ടോക്യോ: പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. എഫ് 64 പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സുമിത് അന്റിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച് സുവർണ നേട്ടം എറിഞ്ഞെടുത്തു.തിങ്കളാഴ്‌ച്ച ഇന്ത്യ നേടുന്ന രണ്ടാമെത്ത സ്വർണ്ണമാണിത്.68.55 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ പായിച്ചാണ് സുമിത് ലോക റെക്കോർഡ് സ്ഥാപിച്ചത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളിൽ മൂന്നെണ്ണവും ലോക റെക്കോർഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്റെ ശ്രമങ്ങൾ.

പാരാലിംപിക്‌സിൽ ഇന്ത്യയുടെ രണ്ടാം സ്വർണ നേട്ടമാണിത്. നേരത്തെ വനിതകളുടെ 10 മീറ്റർ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണം നേടിയത്. ലോക റെക്കോർഡോടെയാണ് അവനിയുടേയും സുവർണ നേട്ടം. പാരാലിംപിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി ലെഖാര.ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിൽ എഫ്56 വിഭാഗത്തിൽ 44.38 മീറ്റർ ദൂരം കണ്ടെത്തിയാണ് യോഗേഷ് വെള്ളി നേടിയത്. പിന്നാലെ ജാവലിൻ ത്രോയിൽ എഫ്36 വിഭാഗത്തിൽ 64.35 മീറ്റർ ദൂരം കണ്ടെത്തി ദേവേന്ദ്ര ജജാരിയ അടുത്ത വെള്ളി മെഡൽ നേടി. നാൽപ്പതുകാരനായ ദേവേന്ദ്രയുടെ മൂന്നാമത്തെ പാരാലിംപിക്‌സ് മെഡലാണിത്. കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് ഇന്ന് കണ്ടെത്തിയ 64.35 മീറ്റർ. ഇതേയിനത്തിലാണ് സുന്ദർ സിങ് ഗുർജാർ വെങ്കലം നേടിയത്. 64.01 മീറ്റർ ദൂരം കുറിച്ചാണ് സുന്ദർസിങ് വെങ്കലം ഉറപ്പാക്കിയത്

വനിതകളുടെ ടേബിൾ ടെന്നീസിൽ ഭവിന ബെൻ പട്ടേലാണ് ഇന്നലെ ആദ്യ മെഡൽ രാജ്യത്തിന് സമ്മാനിച്ചത്. ക്ലാസ് 4 വിഭാഗം ഫൈനലിൽ ഭവിനയെ ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിങ് ഷൂ തോൽപിച്ചു. പത്തൊൻപത് മിനിറ്റ് മാത്രം നീണ്ടുനിന്ന ഫൈനലിൽ 11-7, 11-5, 11-6 എന്ന സ്‌കോറിനായിരുന്നു ചൈനീസ് താരത്തിന്റെ ജയം. ടേബിൾ ടെന്നീസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന. ലോക റാങ്കിംഗിൽ പന്ത്രണ്ടാം സ്ഥാനക്കാരിയാണ് ഭവിന ബെൻ പട്ടേൽ.

പുരുഷന്മാരുടെ ഹൈജംപിൽ ഏഷ്യൻ റെക്കോർഡ് തിരുത്തി 2.06 മീറ്റർ ഉയരം മറികടന്ന നിഷാദ് കുമാറിന്റെ വെള്ളിയാണ് ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ. 2.09 മീറ്ററായി റെക്കോർഡ് മെച്ചപ്പെടുത്താനുള്ള ശ്രമം പക്ഷേ നിരാശയായി. ലോകറെക്കോർഡോടെ 2.15 മീറ്റർ ചാടി അമേരിക്കൻ താരം റോഡ്രിക് തൗസെൻഡ്‌സ് സ്വർണം നേടി.