ടോക്യോ: ഒളിമ്പിക്‌സിൽ മൂന്നുവട്ടം സ്വർണം നേടിയ ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമി ബർത്ത് ഉറപ്പിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ നേട്ടത്തിൽ ആഹ്ലാദത്തിലാണ് രാജ്യം. ചരിത്ര നേട്ടത്തിലെത്താൻ സാധിച്ച ഇന്ത്യൻ വനിതാ താരങ്ങൾക്ക് എങ്ങുനിന്നും ആശംസകൾ നിറയുകയാണ്.

മൂന്നാം തവണ മാത്രം ഒളിമ്പിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റേത് ചരിത്രപരമായ നേട്ടമാണ്. തിങ്കളാഴ്ച രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യൻ വനിതാ ടീം ജയം നേടിയത്.

ഗൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന ഓസ്‌ട്രേലിയക്ക് ഗ്രൂപ്പിൽ ആദ്യ മൂന്ന് കളി തോറ്റ് അവസാന രണ്ട് കളികളിൽ ജയിച്ച് ഭാഗ്യത്തിന്റെ അകമ്പടിയോടെ ക്വാർട്ടറിലെത്തിയ ഇന്ത്യൻ വനിതകൾ ഒരു എതിരാളികളേ അല്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

എന്നാൽ അസാധ്യമായത് സാധ്യമാക്കിയ റാണി രാംപാലും കൂട്ടരും ഒളിപിക്‌സ് വനിതാ ഹോക്കിയിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഇന്ന് നടത്തിയത്. ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഇന്ത്യൻ വനിതകൾ ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് ഹോക്കിയുടെ സെമിയിലെത്തിയപ്പോൾ അത് ഇന്ത്യൻ പരിശീലകനായ സ്‌ജോർ മാരിജ്‌നെയ്ക്ക പോലും വിശ്വസിക്കാനായില്ലെന്നാതാണ് വസ്തുത.

ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഹോക്കി ഒളിമ്പിക്സിന്റെ സെമിയിൽ കടക്കുന്നത്. അഭിമാന ജയത്തിനു പിന്നാലെ ടീം കോച്ച് സോയർദ് മരീയ്ന്റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരശേഷം ഗെയിംസ് വില്ലേജിലേക്കു മടങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

 

എന്നാൽ ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് ആരാധകർ ഏറ്റെടുത്തത്. സ്വന്തം കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ ''പ്രിയപ്പെട്ടവരേ നിങ്ങൾ ക്ഷമിക്കണം; ഞാൻ വരാൻ ഇനിയും വൈകും'' എന്നാണ് മരീയ്ൻ ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ടീമിന്റെ അപ്രതീക്ഷിത സെമി പ്രവേശനത്തിലെ ആഹ്ളാദവും സെമി, ഫൈനൽ മത്സരങ്ങൾ ശേഷിക്കുന്നുവെന്ന ഓർമപ്പെടുത്തലുമാണ് കോച്ചിന്റെ വാക്കുകളിലുള്ളത്.

ഹോളണ്ട് കാരനായ മരീയ്ൻ 2019-ലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്്. നേരത്തെ ഹോളണ്ട് വനിതാ ടീമിന്റെയും പരിശീലകനായി ഈ 47-കാരൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.

മാരിജ്‌നെയുടെ ട്വീറ്റിന് ബോളിവുഡ് സൂപ്പർ താരവും ഛക് ദേ ഇന്ത്യയെന്ന ചിത്രത്തിൽ കബീർ ഖാനെന്ന ഹോക്കി പരിശീലകന്റെ വേഷം ചെയ്ത ഷാരൂഖ് ഖാന്റെ പ്രതികരണവും രസകരമായിരുന്നു. കുറച്ചു വൈകിയാലും വേണ്ടില്ല, സ്വർണവുമായി വന്നാൽ മതിയെന്നായിരുന്നു കിങ് ഖാന്റെ പ്രതികരണം.