ഏകദേശം ഒരു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ ചെറുതോണിയിൽ ഉള്ള സ്റ്റോൺഏജ് ഹോട്ടലിന്റെ മുൻപിൽ ഞാനും എന്റെ സുഹൃത്ത് രാജു സേവ്യറും കൂടി നിൽക്കുമ്പോൾ ഇന്ത്യ സന്ദർശിക്കാൻ വന്ന ഒരു യഹൂദനെ പരിചയപ്പെടാൻ ഇടയായി. അന്ന് ഇസ്രയേലും പാലസ്റ്റയിനും തമ്മിൽ തുറന്ന യുദ്ധം നടക്കുന്ന സമയം ആയിരുന്നു. ഞാൻ അവനോട് ഇസ്രയേലിലെ എല്ലാ യഹൂദന്മാർക്കും മിലിറ്ററി ട്രെയ്‌നിങ് നിർബന്ധമാണല്ലോ. അപ്പോൾ നീയും പട്ടാളക്കാരൻ ആയിരിക്കുമല്ലോ, അതുകൊണ്ട് നീ ഇവിടെ നിൽക്കാത ഇസ്രയേലിൽ പോയി നിന്റെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ എന്ന് വെറുതെ തമാശ രൂപേണ പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു. എന്റെ നാട് എന്തിനെയും നേരിടാൻ കരുത്തുള്ള നാടാണ്. അവർ അത് കൈകാര്യം ചെയ്ത് കൊള്ളും. അതോടൊപ്പം അവൻ പറഞ്ഞു. ഞങ്ങൾ ഒരു രാജ്യം ഇല്ലാതെ ലോകം മുഴുവൻ അലഞ്ഞതിന് ശേഷം ഞങ്ങൾക്ക് ഒരു രാജ്യം ഉണ്ടാക്കാൻ നിങ്ങൾ സഹായിച്ചില്ല. എന്തിന് ഞങ്ങളുടെ ഒരു എംമ്പസി തുറക്കാൻ കഴിഞ്ഞത് പോലും നരംസിംഹറാവുവിന്റെ കാലത്താണ് എന്ന്. അവൻ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഈ യാത്രയിൽ പഴയ ജെറുശലേമിന്റെ ഇടനാഴികളിൽ ഉന്തു വണ്ടിയിൽ ഉണങ്ങിയ പഴങ്ങൾ വിൽക്കുന്ന ഒരു യഹൂദനെ കണ്ടപ്പോൾ അവൻ ചോദിച്ചു. നിങ്ങൾ കൊച്ചിയിൽ നിന്നും ആണോ?. അതെ എന്നു പറഞ്ഞപ്പോൾ അവന് വളരെ സന്തോഷം അവനോട് ഞാൻ ചോദിച്ചു. ഇറാന്റെ പ്രസിഡന്റ് അഹമ്മദ് നിജാദ് പറഞ്ഞിട്ടുണ്ടല്ലോ. ഇസ്രയേൽ എന്ന രാജ്യം ലോക ഭൂപടത്തിലെ കളങ്കപ്പെട്ട ചിഹ്ന്‌നമാണ്. അത് ഭൂപടത്തിൽ നിന്നും മായിച്ച് കളയുമെന്ന്. അത് മാത്രമല്ല ഇറാൻ ഇന്ന് ആണവ ശക്തി ആയി മാറി കൊണ്ടിരിക്കുന്നു. നിങ്ങൾ ഇറാനെ ആക്രമിക്കുമെന്നും കേൾക്കുന്നു. അപ്പോൾ അവൻ പറഞ്ഞു. ഞങ്ങൾ അവനെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. വളരെ നിശ്ചയ ദാർഡ്യം നിറഞ്ഞ ശബ്ദം ആണ് അവനിൽ നിന്നും പുറത്ത് വന്നത്. ഇസ്രയേൽ എന്നത് ഓരോ യഹൂദന്റെയും ജീവന്റെയും, രക്തത്തിന്റെയും ഭാഗമാണ് എന്നാണ് ഈ രണ്ടു വ്യക്തികളുടെയും വാക്കുകളിൽ നിന്നും മനസ്സിലായത്. അതിന് കാരണം അവൻ അനുഭവിച്ച ക്രൂരതകളുടെ നീണ്ട ചരിത്രമാണ്.

ഞങ്ങൾ ഗലീലിയായിലെ ബീയാറ്റിട്ട്യൂഡ് ഹോട്ടലിനോട് ഇന്ന് വിടപറയുകയാണ്. രാവിലെ 6 മണിക്ക് തന്നെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു. ബ്രേക്ക് ഫാസ്റ്റും കഴിച്ച് അവിട നിന്നും പുറപ്പെട്ടു. നല്ല ഭക്ഷണവും താമസ സൗകര്യവും തന്നതിനും അവരോട് എല്ലാം നന്ദി പറഞ്ഞ് ഹോട്ടലിന്റെ മുറ്റത്ത് നിന്ന് ഒരിക്കൽ കൂടി ഗലീലിയ കടലും ബീയാറ്റിട്ട്യൂഡ് പള്ളിയും കണ്ടതിന് ശേഷം ആണ് ബസ്സ് പുറപ്പെട്ടത്.

യേശു പത്രോസ്സിന്റെയും യോഹന്നാന്റെയും യാക്കോബിന്റെയും മുൻപിൽ രൂപാന്തരപ്പെടുകയും അവിടെ ഏലിയാവും മോശയും അവനോട് സംസാരിക്കുകയും ചെയ്തു എന്നു ബൈബിൾ പറയുന്ന ടബോർ മലയിലേയ്ക്കാണ് ഞങ്ങൾ പോയത്. സമുദ്ര നിരപ്പിൽ നിന്നും 1900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മല ഗലീലിയായിലെ ഏറ്റവും ചിത്രോപമ സുന്ദരമായ മല എന്നാണ് അറിയപ്പെടുന്നത്. അതിന് ഉപരി ഇവിടെ വളരെ യുദ്ധ തന്ത്ര പ്രധാന മേഖല കൂടിയാണ്. കാരണം ഇവിടെ നിന്നു നോക്കിയാൽ വളരെ അകലെയുള്ള ശത്രുവിന്റെ ചലനങ്ങൾപോലും അറിയാൻ കഴിയും. അത്ര ഉയരത്തിലാണ് ഈ മല നിൽകുന്നത്.

ബസ്സ് ഈ മല കയറാൻ തുടങ്ങിയപ്പോൾ അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്ക് പോകുന്നത് പോലെയാണ് തോന്നിയത്. മലയുടെ പകുതി ഭാഗം ചെന്നപ്പം ബസ്സ് അവിടെ പാർക്ക് ചെയ്തു. അതിന് ശേഷം ചെറിയ വാഹനങ്ങളിൽ ആണ് ഞങ്ങളെ മല മുകളിൽ എത്തിച്ചത്. കാരണം ബസ്സ് അത്രയും വലിയ കുത്തനെയുളള മല കയറാൻ പര്യാപ്തമായിരുന്നില്ല.

മല മുകളിൽ നിർമ്മിച്ചിരിക്കുന്ന പള്ളിയുടെ ആൾത്താരയിലാണ് ക്രിസ്തു രൂപാന്തരപ്പെട്ടു എന്നു വിശ്വസിക്കുന്ന പാറ കണ്ടത്. പ്രധാന പള്ളിയുടെ രണ്ട് വശത്തായി രണ്ട് ചെറിയ പള്ളികൾ കൂടി ഉണ്ട്. അതിൽ ഒന്ന് മോശയുടെയും രണ്ടാമത്തേത് ഏലിയായുടെയും ആണ്. ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി ഈ പള്ളിയിൽ വച്ചായിരുന്നു. ഫാ. എബ്രഹാം വിശുദ്ധ ബലി അർപ്പിച്ചു. പള്ളിയുടെ ചുറ്റും വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം കണ്ണിന് കുളിർമ്മ പകരുന്നതായിരുന്നു.

ഈ പള്ളിയും കുരിശ് യുദ്ധക്കാരുടെ കാലത്ത് പണിതിരുന്നതായിരുന്നു എന്നാൽ മുസ്ലിം കാലഘട്ടത്തിൽ നശിക്കപ്പെട്ടു. പിന്നീട് പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. 1924ൽ പുതിയ പള്ളി പണിയുകയാണ് ചെയ്തത്.

ടാബോർ മലയിൽ നിന്നും ഞങ്ങൾ പോയത് ജെറിക്കോയിലേയ്ക്കായിരുന്നു. ലോകത്ത് ഇന്നുവരെ കണ്ടെത്തിയിരിക്കുന്നതിൽ ഏറ്റവും പഴക്കം ചെന്ന പട്ടണം എന്നാണ് ജെറിക്കോ അറിയപ്പെടുന്നത്. 10000 ബി. സി. മുതൽ ഈ പട്ടണം ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബി. സി. 13#ാ#ം നൂറ്റാണ്ടിലാണ് ഇസ്രയേലിയർ ജെറിക്കോ മതിൽ തകർത്ത് ജോഷ്വായുടെ നേതൃത്വത്തിൽ കാനാൻകാരെ കീഴ്‌പ്പെടുത്തി വാഗ്ദത്ത ഭൂമിയിലേയ്ക്ക് പ്രവേശിച്ചത്. അതുപോലെ ജെറിക്കോയിൽ വച്ചാണ് ക്രിസ്തു അന്ധന് കാഴ്ച നൽകിയത്. ഇവിടെയാണ് സക്കേവൂസ് കർത്താവ് പോകുന്ന വഴിയിൽ കർത്താവിനെ കാണുന്നതിന് വേണ്ടി സൈക്കാമോർ എന്ന മരത്തിൽ കയറി ഇരുന്നത്. അത്തരം മരങ്ങൾ അവിടെ ഇപ്പോഴും കാണാം. ജെറിക്കോ പച്ചക്കറിയുടെയും പഴങ്ങളുടെയും നാട് എന്നു കൂടി അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ ഈന്തപ്പഴം ലോകത്തിലെ ഏറ്റവും രുചികരമായ ഈന്തപ്പഴം എന്നാണ് പറയുന്നത്. ജൂഡിയാ മരുഭൂമിയിലെ പച്ചപ്പ് കൂടിയാണ് ജെറിക്കോ.

പോയ വഴിയിൽ വളരെ മനോഹരമായ ഈന്തപ്പനത്തോട്ടങ്ങൾ കാണാമായിരുന്നു. ജൂഡിയാ മരുഭൂമിയെ പച്ച ആക്കുന്നതിന്റെ ഭാഗമായി ഈന്തപ്പന തോട്ടങ്ങൾ വച്ച് പിടിപ്പിച്ച് മരുഭൂമി മനുഷ്യന് താമസ യോഗ്യമാക്കി കൊണ്ടിരിക്കുകയാണ്. ജെറിക്കോ പലസ്റ്റീന്റെ ഭാഗമാണ്. പലസ്റ്റീൻ അഥോറിറ്റിയാണ് ഇവിട ഭരിക്കുന്നത്. ഇവിടുത്തെ റോഡുകളും ട്രാഫിക്കും ഇസ്രയേലിനെ അപേക്ഷിച്ച് വളരെ മോശമാണ്.

ജെറിക്കോയിൽ നിന്നും ഞങ്ങൾ ക്രിസ്തു ചെകുത്താനാൽ പരീക്ഷിക്കപ്പെട്ട ജൂഡിയാ മരുഭൂമിയിലേ ജൂഡിയൻ ഹില്ലിലേക്കാണ് പോയത്. ക്രിസ്തു പരീക്ഷിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മലയിലേയ്ക്ക് പോകാൻ ഉള്ള ഏക മാർഗ്ഗം റോപ്പ് വേയാണ് അതിന് ഒത്തിരി സമയം എടുക്കും എന്നുള്ളത് കൊണ്ട് അവിടെ പോകാൻ കഴിഞ്ഞില്ല. അകലെ നിന്ന് കാണാൻ മാത്രമേ കഴിയുകയുള്ളൂ. ക്രിസ്തു തപസ്സിരുന്ന ഗുഹ ഇന്ന് ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ വക ആശ്രമമാണ്. 45% ഡിഗ്രി ചൂട് അനുഭവപ്പെട്ടിരുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ബസ്സിൽ തിരിച്ച് കയറാൻ ആണ് ആഗ്രഹിച്ചത്. ഇവിടുത്തെ കടയിൽ നിന്നും എല്ലാവരും ഈന്തപ്പഴവും ഇതര പഴ വർഗ്ഗങ്ങളും വാങ്ങി.

ഇവിടെ നിന്നും ഞങ്ങൾ നേരെ പോയത് ഡെഡ് സീയിലേയ്ക്കാണ്. ഈ കടലിൽ ഒരു ജീവജാലങ്ങളും ജീവിക്കാത്തത് കൊണ്ടാണ് ഇതിനെ ഡെഡ് സീ എന്നറിയപ്പെടാൻ കാരണം. ധാതുലവണങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ കടലിൽ നിന്നും എടുക്കുന്ന ധാതു ലവണങ്ങൾ കൊണ്ട് ഒട്ടേറെ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഇസ്രയേൽ കമ്പനികൾ ഉല്പാദിപ്പിക്കുന്നുണ്ട്. സാധാരണ കടൽ ജലത്തിൽ 4. 6% ഘനമാണെങ്കിൽ ഡെഡ് സീയിലെ ജലത്തിന് 26% ഘനമാണ് ഉള്ളത്. അതുപോലെ ഉപ്പിന്റെ അളവും സാധാരണ ജലത്തേക്കാളും 6 ഇരട്ടിയാണ്. 360 സ്‌ക്വയർ മൈൽ ചുറ്റളവിൽ കിടക്കുന്ന ഈ കടലിൽ മുങ്ങി മരിക്കും എന്നു പേടിക്കേണ്ട. മുകളിൽ ഫ്‌ളോട്ട് ചെയ്തു കിടക്കുകയുള്ളൂ. ധാതുലവണങ്ങൽ കൊണ്ട് ഗ്രാവിറ്റി കൂടിയ ജലം ആയത് കൊണ്ടും ഈ വെള്ളത്തിൽ ഇറങ്ങി കിടന്നാൽ തൊലിപ്പുറത്തുള്ള രോഗങ്ങൾ മാറി കിട്ടാറുമുണ്ട്. പക്ഷെ അല്പം വെള്ളം കണ്ണിൽ പോയാൽ അസ്സഹീനമായ നീറ്റൽ അനുഭവപ്പെടും പിന്നീട് ശുദ്ധജലം ഉപയോഗിച്ച് കഴുകിയാൽ മാത്രമേ കണ്ണ് തുറക്കാൻ കഴിയുകയുള്ളൂ. ശുദ്ധ ജല പൈപ്പുകൾ കടൽ കരയിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. കടൽ വെള്ളത്തിൽ ഇറങ്ങിക്കിടക്കുന്നവർ അടിയിൽ നിന്നും ചെളി വാരി ശരീരത്ത് പൊതിയുന്നത് കാണാമായിരുന്നു. അതുപോലെ ചെളി കുപ്പിയിൽ ശേഖരിക്കുന്നതും കാണാമായിരുന്നു. ഞങ്ങൾ കടലിൽ കുളി കഴിഞ്ഞ് ഉപയോഗിച്ച വസ്ത്രങ്ങൾ അവിടെ ഉപേക്ഷിച്ചു.

ഡെഡ് സീയിൽ നിന്നും ഞങ്ങൾ ഖുമാറൻ കാണുന്നതിന് വേണ്ടി യാത്ര തിരിച്ചു. ഖുമാറൻ എന്നു പറയുന്നത് ഡെഡ് സീയോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു. ജെറുശലേമിലെ കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും വേറിട്ട് പ്രാർത്ഥനയും ആത്മീയതയും ആയി ഒരു തരം സന്യാസ ജീവിതം നയിച്ച ഒരു സംഘം ആളുകൾ ബി. സി. 31 ൽ ഇവിടെ താമസം ആരംഭിച്ചു. അവരുടെ ആശ്രമം ഭൂമി കുലുക്കത്തിൽ നശിച്ചു പോയി. എ. ഡി. 30ൽ വീണ്ടും പുനർ നിർമ്മിച്ച് അവർ അവിടെ സാത്വിക ജീവിതം നയിച്ചു. അവരുടെ ചിന്തകളും ദർശനങ്ങളും പ്രത്യേക തരം ലതറിൽ എഴുതി കുടത്തിൽ ഇട്ട് സൂക്ഷിച്ചിരുന്നു. യഹൂദ കലാപം അടിച്ചമർത്താൻ ടൈറെസിന്റെ നേതൃത്വത്തിൽ വന്ന റോമൻ ആർമി ഈ ശ്രമവും ഇവിടുത്തെ മനുഷ്യരെയും വകവരുത്തി. അവർ കണ്ടെത്തിയ ആത്മീയ ദർശനങ്ങൾ ആണ് എഴുതി മൺകുടത്തിൽ ആക്കി ഗുഹയിൽ സൂക്ഷിച്ചിരിക്കുന്നത്.

1947ൽ തന്റെ നഷ്ടപ്പെട്ട ആടിനെ അനേ്വഷിച്ച് ഈ ഗുഹയുടെ അടുത്ത് ചെന്ന ആട്ടിടയൻ മുഹമ്മദ് സെലീബ് ഈ ഗുഹയിലേയ്ക്ക് കല്ലു വലിച്ചെറിഞ്ഞപ്പോൾ ഉണ്ടായ ശബ്ദം ചെകുത്താന്റേതാണ് എന്നു വിചാരിച്ച് ഭയപ്പെട്ട പോയി. എങ്കിലും പിറ്റെ ദിവസം അങ്കിളിനെയും കൂട്ടി മുഹമ്മദ് ഈ ഗുഹകൾ പരിശോധിച്ചപ്പോൾ അവിടെ നിന്നും നാല് മൺകുടങ്ങൾ കിട്ടി അതിൽ നിന്നും ഹീബ്രുവിൽ എഴുതി സൂക്ഷിച്ചിരുന്ന ചുരുളുകൾ ആണ് കിട്ടിയത്. സ്വർണ്ണമാണ് എന്നു വിചാരിച്ച് കുടങ്ങൾ തുറന്ന അവർ നിരാശരായി. അവർക്ക് കിട്ടിയ ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്ന ഈ മഹത്തായ ശേഖരണത്തിന്റെ വില അറിയില്ലാതെ അവർ ഇത് ഒരു സിറിയൻ ക്രിസ്ത്യാനിക്ക് ചെറിയ വിലയ്ക്ക് വിറ്റു. അദ്ദേഹം അത് അന്ന് ജെറുശലേമിൽ താമസിച്ചിരുന്ന സിറിയൻ സഭയുടെ മെത്രാപ്പൊലീത്തനെ കാണിക്കുകയും മെത്രാപ്പൊലീത്ത അത് വാങ്ങി അമേരിക്കയിൽ കൊണ്ട് പോയി. ഇത് 250000 ഡോളറിന് യഹൂദനായ പ്രൊഫസർ യിഗൽ യേദിൻ വാങ്ങി. ഇന്ന് ഇസ്രയേലിലെ പഴയകാല ബൈബിൾ ഉൾപെടെയുള്ള കൈയെഴുത്തുകൾ സൂക്ഷിച്ചിട്ടുള്ള ഇസ്രയേൽ മ്യൂസിയത്തിൽ ഇത് സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഖുമറാനിൽ നടത്തിയ ആർക്കിയോളജിക്കൽ പഠനത്തിൽ 900 ചുരുളുകളും പഴയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തു.

ഖുമറാനിൽ നിന്നും ഞങ്ങൾ ജെറുശലേമിൽ കൂടി ബേത്‌ലഹേമിലേയ്ക്ക് പോയി. ജെറുശലേമിന്റെ കവാടത്തിൽ പട്ടാള ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഡ്രെ#െവർ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ് യാത്രക്കാർ എന്നു പറഞ്ഞപ്പോൾ തന്നെ പൊയ്‌ക്കൊള്ളാൻ പറഞ്ഞു. ജെറുശലേമിൽ നിന്നും പാലസ്റ്റയിന്റെ കീഴിലുള്ള ബേത്‌ലഹേമിലെയ്ക്കു പോകണമെങ്കിൽ പാലസ്റ്റയിനും ഇസ്രയേലും ആയി വേർതിരിച്ചിരിക്കുന്ന മതിൽ കടന്ന് വേണം പോകാൻ. അവിടെയും പട്ടാള ചെക്ക് പോസ്റ്റുകൾ കടന്ന് വേണം പോകാൻ. ചെക്ക് പോസ്റ്റുകളിൽ എത്തുന്നതിന് മുൻപ് ഗൈഡ് പറഞ്ഞിരുന്നു നിശബ്ദമായി ഇരിക്കണമെന്നും ഫോട്ടോ എടുക്കരുതെന്നും. ഇവിടുത്തെ ചെക്ക് പോസ്റ്റിൽ ഒന്ന് രണ്ട് പേരുടെ പാസ്‌പോർട്ട് പരിശോധിച്ച പട്ടാളക്കാരൻ ചോദിച്ചു. നിങ്ങൾ ഇംഗ്ലണ്ടിൽ എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങൾ പറഞ്ഞു ലിവർപൂളിൽ നിന്നും എന്ന്. ഞാൻ നിങ്ങളുടെ ഫാൻ അല്ല മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേതാണ് എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് ആ പട്ടാളക്കാരൻ മടങ്ങി പോയി.

ഇവിടുത്തെ മതിലിൽ ഒട്ടേറെ സാഹിത്യകാരന്മാർ ഫലസ്തീൻ ജനതയുടെ സമരത്തെ പിന്തുണച്ച് അവരുടെ അഭിപ്രായങ്ങൾ എഴുതി വച്ചിട്ടുണ്ട്. ഞങ്ങൾ ബേത്‌ലഹേമിലെ ഹോട്ടലിൽ എത്തി ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി. ഇവിടുത്തെ ഹോട്ടലും ഭക്ഷണവും വളരെ നന്നായിരുന്നു.

തുടരും...
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3