ഓക്ക്‌ലാൻഡ്: ടോങ്കോ ഐലൻഡിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവതം വിമാനസർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഏതാനും ദിവസങ്ങളായി ടോങ്കോ ഐലൻഡിലെ അഗ്നിപർവതം പുകയാൻ തുടങ്ങിയിട്ട്. തലസ്ഥാനമായ നുകുവലോഫയിൽ നിന്ന് 70 കിലോമീറ്റർ ദൂരെയാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്.

മുമ്പ് 2009-ലാണ് ഈ അഗ്നിപർവതം പൊട്ടിയിരുന്നത്. നിലവിൽ രൂപപ്പെട്ടിരിക്കുന്ന സുഷിരം 400 മുതൽ 500 മീറ്റർ വരെ വ്യാപ്തിയുള്ളതാണെന്നും 90 മീറ്റർ ആഴത്തിൽ ഉള്ളതാണെന്നും മിനിസ്ട്രി ഓഫ് ലാൻഡ്‌സ് ആൻഡ് നാച്ചുറൽ റിസോഴ്‌സസ് ഡെപ്യൂട്ടി സെക്രട്ടറി ടാനിയേല ക്യൂല വ്യക്തമാക്കി. ഓരോ അഞ്ചു മിനിട്ടിലും പൊട്ടിക്കൊണ്ടിരിക്കുന്ന അഗ്നിപർവതത്തിൽ നിന്ന് 500 മീറ്ററോളം ഉയരത്തിൽ ചാരം പൊങ്ങുന്നുമുണ്ട്.

അഗ്നിപർവത്തിൽ നിന്നുള്ള വസ്തുക്കൾ ചേർന്ന് ഒരു കിലോമീറ്ററോളം വ്യാപ്തിയിൽ മറ്റൊരു ഐലൻഡ് രൂപീകൃതമായിട്ടുണ്ടെന്നും ക്യൂല വ്യക്തമാക്കുന്നു. ടോങ്കോയിലേക്കുള്ള എയർ ന്യൂസിലാൻഡിന്റെ സർവീസിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് അഗ്നിപർവതം പുകഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വിദഗ്ദ്ധർ ദിവസങ്ങളായി അഗ്നിപർവതത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.