ടോക്യോ: ടോക്യോ ഒളിപിക്‌സിലെ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സായ് പ്രണീത് രണ്ടാം തോൽവി വഴങ്ങി പുറത്ത്. ഗൂപ്പ് ഡിയിലെ രണ്ടാം സിംഗിൾസ് മത്സരത്തിൽ നെതർലന്റ്സ് താരം മാർക് കാൽജോവിനോട് സായ്പ്രണീത് പരാജയപ്പെട്ടു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പതിമൂന്നാം സീഡായ ഇന്ത്യൻ താരത്തിന്റെ തോൽവി. സ്‌കോർ: 21-14, 21-14.

രണ്ട് ഗെയിമുകളിലും തുടക്കത്തിൽ ലീഡെടുത്തശേഷമാണ് പ്രണീത് മത്സരം അടിയറവെച്ചത്. എതിരാളിയുടെ വേഗത്തിനൊപ്പം പിടിച്ചു നിൽക്കാനാവാതെയാണ് പ്രണീത് രണ്ടാം മത്സരവും അടിയറവെച്ചത്.

പ്രണീതിനെതിരായ ജയത്തോടെ കാൾജൗ പുരുഷ സിംഗിൾസ് പ്രീ ക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ താരമായി. റൗണ്ട് 32ലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും തോറ്റതോടെ പ്രണീതിന്റെ ആദ്യ ഒളിംപിക്‌സ് നിരാശയുടേതായി.

നേരത്തെ ആദ്യ സിംഗിൾസ് മത്സരത്തിലും സായ് പ്രണീത് തോറ്റിരുന്നു. ഇസ്രയേൽ താരം മിഷ സിൽബെർമാനോടാണ് ഇന്ത്യൻ താരം തോറ്റത്. അതും നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു.(സ്‌കോർ- 21-17 21-15).

ലോക റാങ്കിങ്ങിൽ സായ് പ്രണീതിനേക്കാൾ താഴ്ന്ന റാങ്കിലുള്ളവരണ് രണ്ട് എതിരാളികളും. എന്നിട്ടും ഇന്ത്യൻ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഗ്രൂപ്പ് ഡിയിൽ അവസാന സ്ഥാനക്കാരനായാണ് സായ് പ്രണീത് മത്സരം പൂർത്തിയാക്കിയത്.

2019ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുള്ള പ്രണീത് ടോക്യോയിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു.