- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ പ്രതിഭ; മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം ചരിത്രനേട്ടത്തിൽ; റിയോയിലെ വെള്ളിമെഡലിന് പിന്നാലെ ടോക്യോയിൽ വെങ്കലവും; മറ്റൊരു ഇന്ത്യൻ വനിതയും എത്തിപ്പിടിക്കാത്ത നേട്ടത്തിൽ സിന്ധു
ഹൈദരാബാദ്: കഴിഞ്ഞ റിയോ ഡി ജനീറോയിൽ നിന്നും നിന്നും ടോക്യോയിലേക്ക് വിരുന്നെത്തിയ ലോക കായിക മാമാങ്കത്തിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷ പി വി സിന്ധുവിലായിരുന്നു. ബാഡ്മിന്റൻ വനിതാ വിഭാഗത്തിൽ റിയോയിൽ കൈവിട്ട സ്വർണം ഇത്തവണ ടോക്യോയിൽ നേടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
സെമിയിൽ അവസാന നിമിഷം വരെ പൊരുതി ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് പരാജയപ്പെട്ട് പുറത്താകുമ്പോൾ സിന്ധു നിരാശ മറച്ചുവച്ചിരുന്നില്ല. തന്റെ ദിവസമല്ലായിരുന്നു എന്ന് പറയുമ്പോഴും അവസാന നിമിഷം വരെ പൊരുതിയെന്നും സിന്ധു പറഞ്ഞു. ജയിക്കാനാവാത്തതിലും ഫൈനലിലെത്താൻ കഴിയാത്തതിലുമുള്ള വിഷമം തുറന്നു പറഞ്ഞ സിന്ധു രാജ്യത്തിനായി വെങ്കല മെഡൽ നേടാനുള്ള അവസരം വീരോചിതമായ പോരാട്ടത്തിലൂടെ ലക്ഷ്യത്തിലെത്തിക്കുന്നതാണ് ഞായറാഴ്ച കണ്ടത്.
തൊട്ടു തലേ ദിവസം സെമി ഫൈനലിൽ പൊരുതി കീഴടങ്ങിയപ്പോഴും കൈവിടാതിരുന്ന പോരാട്ടവീര്യം ചൈനീസ് താരത്തിനെതിരെ ഇന്ന് പുറത്തെടുത്തു. തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന ചരിത്ര നേട്ടത്തിലേക്കാണ് സിന്ധു മുന്നേറിയത്. റിയോയിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ഗുസ്തി താരം സുശീൽ കുമാർ മാത്രമേ ഇന്ത്യയിൽ നിന്ന് രണ്ട് ഒളിംപിക്സ് മെഡലുകൾ നേടിയിട്ടുള്ളൂ.
ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരിയായ സിന്ധു അനായാസമാണ് ഒൻപതാം റാങ്കുകാരിയായ ചൈനീസ് താരത്തെ മറികടന്നത്. ടൂർണമെന്റിലുടനീളം വിജയിച്ച മത്സരങ്ങളിലെല്ലാം സിന്ധു ഒറ്റ സെറ്റുപോലും വിട്ടുനൽകിയിട്ടില്ല എന്ന പ്രത്യേകതയുണ്ട്. അത് വെങ്കലമെഡലിനായുള്ള മത്സരത്തിലും കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചു.
റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ നേട്ടത്തോടെയാണ് ഇന്ത്യൻ കായിക ആരാധകരുടെ മനസിലേക്ക് പിവി സിന്ധു നടന്നു കയറിയത്. സൈന നെഹ്വാളിന്റെ നിഴലിൽ നിന്നും അന്ന് പുറത്തു കടന്ന പി വി സിന്ധു പിന്നാലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതി സ്വന്തമാക്കി.
പുസരല വെങ്കട സിന്ധു എന്നാണ് പി വി സിന്ധുവിന്റെ മുഴുവൻ പേര്. 130 കോടിയുടെ അഭിമാനം ഉയർത്തിയ പേര് കൂടിയാണ് സിന്ധു എന്നത്. ബാറ്റ് പിടിക്കാൻ പഠിപ്പിച്ച ഗുരുക്കന്മാരേക്കാൾ മുകളിലാണ് ഇപ്പോൾ ഈ പെൺകുട്ടിയുടെ സ്ഥാനം. നേരത്തെ രണ്ട് ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല മെഡൽ സ്വന്തമാക്കിയ ഏക ഇന്ത്യൻ താരമായിരുന്ന സിന്ധു. സ്വർണ്ണമാക്കി മാറ്റി.
ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ 130-ൽ ഏറെ വരുന്ന ഒരു ജനതയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. അഞ്ചു വർഷം മുമ്പ് റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ താരം ഇത്തവണ ടോക്യോയിൽ വെങ്കലവും കഴുത്തിലണിഞ്ഞിരിക്കുന്നു. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം.
പ്രകാശ് പദുക്കോണിനും ഗോപിന്ദിനും സൈന നേവാളിനുമൊന്നും കൈയെത്തിപ്പിടിക്കാാനാവാതെ പോയ സ്വപ്നതുല്ല്യമായ നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ഏക ഇന്ത്യൻ ബാഡ്മിന്റൺ താരമായ സിന്ധു ടോക്യോയിൽ മറ്റൊരു ചരിത്രം കൂടി സ്വന്തമാക്കിയിരിക്കുന്നു.
വോളിബോളിന്റെ ഇടിമുഴക്കം നിറഞ്ഞുനിന്ന വീട്ടിൽ ജനിച്ചിട്ടും ബാഡ്മിന്റൺ കോർട്ടിൽ ചരിത്രമെഴുതാനായിരുന്നു സിന്ധുവിന്റെ നിയോഗം. തൊണ്ണൂറുകളിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ 26-കാരി.
കായിക രംഗത്തു നിന്നുള്ള മാതാപിതാക്കളുടെ പാതയിൽ തന്നെയാണ് സിന്ധുവും ഷട്ടിൽബാറ്റേന്തിയത്. തൊണ്ണൂറുകളിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് സിന്ധു. വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോർട്ടിൽ വച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താൻ സ്പോർട്സിൽ എത്തിയതെന്ന് സിന്ധു ആണയിടുന്നു.
പക്ഷെ, സിന്ധുവിൽ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റൺ അഭ്യസിച്ചുതുടങ്ങിയത്.
വോളിബോൾ കളിക്കാൻ എത്തിയ അച്ഛനൊപ്പം സിന്ധു എത്തി. പിന്നീട് ബാഡ്മിന്റൺ കോർട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവൾ സ്വയം തിരഞ്ഞെടുത്ത വഴിയാണെന്നാണ് പിതാവ് പറയുന്നത്.
'വൈകുന്നേരം വോളി കളിക്കാൻ ഞാൻ ഗ്രൗണ്ടിൽ ചെല്ലും. അതു കണ്ടിരിക്കുമ്പോൾ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റൺ കോർട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവൾ സ്വയം തിരഞ്ഞെടുത്ത വഴി.' രമണ പറയുന്നു.
ബ്രിട്ടനിൽ താമസമാക്കിയ മലയാളിയായ പരിശീലകൻ ടോം ജോൺ ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ ക്യാമ്പ് നടത്തിയപ്പോൾ സിന്ധുവിനെ അവിടെ ചേർത്തു. ടോമിലൂടെയാണ് സിന്ധിവിലെ താരത്തെ കണ്ടെത്തുന്നത്. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയും മകളെ ആ വഴിയിൽ പറഞ്ഞുവിട്ടു.
പിന്നീട് ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തു. ഗോപിയുടെ കീഴിൽ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. എന്നാൽ അന്നൊക്കെ മെഡൽ സാധ്യത ലക്ഷ്യമിട്ട് സൈനയ്ക്കായിരുന്നു കൂടുതൽ പരിഗണന കിട്ടയത്. പിന്നീട്, സൈന വഴിപിറഞ്ഞപ്പോഴാണ് സിന്ധുവിലേക്ക് ഗോപി കൂടുതൽ ശ്രദ്ധിച്ചതും. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിക്കുന്ന രീതി ഗോപിചന്ദിനൊപ്പം സിന്ധു പരിശീലിച്ചു.
സിന്ധുവിനെ പൂർണമായും ബാഡ്മിന്റണിനായി വിട്ടുകൊടുത്തു. രമണയുടെ സുഹൃത്തു കൂടിയായ ഗോപീചന്ദാണ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. ''ഗോപിസാർ പെട്ടെന്ന് നമ്മുടെ പിഴവുകൾ മനസ്സിലാക്കും. അതിലേറെ വേഗം അതു തിരുത്തിയും തരും. അദ്ദേഹത്തിന്റെ ടിപ്സുകൾ വിലമതിക്കാനാവാത്തതാണ്. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിക്കുന്ന രീതി അദ്ദേഹത്തിനൊപ്പമെത്തിയപ്പോഴാണ് ഞാൻ പഠിച്ചത്.'' - സിന്ധു ഒരിക്കൽ പറഞ്ഞു.
തുടർച്ചയായ രണ്ട് വർഷങ്ങളിൽ നേടിയ ലോകചാമ്പ്യൻഷിപ്പിലെ വെങ്കല നേട്ടവുമായാണ് സിന്ധു കരുത്തറിയിച്ചത്. 2013ൽ ഗ്വാങ്ഷുവിലും 2014ൽ കോപ്പൻഹേഗനിൽ വച്ചുമാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും രണ്ടു തവണ ഊബർ കപ്പിലും 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലും 2014 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലവും സിന്ധു നേടി.
2019-ൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സിന്ധു 2017, 2018 വർഷങ്ങളിൽ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. 2013, 2014 വർഷങ്ങളിൽ വെങ്കലവും നേടിയ സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡൽ നേടുന്ന ഒരേയൊരു ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്