- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോയിൽ പ്രതീക്ഷകൾ പൊന്നായില്ല; വനിതാ ബാഡ്മിന്റൻ സെമിയിൽ പി വി സിന്ധുവിന് തോൽവി; ചൈനീസ് തായ് പേയി താരം തായ് സു യിങ്ങിനോട് പരാജയപ്പെട്ടത് നേരിട്ടുള്ള ഗെയിമുകൾക്ക്; വെങ്കല മെഡലിനായി മത്സരിക്കും
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായിരുന്ന പി.വി സിന്ധു വനിതാ വിഭാഗം ബാഡ്മിന്റനിൽ ഫൈനൽ കാണാതെ പുറത്ത്. സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്.
നേരിട്ടുള്ള ഗെയിമുകൾക്കാണ് തായ് സു യിങ്ങിന്റെ വിജയം. സ്കോർ: 21-18, 21-12. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷ അവസാനിച്ചു. റിയോ ഒളിംപിക്സിൽ സിന്ധുവിനോടേറ്റ തോൽവിക്ക് പകരം വീട്ടിയാണ് ടോക്കിയോയിൽ തായ് സു യിങ്ങിന്റെ വിജയം.
കഴിഞ്ഞ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയ സിന്ധുവിന് ആ മികവ് ഇന്നത്തെ മത്സരത്തിൽ പുറത്തെടുക്കാനായില്ല. തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തിൽ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെൻ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി. ചൈനീസ് താരങ്ങൾ തമ്മിലുള്ള ആദ്യ സെമിയിൽ ഹി ബിങ് ജിയാവോയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ചെൻ യു ഫെയി വീഴ്ത്തിയത് സ്കോർ: 21-16, 13-21, 21-12.
മത്സരത്തിലുടനീളം തായ്പേയ് താരം ആധിപത്യം പുലർത്തി. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ സിന്ധു ലീഡെടുത്തെങ്കിലും പിന്നീട് തിരിച്ചടിച്ച സു യിങ് സ്കോർ 13-13 എന്ന നിലയിൽ എത്തിച്ചു. പിന്നാലെ മികച്ച കളി പുറത്തെടുത്ത ലോക ഒന്നാം നമ്പർ താരം സിന്ധുവിനെ വീഴ്ത്തി ആദ്യ ഗെയിം 21-18 ന് സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ സിന്ധുവിന് പൊരുതാൻ പോലും സാധിച്ചില്ല. ഇന്ത്യൻ താരത്തിന്റെ ബലഹീനതകൾ കൃത്യമായി കണ്ടെത്തിയ സു യിങ് അനായാസം രണ്ടാം സെറ്റും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി.
സിന്ധുവിനെതിരേ മികച്ച റെക്കോഡുള്ള താരമാണ് തായ് സുയിങ്. അവസാനം ഏറ്റുമുട്ടിയ മൂന്നുതവണയും വിജയം തായ്പേയ് താരത്തിനൊപ്പമായിരുന്നു. അവസാനം ഇരുവരും ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷമാണ്. അന്ന് എച്ച്.എസ്.ബി.സി ബി.ഡബ്ല്യു.എഫ് വേൾഡ് ടൂറിൽ നടന്ന മത്സരത്തിൽ 21-16, 21-16 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. അതേസമയം കഴിഞ്ഞ ഒളിമ്പിക്സിൽ തായ് സു യിങ്ങിനെ പരാജയപ്പെടുത്താൻ സിന്ധുവിന് കഴിഞ്ഞു.
ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ സ്ഥാനത്ത് നിന്ന വനിതാതാരം എന്ന റെക്കോഡ് തായ് സു യിങ്ങിന്റെ പേരിലാണ്. എന്നിട്ടും താരത്തിനിതുവരെ ഒരു ഒളിമ്പിക് മെഡലോ ഒരു ലോക ചാമ്പ്യൻഷിപ്പോ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഈ വിജയത്തോടെ സു യിങ് കരിയറിലെ ആദ്യ ഒളിമ്പിക് മെഡൽ ഉറപ്പിച്ചു.
സ്പോർട്സ് ഡെസ്ക്