ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ നീന്തൽ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷന്മാരുടെ 100 മീറ്റർ ബട്ടർ ഫ്‌ളൈയിൽ ഹീറ്റ്‌സിൽ രണ്ടാമതായി ഫിനിഷ് ചെയ്തിട്ടും മലയാളി താരം സജൻ പ്രകാശ് സെമിയിലേക്ക് യോഗ്യത നേടാതെ പുറത്തായി.

രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ രണ്ടാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. എന്നാൽ മികച്ച 16 പേരിൽ ഒരാളായി സെമി ഫൈനലിലെത്താൻ കഴിഞ്ഞില്ല. സമയം:53.45

53.45 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. സജനെക്കാൾ 0.06 സെക്കൻഡ് വേഗത്തിൽ ഫിനിഷ് ചെയ്ത ഘാനയുടെ അബേക്കു ജാക്‌സണാണ്(53.39) ഹീറ്റ്‌സിൽ ജയിച്ചത്.

ഹീറ്റ്‌സിൽ പങ്കെടുത്ത 55 താരങ്ങളിൽ 44-ാമതാണ് സജന്റെ സ്ഥാനം. നേരത്തെ 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 200 ബട്ടർഫ്‌ളൈ ഹീറ്റ്‌സിൽ നാലാമതായാണ് സജൻ ഫിനിഷ് ചെയ്തത്.

ഇതോടെ യോഗ്യതാ റൗണ്ട് പോലും പിന്നിടാൻ കഴിയാതെയാണ് ഇന്ത്യൻ നീന്തൽ താരങ്ങൾ ടോക്യോയിൽ നിന്ന് മടങ്ങുന്നത്. മികച്ച പ്രകടനം ആവർത്തിക്കാനും ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല.

പുരുഷന്മാരുടെ 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ശ്രീഹരി നടരാജും വനിതാ വിഭാഗത്തിൽ മാനാ പട്ടേലും നേരത്തെ പുറത്തായതോടെ ടോക്യോ ഒളിംപിക്‌സിൽ നീന്തൽക്കുളത്തിൽ നിന്നുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.