ടോക്യോ: വനിതകളുടെ ഡിസ്‌കസ്ത്രോ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ കമൽപ്രീത് കൗറിന് മെഡൽ നേടാനായില്ല. ഫൈനലിൽ ആറാം സ്ഥാനമാണ് ഇന്ത്യൻ താരത്തിന് നേടാനായത്. മൂന്നാം റൗണ്ടിൽ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമൽപ്രീതിന്റെ മികച്ച പ്രകടനം. കമൽപ്രീതിന്റെ ആറ് ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളായി.

ആദ്യ ശ്രമത്തിൽ 61.62 മീറ്റർ ദൂരം പിന്നിട്ട കമൽപ്രീതിന്റെ രണ്ടാം ശ്രമം ഫൗളായി. മഴമൂലം ഡിസ്‌കസ് ത്രോ മത്സരം കുറച്ചു നേരം നിർത്തിവെച്ചശേഷം എറിഞ്ഞ മൂന്നാം ശ്രമത്തിൽ 63.70 മീറ്റർ ദൂരം പിന്നിട്ട കമൽപ്രീതിന് പിന്നീട് അത് മെച്ചപ്പെടുത്താനായില്ല.

കമൽപ്രീതിന് യോഗ്യതാറൗണ്ടിലെ പ്രകടനം പുറത്തെടുക്കാനായില്ല. 66.59 ആണ് കമൽപ്രീതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ആ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ താരത്തിന് വെങ്കലവുമായി മടങ്ങാമായിരുന്നു.

മൂന്നാം റൗണ്ടിൽ 63.70 മീറ്റർ താണ്ടിക്കൊണ്ട് താരം അവസാന എട്ടിലേക്ക് പ്രവേശനം നേടി. ആറാം സ്ഥാനക്കാരിയായാണ് കമൽപ്രീത് അവസാന എട്ടിൽ പ്രവേശനം നേടിയത്. ഫൈനലിലെ താരത്തിന്റെ മികച്ച പ്രകടനവും ഇതുതന്നെ.

കമൽ പ്രീതിന്റെ അവസാന എട്ടിൽ കയറിയ ശേഷമുള്ള ആദ്യ ശ്രമം തന്നെ ഫൗളിൽ കലാശിച്ചു. രണ്ടാം ശ്രമത്തിൽ 61.37 മീറ്റർ മാത്രമാണ് നേടാനായത്. അവസാന ശ്രമത്തിൽ 65.73 മീറ്റർ ദൂരം കണ്ടെത്തിയാൽ മാത്രമേ ഇന്ത്യൻ താരത്തിന് വെങ്കല മെഡലെങ്കിലും നേടാനാകൂ എന്ന അവസ്ഥ വന്നു. എന്നാൽ കമൽപ്രീതിന്റെ അവസാന ശ്രമം ഫൗളിൽ കലാശിച്ചു. ഇതോടെ താരം ആറാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു.

ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം താണ്ടിയ അമേരിക്കയുടെ വലാറൈ ഓൾമാനാണ് സ്വർണം നേടിയത്. 66.86 മീറ്റർ ദൂരം പിന്നിട്ട ജർമനിയുടെ ക്രിസ്റ്റിൻ പുഡെൻസ് വെള്ളിയും 65.72 മീറ്റർ ദൂരം എറിഞ്ഞ ക്യൂബയുടെ യൈമെ പെരസ് വെങ്കലവും നേടി.

യോഗ്യതാ റൗണ്ടിൽ 64.00 മീറ്റർ ദൂരം കണ്ടെത്തിയാണ് കമൽപ്രീത് കൗർ ഫൈനലിന് യോഗ്യത നേടിയത്. തന്റെ അവസാന ശ്രമത്തിലായിരുന്നു യോഗ്യതാ റൗണ്ടിൽ കമൽപ്രീത് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഫൈനലിന് യോഗ്യത നേടിയത്.

യോഗ്യതാ റൗണ്ടിലും അമേരിക്കയുടെ വലേറി ഓൾമാൻ തന്നെയായിരുന്നു മുന്നിലെത്തിയത്. ആദ്യ ശ്രമത്തിൽ 66.42 ദൂരമാണ് യോഗ്യതാ റൗണ്ടിൽ ഓൾമാൻ പിന്നിട്ടത്. 70.01 മീറ്ററാണ് ഓൾമാന്റെ കരിയറിലെ മികച്ച ദൂരം. കരിയറിൽ 71.41 മീറ്റർ പിന്നിട്ടിട്ടുള്ള ക്രൊയേഷ്യയുടെ സാന്ദ്ര പെർക്കോവിച്ച് ഫൈനലിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 65.01മീറ്ററാണ് പെർക്കോവിച്ച് ഫൈനലിൽ എറിഞ്ഞത്.