ടൊറന്റോ (കാനഡ): 2016 ജൂലൈ 1 മുതൽ 4 വരെ തീയതികളിൽ ടൊറന്റോ ഹിൽട്ടൺ സ്യൂട്ട്‌സ് ആൻഡ് കോൺഫറൻസ് സെന്ററിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനാ നാഷണൽ കൺവൻഷൻ ചെയർമാനായി അറിയപ്പെടുന്ന സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ പ്രവർത്തകനായ റ്റോമി കോക്കാട്ടിനെ തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി വിനോദ് കെയാർകെ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. കലാ-സാംസ്‌കാരിക രംഗങ്ങളിൽ നോർത്ത് അമേരിക്കൻ മലയാളികളുടെ ആവേശമായ ഫൊക്കാനയുടെ അടുത്ത കൺവൻഷന് റ്റോമി നേതൃത്വം നൽകും.

1992 മുതൽ ഫൊക്കാനയുടെ നേതൃനിരയിലുള്ള റ്റോമി കോക്കാട്ട്, ഫൊക്കാനാ ദേശീയ കമ്മിറ്റി അംഗം, ജോയിന്റ് ട്രഷറർ, ജോയിന്റ് സെക്രട്ടറി, റീജിയണൽ വൈസ് പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച് നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കൂടാതെ ടൊറന്റോ മലയാളി സമാജം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, കമ്മിറ്റി മെമ്പർ, ട്രസ്റ്റി ബോർഡ് മെമ്പർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള റ്റോമി ഇപ്പോൾ സെന്റ് തോമസ് സീറോ മലബാർ മിഷന്റെ ആദ്യ കൈക്കാരനുമായി പ്രവർത്തിക്കുന്നു.

ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്ന ടേക്ക് ഔട്ട്, കോക്കനട്ട് ഗ്രോവ് എന്ന ഗ്രോസറി സ്റ്റോർ എന്നീ സ്ഥാപനങ്ങളുടെ ഉടമയായ ഇദ്ദേഹം ചോയ്‌സ് ഹോം എന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് ആയും പ്രവർത്തിക്കുന്നു. ഭാര്യ: നിഷ, മകൾ റോഷൻ, മകൾ റിയ എന്നിവർക്കൊപ്പം കഴിഞ്ഞ 25 വർഷമായി റ്റോമി കോക്കാട്ട് കാനഡയിൽ താമസിക്കുന്നു.

2016 ഫൊക്കാനാ കൺവൻഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റ്റോമി കോക്കാട്ടിന്റെ സേവനം ഫൊക്കാനാ കൺവൻഷന് വലിയൊരു മുതൽക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് ജോൺ പി. ജോൺ, ജനറൽ സെക്രട്ടറി വിനോദ് കെയാർകെ, ട്രഷറർ ജോയി ഇട്ടൻ എന്നിവർ ഒരു സംയുക്ത അനുമോദന സന്ദേശത്തിൽ പറഞ്ഞു.