- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം തളർത്താത്ത പോരാട്ട വീര്യം; അറുപത്തി രണ്ടാം വയസിലും മെഡൽ നേട്ടവുമായി ഓസ്‌ട്രേലിയൻ കുതിരയോട്ടക്കാൻ ആൻഡ്രു ഹോയി; ഇന്ത്യക്ക് മേരി കോം എന്ന പോലെ ഫിൻലൻഡിനായി മിറാ പോട്ട്കോനൻ; ഒളിംപിക് ബോക്സിംഗിൽ മെഡൽ നേട്ടം നാൽപതാം വയസിൽ; പാരിസും ഇവർക്കായി കാത്തിരിക്കുന്നു
ടോക്യോ: കൗമാരക്കാരുടെ സ്വർണവേട്ട കണ്ട് വിസ്മയിച്ച ടോക്യോ ഒളിമ്പിക്‌സിൽ പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി മെഡൽ നേടി അഭിമാന താരങ്ങളായി മാറുകയാണ് ഓസ്‌ട്രേലിയൻ കുതിരയോട്ടക്കാരൻ ആൻഡ്രു ഹോയിയും ഫിൻലന്ഡിന്റെ ബോക്‌സിങ് താരം മിറാ പോട്ട്കോനനും.
അറുപത്തിരണ്ടാം വയസിലും രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടുന്ന ആൻഡ്രു ഹോയി എട്ടാം ഒളിംപിക്സിനായാണ് ടോക്യോയിലെത്തിയത്. ഇക്കുറി ഇരട്ട മെഡലുമായി ഹോയി ഒളിംപിക്സ് ചരിത്രത്തിൽ 1968ന് ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി.
തല നരയ്ക്കാത്തതുകൊണ്ടല്ല ഹോയി കുതിരക്കളം വിടാത്തത്. കുതിരയോട്ടം അയാൾക്ക് അത്രയേറെ പ്രിയപ്പെട്ടതായതുകൊണ്ടാണ്. മൂന്ന് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം. ഒളിംപിക്സിൽ ഹോയി വാരിക്കൂട്ടിയ മെഡലുകളാണിത്. ടോക്യോയിൽ ടീമിനത്തിൽ വെള്ളിയും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടിയാണ് ഇത്തവണ വിസ്മയിപ്പിച്ചത്.
1984ൽ ലോസ് എയ്ഞ്ചലസിലാണ് ഹോയി ആദ്യമായി ഒളിംപിക്സിനെത്തുന്നത്. 1992ൽ ആദ്യ സ്വർണം. അറുപത്തിയൊന്നാം വയസിൽ വെങ്കല മെഡൽ നേടിയ ബിൽ റോയ്ക്രാഫ്റ്റിന്റെ പേര് വെട്ടിയാണ് ഹോയി ഇപ്പോൾ ഓസ്ട്രേലിയയുടെ ഒളിംപിക് ചരിത്രത്തിൽ ഇടംപിടിച്ചത്. ടോക്യോയിക്ക് ശേഷം എന്ത് എന്ന് ചോദിച്ചാൽ ഹോയിക്ക് സംശയമേ ഇല്ല. അടുത്ത ഒളിംപിക്സിനായി പാരീസിലും ഹോയി കണ്ടെക്കാം. മെഡലുകളിലേക്ക് കുതിച്ചുപായാൻ, കുതിരപ്പുറത്ത് ഇനിയും വിസ്മയം തീർക്കാൻ ഹോയി എത്തിച്ചേരുമെന്ന് ഉറപ്പ്.
ഒളിംപിക്സിൽ ബോക്സിങ്ങിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരമായാണ് ഇത്തവണ ഫിൻലൻഡ് താരം മിറ പോട്ട്കോനൻ മാറിയത്. ഈ ഒളിംപിക്സിൽ ഫിൻലണ്ടിന്റെ ആദ്യ മെഡലാണ് 40-കാരിയായ മിറ ഉറപ്പാക്കിയത്. വനിതകളുടെ ലൈറ്റ്‌വെയ്റ്റ് ഇനത്തിൽ സെമി ഫൈനലിൽ എത്തിയതോടെയാണിത്.
ഇന്ത്യയ്ക്ക് മേരി കോം എങ്ങനെയാണോ, അതുപോലെ ഫിൻലന്ഡിന് പ്രിയങ്കരിയാണ് മിറാ പോട്ട്കോനൻ. ഒളിംപിക് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ബോക്സിങ് താരം. രാജ്യത്തിന്റെ അഭിമാനം. രണ്ടുകുട്ടികളുടെ അമ്മ കൂടിയാണ് അവർ.
ഇപ്പോഴും മിറയുടെ കരുത്തിനും ആവേശത്തിനും ഒട്ടും കുറവില്ല. തുർക്കിയുടെ എസ്റ്റ യിൽഡിസിനെ പരാജയപ്പെടുത്തിയാണ് ടോക്യോയിൽ ടോക്കിയോയിൽ മിറ മെഡലുറപ്പിച്ചത്. ബോക്സിങ് താരങ്ങൾ വിരമിക്കുന്ന 28ാം വയസിലാണ് മിറ പരിശീലനം തുടങ്ങുന്നത്. അധികനാൾ നീണ്ടു നിൽക്കില്ലെന്ന് പറഞ്ഞവരോട് രാജ്യാന്തര മത്സരങ്ങളുടെ ഇടിക്കൂട്ടിൽ നിന്ന് മറുപടി പറഞ്ഞു മിറ.
ലോകത്തെ എക്കാലത്തെയും മികച്ച ബോക്സറായ മൈവ ഹമാഡോച്ചേയെ റിയോയിൽ പരാജയപ്പെടുത്തിയപ്പോൾ കിട്ടിയത് വെങ്കലം. അതാെരു വിരമിക്കൽ പോരാട്ടമെന്ന് ലോകം കരുതി. എന്നാൽ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അതിജീവിച്ച് മിറ ഇടിക്കൂട്ടിൽ തിരിച്ചെത്തി.
സാധാരണ ബോക്സിങ്ങിൽ നാൽപതു വയസുകഴിഞ്ഞാൽ മത്സരിക്കാൻ പാടില്ലെന്ന നിയമം ഉണ്ട്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ട ഒളിംപിക്സ് മാറ്റിവച്ചതോടെയാണ് മിറയ്ക്ക് മൽസരിക്കാൻ അവസരം ലഭിച്ചത്
ടോക്യോ ഒളിംപിക്സിൽ 15 സ്വർണമടക്കം ആകെ 35 മെഡലുകളുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്താണ്. 32 സ്വർണമുൾപ്പടെ 69 മെഡലുകളുള്ള ചൈന ഒന്നാമതും 25 സ്വർണമടക്കം 76 മെഡലുകളുമുള്ള അമേരിക്ക രണ്ടാം സ്ഥാനത്തും തുടരുന്നു. 20 സ്വർണമുൾപ്പടെ 39 മെഡലുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്.
സ്പോർട്സ് ഡെസ്ക്