തിരുവനന്തപുരം: വെള്ളിത്തിരയിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ നിരവധി പേരുണ്ട്. താരങ്ങളെ ഇഷ്ടപ്പെടുന്നതു പോലെ തന്നെ നിരവധി താരജോഡികളെയും മലയാളികൾ നെഞ്ചേറ്റിയിട്ടുണ്ട്.

അഭിനയ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന സത്യനും പ്രേമ-ഗാനരംഗങ്ങളെ എന്നും ഓർമിക്കത്തക്കതാക്കി മാറ്റിയ പ്രേംനസീറും ആക്ഷൻ ഹീറോ ജയനുമൊക്കെ മനസിൽ ഓടിയെത്തുമ്പോൾ അവർക്കൊപ്പം സ്‌ക്രീനിൽ എത്തിയ നായികമാരുടെ കാര്യവും ആരാധകർ ഓർക്കാറുണ്ട്.

നസീർ-സത്യൻ-ജയൻ ത്രയങ്ങൾ കഴിഞ്ഞാൽ പിന്നീട് മമ്മൂട്ടി, മോഹൻലാൽ കാലഘട്ടത്തിലും തുടർന്ന് ന്യൂജനറേഷൻ തരംഗത്തിൽ നിവിൻ പോളി വരെയുള്ളവർക്കും അനുയോജ്യമായ ഏറ്റവും മികച്ച പങ്കാളികളെ മലയാളി പ്രേക്ഷകർ മനസിൽ താലോലിക്കുന്നുണ്ട്. അത്തരത്തിൽ മലയാളികളുടെ മനസിൽ എന്നും ഒളിമങ്ങാതെ നിൽക്കുന്ന പത്തു താരജോഡികൾ ഇതാ...

1. പ്രേം നസീർ-ഷീല

മരം ചുറ്റിപ്രേമത്തിന്റെ കാലഘട്ടം മുതൽ മലയാളികൾ നെഞ്ചേറ്റിയതാണ് പ്രേം നസീർ- ഷീല കൂട്ടുകെട്ടിനെ. ഏറ്റവും അധികം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡു വരെ നേടിയ ഈ ജോഡി തന്നെയാണ് എക്കാലത്തും മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡി. 130 ചിത്രങ്ങളിലാണ് ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചത്. ഗാനരംഗങ്ങളിൽ ഇവർ തമ്മിലുണ്ടായിരുന്ന കെമിസ്ട്രി പിന്നീട് മറ്റൊരു താരജോഡിക്കും കിട്ടിയിട്ടില്ല എന്നാണ് നിരൂപകരുൾപ്പെടെ വിലയിരുത്തുന്നത്.

ഭാര്യമാർ സൂക്ഷിക്കുക, തിരിച്ചടി, അനാച്ഛാദനം,കാണാത്ത വേഷങ്ങൾ, വിവാഹം സ്വർഗത്തിൽ, അവളൽപ്പം വൈകിപ്പോയി, തപസ്വിനി, വിദ്യാർത്ഥി, റസ്റ്റ് ഹൗസ്, ലോട്ടറി ടിക്കറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രേം നസീർ-ഷീല ജോഡി തകർത്തഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ഇരുവരും തമ്മിലുള്ള ഗാനരംഗം സൂപ്പർ ഹിറ്റുകളും ആയിരുന്നു. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് നമ്പർ വൺ താരജോഡി പ്രേം നസീർ-ഷീല തന്നെയാണെന്നു നിസംശയം പറയം.

2. സത്യൻ-ശാരദ

അഭിനയ ചക്രവർത്തി എന്ന വിശേഷണമാണ് സത്യൻ എന്ന മഹാനടനു മലയാളം ചാർത്തിക്കൊടുത്തിട്ടുള്ളത്. അദ്ദേഹത്തിനൊപ്പം വെള്ളിത്തിരയിൽ ജോഡിയായി കാണാൻ മലയാളികൾ ഏറ്റവും അധികം ആഗ്രഹിച്ച നടി ശാരദയാണ്. സ്ത്രീ, മനസ്വിനി, യക്ഷി, അടിമകൾ, കുറ്റവാളി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

പക്വതയാർന്ന ജോഡി എന്ന വിശേഷണമാണ് ഇരുവർക്കും ചലച്ചിത്രലോകം ചാർത്തിക്കൊടുത്തത്. താര, ത്രിവേണി, മിടുമിടുക്കി തുടങ്ങി മലയാളികൾ എന്നും ഓർമിക്കുന്ന നിരവധി ചിത്രങ്ങൾ. മലയാളത്തിന്റെ ദുഃഖപുത്രി എന്നറിയപ്പെട്ട ശാരദയും അഭിനയ ചക്രവർത്തിയായ സത്യനും ഒന്നിച്ച് അഭിനയിച്ച രംഗങ്ങൾ പലപ്പോഴും മലയാളികളുടെ കണ്ണുകൾ ഈറനണിയിക്കുകയും ചെയ്തിട്ടുണ്ട്.

3. മധു-ശ്രീവിദ്യ

ഭാവാഭിനയം കൊണ്ടു മലയാളി പ്രേക്ഷകരെ കീഴടക്കിയ മധുവും മലയാളി മനസുകളുടെ പ്രിയതാരമായ ശ്രീവിദ്യയുമാണ് ആരാധകർ നെഞ്ചേറ്റിയ മറ്റൊരു താരജോഡി. സിനിമകളിൽ മരംചുറ്റി പ്രേമത്തിൽ തുടങ്ങിയ ഇവർ അടുത്ത തലമുറയിലെ പ്രധാന കഥാപാത്രങ്ങളുടെ അച്ഛനമ്മമാർ വരെയായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

മധു-ശ്രീവിദ്യ ജോഡികൾ തകർത്തഭിനയിച്ച വേനലിൽ ഒരു മഴ എന്ന ചിത്രത്തിലെ 'അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്' എന്ന ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. മുത്തുച്ചിപ്പികൾ, ജനകീയ കോടതി, ദന്തഗോപുരം, ഒരു യുഗസന്ധ്യ, താറാവ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സിനിമാലോകത്തെ തന്റെ ഏറ്റവും നല്ല സുഹൃത്താണ് മധുവെന്നു ശ്രീവിദ്യ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

4. ജയൻ-സീമ

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ആക്ഷൻ ഹീറോയാണ് സൂപ്പർ താരം ജയൻ. ജയനെ ഓർക്കുമ്പോൾ ഒപ്പം തന്നെ മലയാളി മനസുകളിലേക്ക് ഓടിയെത്തുന്ന പേരാണ സീമയുടേത്. മൂർഖൻ, അങ്ങാടി, കരിമ്പന, ലിസ, അങ്കക്കുറി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഈ ജോഡി പ്രേക്ഷകരുടെ മനം കവർന്നു.

അങ്ങാടിയിലെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ എന്ന ഗാനം ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനങ്ങളിൽ ഒന്നാണ്. സ്‌ക്രീനിലെ ഒന്നിച്ചുള്ള അഭിനയത്തെ തുടർന്ന് ഇരുവരുടെയും പേരിൽ ഗോസിപ്പുകളും പരന്നിട്ടുണ്ട്. എന്നാൽ, സ്‌ക്രീനിൽ കാമുകിയായും ഭാര്യയായും തന്നോടൊപ്പം അഭിനയിച്ച സീമയോടു സഹോദരതുല്യമായ സ്‌നേഹമാണ് തനിക്ക് ഉണ്ടായിരുന്നതെന്നു ജയൻ പറഞ്ഞിട്ടുണ്ട്. സീമയുടെ കരിയറിലും വ്യക്തിജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി കൂടിയാണ് ജയൻ.

5. മോഹൻലാൽ-ശോഭന

സത്യൻ, പ്രേംനസീർ, ജയൻ കാലഘട്ടം കഴിഞ്ഞു മലയാളികൾ നെഞ്ചേറ്റിയവരിൽ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ നടനാണ് മോഹൻലാൽ. അനായാസ അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത ലാലിന് ഏറ്റവും പറ്റിയ ജോഡിയായി വിലയിരുത്തപ്പെടുന്നത് ശോഭനയാണ്.

അസാധാരണമായ അഭിനയപ്രതിഭയുള്ള ഈ രണ്ടു താരങ്ങളും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ മിക്കതും സൂപ്പർ ഹിറ്റുകളാണ്. ടി പി ബാലഗോപാലൻ എംഎ, മിന്നാരം, മായാമയൂരം, തേന്മാവിൻ കൊമ്പത്ത്, കുഞ്ഞാറ്റക്കിളികൾ, വെള്ളാനകളുടെ നാട്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ ജോഡിയുടേതായി പുറത്തുവന്നിട്ടുള്ളത്. മലയാളി പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇരുതാരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.

6. മമ്മൂട്ടി-സുഹാസിനി

മലയാളികൾ ഒരിക്കലും മറക്കാത്തതും ഏറെ സ്‌നേഹിക്കുന്നതുമായ താരജോഡിയാണ് മമ്മൂട്ടിയും സുഹാസിനിയും. അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഇരുതാരങ്ങളുടെയും സ്‌ക്രീനിലെ ഒന്നിച്ചുള്ള അഭിനയം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുള്ളതാണ്. അക്കാലത്തെ പ്രമുഖ സംവിധായകരുടെയെല്ലാം ഇഷ്ടജോഡിയും ഈ താരങ്ങളായിരുന്നു.

ഭരതൻ, പത്മരാജൻ, ജോഷി, ഫാസിൽ ഐ വി ശശി തുടങ്ങിയ സംവിധായകരെല്ലാം ഈ ജോഡിയെ തങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രണാമം, ആദാമിന്റെ വാരിയെല്ല്, എന്റെ ഉപാസന, കഥ ഇതുവരെ, കൂടെവിടെ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങി നിരവധി ചിത്രങ്ങൾ ആരാധകരുടെ മനസിൽ എന്നും തങ്ങി നിൽക്കുന്നതാണ്. മമ്മൂട്ടിയെ നായകനാക്കി പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്ത രാക്കുയിലിൻ രാഗസദസിൽ എന്ന ചിത്രത്തിലും സുഹാസിനിയെ നായികയാക്കിയത് ഇവരുടെ ഒന്നിച്ചുള്ള അഭിനയത്തിന്റെ രസതന്ത്രം കണക്കിലെടുത്തു തന്നെയാണ്.

7. ജയറാം-ഉർവശി

മറ്റു ജോഡികളിൽ നിന്നു വ്യത്യസ്തമായി ഹാസ്യവും കൈകാര്യം ചെയ്യാൻ കഴിയുന്ന താരജോഡി എന്ന പ്രത്യേകതയാണ് ജയറാം-ഉർവശി കൂട്ടുകെട്ടിനുള്ളത്. നിരവധി മലയാള ചിത്രങ്ങളിൽ ഒത്തുചേർന്ന ഇരുവരും തമിഴ് ചിത്രങ്ങളിലും ജോഡിയായി അഭിനയിച്ചിട്ടുണ്ട്. കടിഞ്ഞൂൽ കല്യാണം, മാളൂട്ടി, മഴവിൽക്കാവടി, ചക്കിക്കൊത്ത ചങ്കരൻ, പൊന്മുട്ടയിടുന്ന താറാവ്, കൂടിക്കാഴ്ച തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെയും ഉർവശിയുടെയും ആരാധകർ ഏറെ ഇഷ്ടപ്പെടുന്നവയാണ്.

8. കുഞ്ചാക്കോ ബോബൻ-ശാലിനി

ആദ്യ ചിത്രം കൊണ്ടു തന്നെ മലയാളം അംഗീകരിച്ച പ്രണയ ജോഡിയായി പ്രതിഷ്ഠിക്കപ്പെട്ടവരാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ ഇരുവരും മലയാളികളുടെ മനസിലേക്കാണു ചേക്കേറിയത്. തുടർന്ന് നക്ഷത്രത്താരാട്ട്, നിറം, പ്രേംപൂജാരി തുടങ്ങിയ ചിത്രങ്ങളും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയജോഡി എന്ന പേരു കുഞ്ചാക്കോ ബോബൻ-ശാലിനി കൂട്ടുകെട്ടിനു നേടിക്കൊടുത്തു. ഒരു കാലത്ത് ശാലിനിയും കുഞ്ചാക്കോ ബോബനും വിവാഹിതരാകാൻ പോകുന്നു എന്ന ഗോസിപ്പുകളും പടർന്നിരുന്നു. വെള്ളിത്തിരയിൽ അത്രയേറെ ഒത്തിണക്കം പ്രകടിപ്പിച്ച ജോഡിയായിരുന്നു ഇത്.

9. ദിലീപ്-കാവ്യ മാധവൻ

മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒന്നാണ് ദിലീപ്-കാവ്യ മാധവൻ കൂട്ടുകെട്ട്. ഗോസിപ്പുകോളങ്ങളിലും ഏറെ നിറഞ്ഞ ഒരു ജോഡിയാണിത്. ചലച്ചിത്രങ്ങളിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും ഇരുവരും ഇണപിരിയാത്തവരാണെന്ന ഗോസിപ്പുകളാണ് പരന്നത്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ ലാൽ ജോസാണ് ഇരുവരെയും ജോഡികളായി ആദ്യം അവതരിപ്പിക്കുന്നത്. അന്നുമുതൽ മലയാളം നിറഞ്ഞ മനസോടെ സ്വീകരിച്ച കൂട്ടുകെട്ടായിരുന്നു ഇത്. മീശമാധവൻ, കൊച്ചി രാജാവ്, പെരുമഴക്കാലം, തിളക്കം, വെള്ളരിപ്രാവിന്റെ ചങ്ങാതി, സദാനന്ദന്റെ സമയം, രാക്ഷസരാജാവ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച് ഈ താരജോഡി മലയാളി പ്രേക്ഷകരുടെ മനം നിറച്ചു.

10. നിവിൻ പോളി-നസ്രിയ നസീം

പുതു തലമുറയിലെ ഏറ്റവും മികച്ച താരജോഡിയായി വിലയിരുത്തപ്പെടുന്നവരാണ് നിവിൻ പോളിയും നസ്രിയ നസീമും. ഒന്നിച്ചഭിനയിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ താരജോഡിക്കു തന്നെയാണ് ഇക്കൊല്ലത്തെ സംസ്ഥാന അവാർഡ്. ഇരുവർക്കും ആദ്യമായി സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അത് ഒരുമിച്ചു കിട്ടി എന്ന പ്രത്യേകതയുമുണ്ട്. നേരം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ജോഡിയായി അഭിനയിക്കുന്നത്. തുടർന്ന് ഓം ശാന്തി ഓശാനയിലും ഇവർ പ്രണയിതാക്കളായി അഭിനയിച്ചു. സൂപ്പർ ഹിറ്റായ ബാംഗ്ലൂർ ഡേയ്‌സിൽ അർധ സഹോദരങ്ങളായി അഭിനയിച്ചപ്പോഴും ഏറെ അഭിനന്ദനം ഏറ്റുവാങ്ങാൻ ഈ താരങ്ങൾക്കു കഴിഞ്ഞിരുന്നു. സിനിമയ്ക്കു പുറത്തും നല്ല സുഹൃത്തുക്കളാണ് ഈ പുതുതലമുറ താരങ്ങൾ.