പ്രധാനറോഡുകളിലെ ഗതാഗതകുരുക്ക് കുറക്കാൻ ലക്ഷ്യമിട്ട് അബൂദബിയിലെ റോഡുകളിൽ ടോൾ സംവിധാനം ഏർപ്പെടുത്തുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

യുഎഇയിൽ ദുബൈ നഗരത്തിൽ മാത്രമാണ് വിവിധ റോഡുകളിൽ സാലിക് എന്ന പേരിൽ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് ചുങ്കം ഈടാക്കുന്ന സംവിധാനമുള്ളത്. ഇത് തലസ്ഥാനമായ അബൂദബിയിലും നടപ്പാക്കാനാണ് പ്രസിഡന്റിന്റെ ഉത്തരവ്. ഏതൊക്കെ റോഡുകളിൽ, ഏതൊക്കെ സമയം ചുങ്കം ഏർപ്പെടുത്തണമെന്ന് തീരുമാനിക്കാൻ അബൂദബി ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചുങ്കത്തിന്റെ നിരക്കും ഇവരാണ് നിശ്ചയിക്കുക. വകുപ്പ് നൽകുന്ന നിർദ്ദേശം അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ പരിശോധിച്ച് അനുമതി നൽകും. ചുങ്കം ഏർപ്പെടുത്തുന്ന റോഡിലൂടെ കടന്നുപോകാൻ വാഹന ഉടമകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആംബുലൻസ്, സിവിൽഡിഫൻസ് വാഹനങ്ങൾ, സൈനിക വാഹനങ്ങൾ, പൊതുബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവക്ക് ടോൾ ബാധകമായിരിക്കില്ല. ടോൾ നൽകാതെ കടന്നുപോകുന്നത് പതിനായിരം മുതൽ 25,000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാകുമെന്നും ഇതുസംബന്ധിച്ച നിയമം വ്യക്തമാക്കുന്നു.