കൊച്ചി: 125 കോടി ക്ലബ്ബിൽ കടന്ന മലയാള സിനിമയാണ് പുലി മുരുകൻ. 25 കോടി മുടക്കിയ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന് ലാഭമായി മാത്രം 100 കോടി കിട്ടിയ സിനിമ. മോഹൻലാലിന്റെ ഈ സിനിമ ഏന്തായാലും 150 കോടി കളക്ഷൻ നേടുമെന്ന് ഉറപ്പുമാണ്. ഈ സാഹചര്യത്തിൽ ടോമിച്ചൻ മുളകുപാടം പുതിയ ചിന്തയിലാണ്. അടുത്ത സിനിമയെ കുറിച്ചുള്ള ആലോചന. ഇതിലും കയറിവരുന്നത് മോഹൻലാലിന്റെ പുലിമുരുകൻ തന്നെയാണ്. അമ്പത് കോടി മുടക്കി അടുത്ത സിനിമയാണ് ലക്ഷ്യമിടുന്നത്. അതായത് വൈശാഖൻ സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ രണ്ടാം ഭാഗം.

എന്നാൽ പുലി മുരുകന്റെ രണ്ടാ ഭാഗത്തിന് വലിയ സാധ്യതയില്ലെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. മോഹൻലാലിന് പോലും താൽപ്പര്യമില്ലെന്നാണ് സൂചന. രണ്ടാം ഭാഗത്തെ കുറിച്ച് ടോമിച്ചൻ ചോദിച്ചപ്പോൾ അത് വേണ്ട സമയത്ത് പറയാമെന്ന് പറഞ്ഞ് ലാൽ ഒഴിഞ്ഞു മാറി. വൈശാഖനും വലിയ ബജറ്റിൽ ചിത്രം ചെയ്യുന്നതിനോട് ഉടൻ താൽപ്പര്യമില്ല. എന്നാൽ ഉടൻ സിനിമ വേണമെന്ന അഭിപ്രായത്തിലാണ് നിർമ്മാതാവ്. അദ്ദേഹത്തിന്റെ ചില സിനിമാ സുഹൃത്തുക്കളാണ് ഇതിന് പിന്നിൽ. ബാഹുബലിയുടെ രണ്ടാം ഭാഗം വരുന്നു. അങ്ങനെ എങ്കിൽ പുലി മുരുകനും ആകാമെന്നാണ് സുഹൃത്തുക്കളുടെ ഉപദേശം. സൂര്യയുടെ സിങ്കവും രണ്ടാ ഭാഗത്തിൽ ഗംഭീരമായി. അതുകൊണ്ട് തന്നെ മുളകുപാടത്തിനും നേട്ടമുണ്ടാകുമെന്നാണ് സുഹൃത്തുക്കളുടെ ഉപദേശം.

കേരളത്തിലെ ബോക്‌സ്ഓഫീസുകളിൽ ചരിത്രം സൃഷ്ടിച്ച പുലിമുരുകൻ തെലുങ്കിൽ റിലീസിനൊരുങ്ങുകയാണ്. മന്യംപുലി എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്. മൊഴിമാറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഇത് സൂപ്പർ ഹറ്റാണ്. പ്രശസ്ത നിർമ്മാതാവ് കൃഷ്ണറെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ തെലുങ്ക് ചിത്രങ്ങളായ മനമന്ത, ജനതാ ഗാരേജ് എന്നീ ചിത്രങ്ങൾ അവിടെ മികച്ച വിജയമായിരുന്നു. അതുകൊണ്ട് തന്നെ പായുംപുലിയുടെ വിജയവും ഉറപ്പാണെന്നാണ് വിലയിരുത്തൽ. തെലുങ്കിൽ വിജയിച്ചാൽ സിനിമയുടെ കളക്ഷൻ ഇരുന്നൂറ ്‌കോടി കടക്കുമെന്നാണ് സൂചന. പുലിമുരുകൻ റിലീസ് ചെയ്തിടത്തെല്ലാം ചരിത്രമായിരുന്നു. ഈ സാധ്യതകളെല്ലാം വച്ചാണ് പുലിമുരുകന്റെ രണ്ടാം ഭാഗമെന്ന ആവശ്യം നിർമ്മാതാവ് സജീവമാക്കുന്നത്.

എന്നാൽ മോഹൻലാലും വൈശാഖനുമില്ലാതെ പുലിമുരുകന്റെ രണ്ടാം ഭാഗം സാധ്യമില്ലെന്ന് ടോമിച്ചൻ മുളകുപാടത്തിന് അറിയാം. അതുകൊണ്ട് തന്നെ ഇരുവരേയും സമ്മതിപ്പിക്കാനാണ് ശ്രമം. നൂറ് കോടി പോലും ചെലവാക്കാമെന്ന അവകാശ വാദവും ടോമിച്ചൻ മുന്നോട്ട് വച്ചതായി സൂചനയുണ്ട്. ഒരു വിജയപ്രതീക്ഷയുമില്ലാതെയാണ് പുലിമുരുകന് 25 കോടി മുടക്കിയത്. അതുകൊണ്ട് തന്നെ പുലിമുരുകന്റെ രണ്ടാം ഭാഗം പരാജയപ്പെട്ടാലും തനിക്ക് വേദനയുണ്ടാകില്ലെന്നേ്രത നിർമ്മാതാവിന്റെ പക്ഷം. എന്നാൽ രണ്ടാം ഭാഗമെടുത്ത് പുലിമുരുകന് ചീത്തപ്പേരുണ്ടാക്കണോ എന്നതാണ് വൈശാഖന്റെ ചോദ്യം. തമിഴിലും തെലുങ്കിലും രണ്ടാ ഭാഗങ്ങൾ വിജയിക്കും. എന്നാൽ മലയാളത്തിൽ അപൂർവ്വം സിനിമകളെ ഇത്തര്തതിൽ വിജയിച്ചിട്ടുള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നു.

125 കോടി രൂപ നേടുന്ന ആദ്യ മലയാള സിനിമയായി പുലിമുരുകൻ മുന്നേറുകയാണ്. റിലീസ് ചെയ്ത് 55ദിവത്തിലാണ് 125കോടി കളക്ഷൻ എന്ന നേട്ടം പുലിമുരുകൻ കടന്നത്. ഒക്ടോബർ ഏഴിന് റിലീസ് ചെയ്ത ചിത്രം മുപ്പത് ദിവസം കൊണ്ടാണ് നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയത്. 25കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ചിത്രം കേരളത്തെ കൂടാതെ ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലും വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. നൂറ് കോടിയിലേക്ക് അതിവേഗം കുതിച്ചെത്തിയ ചിത്രം നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് 125 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം മലയാളത്തിൽ നൂറ് ദിനമാകുമ്പോൾ കളക്ഷൻ 175 കോടിയെങ്കിലും ആകുമെന്നാണ് സൂചന.

മുപ്പതു കോടിയോളം ചെലവഴിച്ചു പ്രാദേശിക ഭാഷയായ മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കാൻ ടോമിച്ചൻ മുളകുപാടം കാണിച്ച സാഹസികതയ്ക്ക് അംഗീകാരമായാമാണ് ഈ കണക്കുകൾ. ചിത്രീകരണത്തിനിടയിലും നിരവധി തടസങ്ങൾ നേരിട്ടിരുന്നു. റിലീസും പലകുറി മാറ്റിവച്ചു. അത്തരത്തിൽ നിരവധി പ്രതിസന്ധികൾ മറികടന്നാണു പുലിമുരുകനിപ്പോൾ അവിശ്വസനീയ നേട്ടത്തിൽ എത്തിയിരിക്കുന്നത്. പ്രായം തളർത്താത്ത പോരാളിയായി മോഹൻലാൽ തകർത്ത് അഭിനയിച്ചപ്പോൾ ആരാധകർ തിയറ്ററിലേക്ക് ഒഴുകിയെത്തി. മോഹൻലാൽ ആരാധകർ മാത്രമല്ല, പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രം കാണാൻ സിനിമാപ്രേമികൾ ഒന്നടങ്കം എത്തിയതാണു പുലിമുരുകനു തുണയായത്.

വൈശാഖ് സംവിധാനംചെയ്ത ചിത്രത്തിൽ കമാലിനി മുഖർജിയാണ് മോഹൻലാലിന്റെ നായിക. സിദ്ദിഖ്, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവാണ് പ്രതിനായകൻ.