- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഡി റെയ്ഡ് നടത്തിയത് പിണറായി 2015ൽ ചർച്ചയാക്കിയ ബെൽ ചിറ്റ്സ് ഡയറക്ടറുടെ വീട്ടിൽ; കോടിയേരിയുമായി അടുപ്പമുള്ള വ്യവസായിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് നിർണ്ണായക രേഖകൾ; ടോമി മാളിയേക്കലുമായുള്ള ബിനീഷിന്റെ ഇടപാടുകളും ദുരൂഹം; ബംഗളൂരുവിലെ ലഹരി ഇടപാടിലെ അന്വേഷണം പാലയിലും; വെള്ളാപ്പള്ളി കുടുംബത്തിന്റെ പഴയ കമ്പനിയും ചർച്ചകളിലേക്ക്
പാലാ: ബംഗളുരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പ്രവാസി വ്യവസായിയും എറണാകുളത്തെ പണമിടപാട് സ്ഥാപനത്തിലെ പങ്കാളിയുമായ പാലാ സ്വദേശിയുടെ വസതിയിലും ഇ ഡി പരിശോധന നടത്തി. പാലാ കവീക്കുന്ന് മാളിയേക്കൽ തോമസ് ജോസഫിന്റെ (ടോമി മാളിയേക്കൽ) വസതിയിലാണ് ബംഗളുരുവിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തിയത്.
കർണാടക പൊലീസ് സംഘത്തിന്റെ അകമ്പടിയിൽ വ്യാഴാഴ്ച പുലർച്ചെ ആറിന് ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്. അമേരിക്കയിലെ മുൻ ഹോട്ടൽ ബിസിനസുകാരനായ തോമസ് ജോസഫിന് ദുബായിൽ കൺസ്ട്രക്ഷൻ മേഖലയിലും ബന്ധമുണ്ടെന്നാണ് സൂചന. എറണാകുളത്തെ ബെൽ ചിറ്റ് ഫണ്ട്സ് പാർട്ണറാണ്.
പാർട്ടി പരിപാടികളുമായി പാലായിൽ എത്തിയ സന്ദർഭങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ തോമസിന്റെ വീട്ടിലെത്തിയിരുന്നു. തോമസിന്റെ കൂട്ടിയുടെ ആദ്യ കൂർബ്ബാന നടന്നപ്പോൾ ബിനിഷ് കോടിയേരി കുടുംബസഹിതം എത്തിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തുഷാർ വെള്ളാപ്പിള്ളിയും സൗഹൃദം പങ്കിടാൻ തോമസിന്റെ വിട്ടിലെത്താറുണ്ട്.
2015ലാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ആദ്യം വിവാദത്തിൽ പെടുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബെൽ ചിറ്റ്സിന് എതിരെ ഉയർന്ന ആക്ഷേപങ്ങൾ ചെന്ന് നിന്നത് ബിനോയിലേക്കായിരുന്നു. ഈ ആരോപണം ചർച്ചയാക്കിയത് പിണറായി വിജയനും. വിവാദങ്ങളിൽ തുടർന്ന് ഈ കമ്പനി പൂട്ടിയിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിൽ ഉള്ള ചിട്ടി സ്ഥാപനം തട്ടിപ്പു നടത്തിയെന്ന വാർത്ത പുറത്തുവകൊണ്ടു വന്നത് കൈരളി ചാനലായിരുന്നു. പാർട്ടിയുടെ ചാനൽ തന്നെ പുറത്തു കൊണ്ടുവന്ന വിഷയം പിണറായി വിജയൻ ആളിക്കത്തിച്ചു. പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്ക് ഈ സ്ഥാപനത്തിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് വ്യക്തമാക്കിയത്. പിന്നീടാണ് ഈ സ്ഥാപനത്തിന് കോടിയേരിയുടെ മകനുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
ബെൽ ചിറ്റ്സിന്റെ പനമ്പള്ളി നഗരറിലുള്ള ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയും എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് അന്ന് പിണറായിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായത്. ബെൽ ചിറ്റ്സിന്റെ വെബ്സൈറ്റിൽ തന്നെയാണ് ചിത്രങ്ങൾ ഉണ്ടായിരുന്നത്. ബിനോയി കോടിയേരിക്ക് ചിട്ടിക്കമ്പനിയുമായി ബന്ധമുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളിയും അന്ന് പറഞ്ഞിരുന്നു. അതീവ ഗൗരവമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ പിണറായി അന്ന് ചർച്ചയാക്കിയത്. വെള്ളാപ്പള്ളി ബിജെപിയുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലായിരുന്നു ഇത്.
ബെൽസ് ചിട്ടി ഫണ്ട് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിലാണ് കള്ളപ്പണ ഇടപാട് നടത്തുന്നതെന്ന ആരോപണം അന്ന് ഉയർന്നത്. ബെൽസ് ചിട്ടി ഫണ്ടിൽ വെള്ളാപ്പള്ളിക്കും ബന്ധുക്കൾക്കും 70 ശതമാനം വിയർപ്പ് ഓഹരിയുണ്ടെന്നതായിരുന്നു പിണറായി ചർച്ചയാക്കിയത്. സഥാപനത്തിന്റെ 2013-14ലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ 23കോടി രൂപ കണക്കിൽപെടാത്തതായുണ്ടെന്ന് കണ്ടത്തെിയെന്നും പിണറായി പറഞ്ഞിരുന്നു. കള്ളപ്പണക്കാരെ പിടികൂടുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളാപ്പള്ളിയെ പോലുള്ള കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
കൈരളി ചാനൽ പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം. അതേസമം സംഭവം വിവാദമായപ്പോൾ ബെൽചിറ്റ്സിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായിരുന്നു. പിന്നീട് ഈ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇതും പീപ്പിൾ ടിവിയിൽ വാർത്തയായിരുന്നു. ഇതേ വെബ്സൈറ്റിൽ തന്നെയായിരുന്നു ഉദ്ഘാടനത്തിന് കോടിയേരി പങ്കെടുക്കുന്ന ചിത്രവും ഉണ്ടായിരുന്നത്. ഒരു കോടി മുതൽ മുടക്കുള്ള സ്ഥാപനമായിരുന്നു ബെൽ ചിറ്റ്സ്. 10 ലക്ഷം രൂപയുടെവരെ ചിട്ടികൾ നടത്തുന്നു എന്നാണ് കമ്പനിയുടെ ബ്രോഷറിൽ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുടെ മകൻ തുഷാറിന്റെ ഭാര്യ ആശ ആയിരുന്നു അന്ന് മാനേജിങ് ഡയറക്ടർ.
ആശയ്ക്ക് 29.16 ശതമാനം ഓഹരിയുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും അഡീഷണൽ ഡയറക്ടർമാരായിരുന്നു്.. പ്രീതി നടേശന് 29.17 ശതമാനവും വെള്ളാപ്പള്ളിക്ക് 11.67 ശതമാനവും ഓഹരിയുണ്ടായിരുന്നു. സ്ഥാപനത്തിന്റെ പ്രൊമോട്ടറും ഡയറക്ടറുമായിരുന്നു പാലാ സ്വദേശി തോമസ് ജോസഫ് എന്ന ടോമി മാളിയേക്കൽ. 20 ശതമാനം ഓഹരിയും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.