കൊല്ലം: ഇന്ന് പുലർച്ചെ ആരംഭിച്ച കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞത് ബലപ്രയോ​ഗത്തിലൂടെ. ഇന്ന് ടോൾ പിരിവ് ആരംഭിച്ച പശ്ചാത്തലത്തിൽ യുവജന സംഘടനകളുടെ പ്രതിഷേധവും അതുവഴി സംഘർഷമുണ്ടാകാനുള്ള സാധ്യതയും മുൻനിർത്തിയാണ് പൊലീസിന്റെ നടപടി. കുരീപ്പുഴയിലെ ടോൾപ്ലാസയിൽ എട്ടുമണി മുതലാണ് ടോൾപിരിവിന് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ, സംഘർഷമൊഴിവാക്കാൻ സംഭവസ്ഥലത്തെത്തിയ പൊലീസ് ടോൾ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു. എന്നാൽ അധികൃതർ നിലപാടിലുറച്ച് നിന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ടോൾ ബൂത്തുകൾ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു.

ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ വാട്‌സാപ്പിലൂടെ കളക്ടർക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോൾ പിരിവ് തുടങ്ങാനാണ് ഇന്ന് ശ്രമിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോൾ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് ടോൾ പിരിവ് തടഞ്ഞത്. സംസ്ഥാന സർക്കാരിന്റെ അനുമതിലഭിച്ചാലേ ടോൾ പ്ലാസ തുറക്കാനാകൂവെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. എന്നാൽ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ദേശീയപാത അഥോറിറ്റി. പൊലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിട്ടില്ല.

ടോൾപിരിവിന് അനുമതിനൽകിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോൾ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു. പ്രാദേശിക എതിർപ്പും ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് ജില്ലാ ഭരണകൂടമുയർത്തിയ വിയോജിപ്പുംമൂലം മാറ്റുകയായിരുന്നു. ആറുവരിപ്പാത പൂർത്തിയായാലേ ബൈപ്പാസ് നിർമ്മാണം മുഴുവനാകൂ. അതിനാൽ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപ് നടക്കുന്ന ടോൾ പിരിവിൽ വലിയ പ്രതിഷേധത്തിനും സാധ്യതയുണ്ട്. കുരീപ്പുഴയിലെ ടോൾപ്ലാസയിൽ പിരിവിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നൂറുകോടിക്കുമുകളിൽ നിർമ്മാണച്ചെലവു വരുന്നയിടങ്ങളിൽ ടോൾ ഏർപ്പെടുത്തുക എന്നതാണ് കേന്ദ്രനയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ നിർമ്മാണച്ചെലവ്. ഈ തുക ടോൾ പിരിച്ചുനൽകണമെന്ന് കേന്ദ്രം, സംസ്ഥാന സർക്കാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ആറുവരിപ്പാത പൂർത്തിയായാലേ ബൈപ്പാസ് നിർമ്മാണം മുഴുവനാകൂ. അതിനാൽ നിർമ്മാണം പൂർത്തിയാകുന്നതിനുമുൻപ് ടോൾ പിരിക്കുന്നതിന് നീതീകരണമില്ലെന്ന് അഭിപ്രായമുയർന്നിരുന്നു.

ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണ അദ്ദേഹം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുള്ളതുമാണ്. ആറുവരിപ്പാത പൂർത്തിയാകുംവരെ ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റി ചെയർമാന് മന്ത്രി കത്തുനൽകിയിരുന്നു. ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവയ്ക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.