ടോക്യോ: ഒളിംപിക്‌സ് ഫുട്‌ബോൾ സെമി പോരാട്ടത്തിൽ മെക്‌സിക്കോയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി നിലവിലെ സ്വർണമെഡൽ ജേതാക്കളായ ബ്രസീൽ ഫൈനലിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിതമായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 4-1നാണ് ബ്രസീലിന്റെ ജയം. ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിന് രണ്ടാം പകുതിയിൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

ജപ്പാൻ-സ്പെയിൻ രണ്ടാം സെമിയിലെ ജേതാക്കളാവും കലാശപ്പോരിൽ നിലവിലെ സ്വർണമെഡൽ ജേതാവായ ബ്രസീലിന്റെ എതിരാളികൾ. നിശ്ചിതസമയവും എക്സ്ട്രാ ടൈമും അടക്കം 120 മിനിറ്റും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.

നിശ്ചിത സമയത്ത് ഡാനി ആൽവെസിന്റെ ക്രോസിൽ റിച്ചാലിസന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നെങ്കിൽ നിശ്ചിത സമയത്തു തന്നെ ബ്രസീൽ ജയിച്ചു കയറിയേനെ. പിന്നീട് അധിക സമയത്തും ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

ഇരു ടീമുകളും ഒരുപോലെ അവസരങ്ങൾ തുലയ്ക്കുന്നത് കണ്ടാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. ഒന്നാം പകുതിയിൽ മെക്സിക്കോയ്ക്ക് രണ്ട് അവസരങ്ങൾ ലഭിച്ചു. ഒന്ന് ഗോളി രക്ഷപ്പെടുത്തിയപ്പോൾ ഒന്ന് പോസ്റ്റിന് ഏറെ അകലെ പറന്നുപാഴായി. ഇരുപത്തിയേഴാം മിനിറ്റിൽ ബ്രസീലിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും വാറിൽ റഫറി തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.

ബ്രസീലിനായി ആദ്യ കിക്കെടുത്ത ഡാനി ആൽവേസ് സ്‌കോർ ചെയ്തു. എന്നാൽ മെക്‌സിക്കോയുടെ ആദ്യ കിക്കെടുത്ത എഡ്വോർഡോക്ക് പിഴച്ചു. എഡ്വേർഡോയുടെ കിക്ക് ബ്രസീൽ ഗോളഅ കീപ്പർ സാന്റോസ് തടുത്തിട്ടു. ബ്രസീലിന്റെ രണ്ടാം കിക്കെടുത്ത മാർട്ടിനെല്ലിയും സ്‌കോർ ചെയ്തു. മെക്‌സിക്കോയുടെ രണ്ടാം കിക്കെടുത്ത വാസ്‌ക്വസിനും പിഴച്ചു. വാസ്‌ക്വസിന്റെ കിക്ക് ക്രോസ് ബാറിൽ തട്ടി തെറിച്ചു.

ബ്രസീലിന്റെ മൂന്നാം കിക്ക് ബ്രൂണോ ഗോളാക്കി. മെക്‌സിക്കോയുടെ മൂന്നാം കിക്കെടുത്ത റോഡ്രിഗസ് സ്‌കോർ ചെയ്തു. ബ്രസീലിന്റെ നാലാം കിക്കെടുത്ത റായ്‌നറും സ്‌കോർ ചെയ്തതോടെ 4-1ന് ബ്രസീൽ ഫൈനലിലെത്തി. സ്‌പെയിൻ-ജപ്പാൻ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ. ഒളിമ്പിക്സിൽ ഇതുവരെയായി ഒരു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ബ്രസീലിന്റെ സമ്പാദ്യം.