ്ങളിലായി 26 താരങ്ങളാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങുന്നത്.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് മത്സരങ്ങളുടെ ഹീറ്റ്‌സാണ് ഇന്ത്യയുടെ ആദ്യ ഇനം. ഒപ്പം പുരുഷന്മാരുടെ ഹൈജമ്പ് മത്സരവും നടക്കും. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യക്കായി അവിനാഷ് സാബിൾ മത്സരിക്കും. ആദ്യ ദിനം ഉച്ചയ്ക്ക് ശേഷമുള്ള മൂന്ന് ഇനങ്ങളിൽ ഇന്ത്യൻ സാന്നിധ്യമുണ്ടാകും.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എംപി. ജാബിറും വനിതകളുടെ നൂറ് മീറ്റർ ഹീറ്റ്‌സിൽ ദ്യുതി ചന്ദും മത്സരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയുടെ ഹീറ്റ്‌സും ആദ്യ ദിനം ഉണ്ടാകും. മലയാളികളായ മുഹമ്മദ് അനസ്, അമൂജ് ജേക്കബ്, അരോക്യ രാജീവ്, നോഹ നിർമ്മൽ, നാഗനാദൻ പാൻഡി എന്നിവർ സാന്നിധ്യമാകും. ഫൈനൽ റൗണ്ടും മെഡലുമാണ് ടീമിന്റെ പ്രതീക്ഷ. പുരുഷന്മാരുടെ 10,000 മീറ്ററിൽ മാത്രം ആദ്യ ദിനം മെഡൽ നിർണയിക്കും.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിലൂടെ രണ്ടാം ദിനം ആരംഭിക്കും. രാവിലെ നടക്കുന്ന വനിതകളുടെ ഡിസ്‌കസ് ത്രോ യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്കായി കമൽപ്രീത് കൗറും സീമ പൂനിയയും പങ്കെടുക്കും. പുരുഷന്മാരുടെ 800 മീറ്റർ, വനിതകളുടെ നൂറ് മീറ്റർ ഹർഡിൽസ്, പുരുഷന്മാരുടെ നൂറ് മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിൽ ഇന്ത്യക്ക് സാന്നിധ്യമില്ല. പുരുഷന്മാരുടെ ലോങ് ജമ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യക്കായി എം. ശ്രീശങ്കർ മത്സരിക്കും. വനിതകളുടെ 100 മീറ്റർ ഫൈനലാണ് രണ്ടാം ദിനത്തിലെ പ്രധാന ഇനം. 4ഃ400 മീറ്റർ മിക്‌സഡ് റിലേയും രണ്ടാം ദിനം മെഡൽ നിർണയിക്കും.
മൂന്നാം ദിനമാകും വേഗമേറിയ പുരുഷ താരത്തെ കണ്ടെത്തുക. പുരുഷന്മാരുടെ ഹൈജമ്പ്, വനിതകളുടെ ട്രിപ്പിൾ ജമ്പ് എന്നീ ഫൈനലുകളും മൂന്നാം ദിനം ഉണ്ടാകും. നാലാം ദിനമാണ് എം. ശ്രീശങ്കർ പങ്കെടുക്കുന്ന പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനൽ. വനിതകളുടെ 200 മീറ്റർ ഹീറ്റ്‌സിൽ ഇന്ത്യൻ പ്രതീക്ഷയായി ദ്യുതി ചന്ദ് ഇറങ്ങും. നാലാം ദിനം അഞ്ച് ഫൈനലുകളാണ് ഉള്ളത്. രണ്ടെണ്ണത്തിൽ ഇന്ത്യൻ പ്രതീക്ഷകളുണ്ട്. അഞ്ചാം ദിനം വനിതകളുടെ ജാവലിൻ ത്രോയിൽ അനു റാണി പങ്കെടുക്കും.
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യക്കായി തജീന്ദർ പാൽ സിങ് പങ്കെടുക്കും. വനിതകളുടെ 800 മീറ്റർ ഫൈനലും 200 മീറ്റർ ഫൈനലും അഞ്ചാം ദിനത്തിന്റെ പ്രത്യേകതകളാണ്. ആറാം ദിനം പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രക്കൊപ്പം ശിവപാൽ സിങ്ങും ഇന്ത്യൻ സാന്നിധ്യമാകും. പുരുഷന്മാരുടെ 200 മീറ്റർ ഫൈനലാണ് ആറാം ദിനം ശ്രദ്ധേയമാകുക. ഏഴാം ദിനം ട്രാക്കിൽ ഇന്ത്യയുടെ ഏക സാന്നിധ്യം പുരുഷന്മാരുടെ 20 കിമീ. നടത്തമാണ്. കെ.ടി. ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില്ല എന്നിവർ പങ്കെടുക്കും. എട്ടാം ദിനം പുരുഷന്മാരുടെ 50 കി.മീ. നടത്തവും വനിതകളുടെ 20 കിമീ. നടത്തവുമുണ്ടാകും. പുരുഷന്മാരിൽ ഗുർപ്രീത് സിങ്ങും വനിതകളിൽ ഭാവ്‌ന ജത്, പ്രിയങ്ക ഗോസ്വാമി എന്നിവർ മത്സരിക്കും.
വനിതകളുടെ ജാവലിൻ ത്രോ ഫൈനലും എട്ടാം ദിനം ഉണ്ടാകും. പുരുഷന്മാരുടെയും വനിതകളുടെയും 4ഃ100 മീറ്റർ റിലേ വിജിയികളെയും എട്ടാം ദിനം അറിയാം. ഒമ്പതാം ദിനം ഇന്ത്യക്ക് പ്രധാനമായി രണ്ട് ഫൈനലുകളുണ്ട്. ജാവലിൻ ത്രോയിലും പുരുഷന്മാരുടെ 4ഃ400 മീറ്റർ റിലേയിലും. ഫോം തുടർന്നാൽ നീണ്ട കാത്തിരിപ്പിന് ശേഷം ട്രാക്കിൽ ഇന്ത്യക്കൊരു മെഡൽ നീരജ് ചോപ്രയിലൂടെ എത്തും. ഒമ്പതാം ദിനം ആകെ ഏഴ് ഫൈനലുകളാണ് ഉള്ളത്. പുരുഷന്മാരുടെ 1500 മീറ്ററും വനിതകളുടെ ഹൈജമ്പുമുണ്ട്. ഓഗസ്റ്റ് എട്ടിന് ഞായറാഴ്ച പുരുഷന്മാരുടെ മാരത്തണിലൂടെയാകും ഒളിമ്പിക്‌സിൽ ട്രാക്ക് ഇനങ്ങൾ അവസാനിക്കുക.
സ്പോർട്സ് ഡെസ്ക്