ണ്ടു ലെസ്‌ബിയൻ പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നു. അതിലൊരാളുടെ ബന്ധുക്കൾ അവളെ തടഞ്ഞു നിർത്തുന്നു. മറ്റേ പെൺകുട്ടി കോടതി വഴി അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു. ഈ ഒരു വാർത്ത വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. സ്വവർഗാനുരാഗം ഒരു മാനസിക രോഗമാണ്, നല്ല തല്ലു കിട്ടാത്തതിന്റെ കുറവാണ്, വളർത്തു ദോഷമാണ് എന്നൊക്കെയാണ് പല കമന്റുകളിലും കാണാൻ സാധിച്ചത്. എന്താണ് സ്വവർഗാനുരാഗം? എന്താണ് ആൺ-പെൺ ലൈംഗിക അസ്തിത്വം?

ഒരു കുട്ടി ജനിക്കുമ്പോൾ അതിന് ഏത് ലൈംഗിക അവയവ മാണ് ഉള്ളത് എന്ന് നോക്കിയാണ് ആ കുട്ടി ഏത് ലിംഗത്തിൽ പെട്ടതാണ് എന്ന് നിർണയിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാൽ XX ക്രോമസോം ഉള്ള ആൾ പെണ്ണും , XY ക്രോമസോം ഉള്ള ആൾ ആണും ആണ്.ഇത് സാമാന്യേന 99.99% അവസരത്തിലും ശരിയായിരിക്കുമെങ്കിലും വളരെ അപൂർവമായി ഇതിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്.
സത്യത്തിൽ ക്രോമസോം അല്ല ഇക്കാര്യങ്ങൾ നിർണയിക്കുന്നത്. ക്രോമസോമിൽ ഉള്ള ജീനുകളാണ്. Y ക്രോമസോമിൽ സാധാരണയായി കാണുന്ന ഒരു ജീൻ ആണ് SRY ജീൻ. ഈ ജീനിന്റെ പണി എന്നു പറയുന്നത് SOX9 എന്നു പേരായ ഉറങ്ങിക്കിടക്കുന്ന മറ്റൊരു ജീനിനെ ഉണർത്തുക എന്നതാണ്. ഈ ജീൻ ഉണർന്നാൽ അവന്റെ പണി മറ്റേ X ക്രോമസോമിൽ ഉള്ള സ്ത്രീ സ്വഭാവത്തെ തല്ലിക്കെടുത്തുക എന്നതാണ്.

ഇനി വളരെ അപൂർവമായി ചില സാഹചര്യങ്ങളിൽ XY ക്രോമസോം ഉള്ള ഒരാളുടെ SRY ജീൻ ഉണർന്നില്ല എന്ന് കരുതുക. അയാളിലെ ക്രോമസോൺ XY ആണെങ്കിൽ പോലും ലൈംഗിക അവയവങ്ങൾ നിർമ്മിച്ചെടുക്കാനുള്ള നിർദ്ദേശങ്ങൾ ലഭിക്കാതെ പോകുന്നു. അതുമൂലം X ക്രോമസോമിൽ ഉള്ള പെൺ സ്വഭാവങ്ങൾ തലപൊക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ XY ക്രോമസോം ഉണ്ടെങ്കിൽ പോലും SRY ജീൻ ഉണർന്നില്ലെങ്കിൽ അല്ലെങ്കിൽ അതിന് S0X9 ജീനിനെ ഉണർത്താൻ കഴിഞ്ഞില്ലെങ്കിൽ പെൺ ലൈംഗിക അവയവത്തോടുകൂടി ആയിരിക്കും കുട്ടി ജനിക്കുക.

കോശവിഭജനം സമയത്ത് ക്രോസിങ് ഓവർ എന്ന ഒരു പരിപാടി ഉണ്ട് . അതായത് ജനിതക ഭാഗങ്ങൾ പരസ്പരം കൈമാറുക. അങ്ങനെ സംഭവിച്ചാൽ ഈ പറഞ്ഞ SRY ജീൻ ക്രോസിങ് ഓവർ വഴി X ക്രോമസോമിൽ എത്തിച്ചേരാം. അപ്പോൾ XX ക്രോമസോം ഉള്ള ആളിൽ SRY ജീൻ എത്തിച്ചേരാം. ആ ജീൻ ഉണർന്നു പ്രവർത്തിച്ചാൽ SOX9 ജീനിനെ ഉത്തേജിപ്പിക്കുകയും തൽഫലമായി ആൺ ലൈംഗിക അവയവങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതായത് XX ആണെങ്കിൽ കൂടിയും ജനിക്കുന്ന കുട്ടിക്ക് ആൺ ലൈംഗിക അവയവം ഉണ്ടായിരിക്കും. ഇനി SOX 9 ജീനുകൾ കുറച്ചൊക്കെ പെൺ ഭ്രൂണത്തിലും ഉണ്ടായിരിക്കും. ഇതിനെ ഉറക്കിക്കിടത്താൻ FOXL 2 എന്ന ഒരു ജീൻ ശ്രമിക്കും. അത് സാധിച്ചില്ലെങ്കിൽ പെൺ ഭ്രൂണമാകേണ്ട സിക്താണ്ഡം ആൺ ഭ്രൂണമായി മാറും. ഇതാണ് ട്രാൻസ് ജെൻഡർ എന്ന് വിളിക്കുന്ന ലൈംഗിക അസ്ഥിത്വം ഉള്ള ആളുകൾ .

ഇനി മേൽപ്പറഞ്ഞ ജീനുകളുടെ പ്രവർത്തനം കുറഞ്ഞോകൂടിയോ ഇരുന്നാൽ ആണത്തം പെണ്ണത്തം എന്നിവയുടെ അളവിൽ വ്യത്യാസം വരും. ഇനി ആൺ ലൈംഗിക അവയവം ഉണ്ടായാലും അതിനനുസരിച്ച് ഹോർമോണുകൾ ഉൽപാദിപ്പിച്ചില്ലെങ്കിൽ ആണ് ആണെങ്കിൽ കൂടിയും ആണിന് പെണ്ണിനോട് തോന്നേണ്ട താല്പര്യം ഉണ്ടാവുകയില്ല. മറിച്ച് മറ്റ് ജീനുകളുടെ പ്രവർത്തനം മൂലം സ്‌ത്രൈണ ഹോർമോണുകൾ ഉണ്ടാകുന്നത് വഴി മറ്റൊരു ആണിനോട് താൽപര്യം തോന്നുകയും ആവാം. അതായത് ലൈംഗിക അവയവ രൂപീകരണം ഒരു വഴിക്കും തലച്ചോറിൽ ആൺ-പെൺ രൂപീകരണം മറ്റൊരു വഴിക്കും നടക്കാം. തലച്ചോറിൽ ഹൈപ്പോതലാമസ്, അമിഗ്ദല, ഹിപ്പോകാമ്പസ്, ബ്രെയിൻ സ്റ്റം എന്നിവയിലെ ന്യൂറോണുകളുടെ വിന്യാസം ആണിലും പെണ്ണിലും വ്യത്യസ്തരീതിയിലാണ് ഉള്ളത്. അതായത് ശരീരത്തിൽ ആണിന്റെ ലൈംഗിക അവയവം ഉണ്ടെങ്കിലും തലച്ചോർ പെണ്ണിന്റെ ആയിരിക്കും. മറിച്ച് ശരീരത്തിൽ പെണ്ണിന്റെ ലൈംഗിക അവയവം ആണെങ്കിലും തലച്ചോർ ആണിന്റെ ആയിരിക്കും. തലച്ചോറിൽ ഉണ്ടാകുന്ന ഈ വ്യത്യാസം മൂലം ഒരു പെൺകുട്ടിക്ക് മറ്റൊരു പെണ്കുട്ടിയോടോ, ഒരു ആൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയോട് ലൈംഗിക താൽപര്യമുണ്ടാവാം.

നിങ്ങളൊരു പുരുഷനാണെങ്കിൽ നിങ്ങൾക്ക് ഒരു സ്ത്രീയോട് ലൈംഗിക താല്പര്യം തോന്നിയിട്ടുണ്ടോ? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾക്ക് ഒരു പുരുഷനോട് ലൈംഗികതാൽപര്യം തോന്നിയിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ അതിനു കാരണം നിങ്ങളുടെ ബ്രെയിനിൽ അത്തരമൊരു വയറിങ് ആണ് ഉള്ളത്. നിങ്ങൾക്ക് അത് മാറ്റാൻ സാധിക്കില്ല.(ന്യൂറോ സയൻസ് രംഗത്ത് പുതിയ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. തലച്ചോറിലെ വയറിങ്ങുകളെ മാറ്റാൻ സാധിക്കുന്ന മെറ്റാപ്ലാസ്റ്റിസിറ്റി എന്ന ഗവേഷണം വൈകാതെ LGBT ആളുകളുടെ തലവര മാറ്റുമെന്ന് പ്രതീക്ഷിക്കാം. )

നിങ്ങൾ എപ്പോഴെങ്കിലും ലൈംഗികതയ്ക്കു വേണ്ടി അമിതമായി ആഗ്രഹിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ഒരു മാനസിക രോഗമാണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ഇതുപോലെയാണ് മറ്റു മനുഷ്യരും. അവരുടെ തലച്ചോർ അവർ ആഗ്രഹിച്ച് രൂപപ്പെടുത്തിയതല്ല. നിങ്ങളുടെ തലച്ചോറിൽ എങ്ങനെയാണോ ഒരു സ്ത്രീയോട്/ സ്ത്രീയ്ക്ക് പുരുഷനോട് ലൈംഗിക താത്പര്യം ഉണ്ടാവുന്നത് അതേപോലെ തന്നെയാണ് ലെസ്‌ബിയൻ ആയ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് ലൈംഗിക താൽപര്യം തോന്നുന്നത്.

സ്വവർഗ്ഗാനുരാഗത്തിന് ഇതുകൂടാതെ മറ്റു പല കാരണങ്ങളുമുണ്ട്. തനിക്കു മുൻപേ ജനിച്ച കൂടപ്പിറപ്പുകൾ പോലും ഇതിന് ഒരു കാരണമാവും. അതായത് തനിക്ക് മുൻപ് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന ഭ്രൂണം ഉണ്ടാക്കുന്ന ചില പ്രോട്ടീനുകൾക്കെതിരേ അമ്മയുടെ ശരീരത്തിൽ ഉണ്ടാവുന്ന ചില മറു പ്രോട്ടീൻ അഥവാ ഹോർമോണുകൾ അടുത്ത ഗർഭസ്ഥശിശുവിൽ ആയിരിക്കും പ്രകടമായി വരിക. അതായത് ഇവൻ/ ഇവൾ എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ എന്ന് ശപിക്കുമ്പോൾ അത് അവൻ/അവൾ ആ വയറ്റിൽ വന്നു പിറന്നതല്ല മറിച്ച് ആ വയറ് അവനെ അങ്ങനെ ആക്കിയതാണ് എന്നു കൂടി ചിന്തിക്കുക. എന്നെ നാണംകെടുത്താൻ ഇങ്ങനെ ഒരു സഹോദരൻ/സഹോദരി ഉണ്ടായല്ലോ എന്നുപറയുമ്പോൾ ഓർക്കുക അങ്ങനെ ഉണ്ടായതല്ല നിങ്ങൾ അവശേഷിപ്പിച്ച ചില ഹോർമോണുകൾ അവരെ അങ്ങനെയാക്കിയതാണ്. അഥവാ നിങ്ങളുടെ കുരിശ് അവർ ചുമക്കുകയാണ് . അവരോട് അല്പം കരുണ, സ്‌നേഹം, അവരുടെ അസ്തിത്വത്തെ അംഗീകരിക്കൽ ഇവയൊക്കെ നിങ്ങടെ കടമയാണ്.

ഇനി ലെസ്‌ബിയൻ ആണ് എന്നതുകൊണ്ട് അവൾ മറ്റു പെൺകുട്ടികളെ എല്ലാവരെയും ലൈംഗികമായി ചൂഷണം ചെയ്യും എന്നതാണ് നിങ്ങളുടെ വാദമെങ്കിൽ നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾ കാണുന്ന ആൺകുട്ടികളെ ഒക്കെ ലൈംഗികമായി ഉപയോഗിക്കുമോ? നിങ്ങളൊരു പുരുഷനാണെങ്കിൽ കാണുന്ന പെൺകുട്ടികളെയൊക്കെ ലൈംഗികമായി ഉപയോഗിക്കുമോ? ലെസ്‌ബിയൻ ആയ രണ്ടു പെൺകുട്ടികൾ ഒരു കുട്ടിയെ Adopt ചെയ്താൽ ആ കുട്ടിയെ അവർ ലൈംഗികമായി ഉപയോഗിക്കും എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങൾക്ക് കുട്ടികൾ ഇല്ല എന്ന് കരുതുക. നിങ്ങൾ ഒരു കുട്ടിയെ Adopt ചെയ്താൽ ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുമോ?

നിങ്ങളൊരു പുരുഷനാണെങ്കിൽ ലോകത്തിലുള്ള എല്ലാ സ്ത്രീകളെയും നിങ്ങൾ ലൈംഗിക താൽപര്യത്തോടെ കൂടി മാത്രമാണോ കാണുന്നത്?/ നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ലോകത്തിലുള്ള എല്ലാ പുരുഷന്മാരെയും ലൈംഗിക താൽപര്യത്തോടെ കൂടി മാത്രമാണോ കാണുന്നത്? അല്ല എന്നാണ് ഉത്തരമെങ്കിൽ എന്തുകൊണ്ട് സ്വവർഗ്ഗാനുരാഗികൾ കണ്ണിൽ കണ്ട എല്ലാവരെയും ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കുമെന്ന് നിങ്ങൾ വിധിയെഴുതുന്നു?

രണ്ടു മനുഷ്യർ അവർ പരസ്പരം സമ്മതത്തോടുകൂടി അവരുടെ സ്വകാര്യതയിൽ അവരുടെ ജീവിതം ആസ്വദിക്കുന്നതിന് നിങ്ങൾക്ക് എന്താണ് പ്രശ്‌നം? ഇനി മതപരമായ കാരണങ്ങളാൽ ഇത് വിലക്കപ്പെട്ട ആളുകളെ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. മതം വിലക്കിയതിനാൽ സ്വർഗാനുരാഗം അവർക്ക് നിഷിദ്ധമാണ്. പകരം അവർ ഇതൊന്നും അറിയാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. എന്നിട്ട് നാട്ടിലുള്ള ഏതെങ്കിലും ആൺകുട്ടികളെ ചൂഷണം ചെയ്യാൻ അവസരം പാർത്ത് നടക്കുന്നു. തിരിച്ചും ..ഇവിടെ അവർ മൂന്നുപേരുടെ ജീവിതമാണ് നശിപ്പിക്കുന്നത്. സ്വന്തം ജീവിതം, വിവാഹ ബന്ധത്തിൽ ഏർപ്പെട്ട പങ്കാളിയുടെ ജീവിതം, ഇതൊന്നും അറിയാത്ത മറ്റൊരു കുട്ടിയുടെ ജീവിതം . അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ സ്വവർഗാനുരാഗം ഒരു കൊടിയ പാപമൊന്നുമല്ല. അറിവില്ലായ്മ കൊണ്ട് ഒരു പക്ഷേ നിങ്ങൾ അങ്ങനെ പറഞ്ഞിരിക്കാം. പക്ഷേ ശരിയായ കാര്യങ്ങൾ അറിഞ്ഞിട്ടും നിങ്ങൾ അവരുടെ മനുഷ്യാവകാശങ്ങൾക്കെതിരെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ക്രിമിനൽ ഉറങ്ങിക്കിടപ്പുണ്ട്