മ്യൂണിക്ക്: ജർമൻ ഫുട്ബോൾ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് 31-കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യൂറോ കപ്പ് പ്രീ-ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് ജർമനി പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

ജർമനിയുടെ മധ്യനിരയിലെ പ്രധാന താരമായിരുന്നു ക്രൂസ്. ജർമനിക്കായി എല്ലാം നൽകിയെന്നും യൂറോ കപ്പ് ജയിക്കുക എന്ന ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും വിടവാങ്ങൽ സന്ദേശത്തിൽ ക്രൂസ് പറഞ്ഞു. അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ താനുണ്ടാവില്ലെന്നും ക്രൂസ് വ്യക്തമാക്കി.

'106മത്സരങ്ങളിൽ ഞാൻ ജർമനിക്കായി കളിച്ചു. ഇനിയൊരു തവണ കൂടി എന്നെ ജർമൻ കുപ്പായത്തിൽ കാണാനാവില്ല. ജർമനിക്കായി 109 മത്സരങ്ങൾ തികച്ച് യൂറോ കപ്പും ജയിച്ച് കരിയർ അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ജർമനി പ്രീ ക്വാർട്ടറിൽ പുറത്തായതോടെ 106 മത്സരങ്ങളിൽ കരിയർ അവസാനിപ്പിക്കുകയാണ്. കരിയറിൽ യൂറോ കപ്പ് മാത്രം നേടാനായില്ലെന്നതാണ് ഏറ്റവും വലിയ ദുഃഖമായി അവശേഷിക്കുന്നത്'

ജർമനിക്കായി 2010-ൽ അരങ്ങേറിയ ക്രൂസ് 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 17 ഗോളുകളും രാജ്യത്തിനായി നേടി. 2014 ലോകകപ്പ് ജേതാക്കളായ ജർമൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം.

യൂറോ കപ്പ് ആരംഭിക്കുന്നതിന് മുമ്പു തന്നെ താൻ വിരമിക്കാനുള്ള തീരുമാനം എടുത്തിരുവെന്നും ക്രൂസ് വിടവാങ്ങൽ സന്ദേശത്തിൽ വ്യക്തമാക്കി. റയൽ മാഡ്രിഡ് താരമായ ക്രൂസ് ഇനി ക്ലബ്ബിനായുള്ള മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.