പാരീസ്: യുറോ കപ്പിന് ശേഷം മൂകതയിലായ ഫുട്‌ബോൾ കളങ്ങൾക്ക് ഇനി വീണ്ടും ആർപ്പുവിളികളുടെ ആവേശം. യുറോപ്പിലെ മൂന്നു പ്രമുഖ ലീഗുകൾക്ക് ഇന്ന് തുടക്കമാകും. കഴിഞ്ഞാഴ്‌ച്ച തുടങ്ങിയ ഫ്രഞ്ച് ലീഗിനൊപ്പം ഇംഗ്ലണ്ടിലും സ്‌പെയിനിലും ജർമനിയിലും ഇന്ന് പന്തുരുണ്ട് തുടങ്ങും. അടുത്താഴ്‌ച്ച ഇറ്റാലിയൻ ലീഗ് കൂടി തുടങ്ങുന്നതോടെ കളിയാവേശം അതിന്റെ പരകോടിയിലെത്തും.ഒട്ടനവധി സവിശേഷതകളും ഇക്കുറി ലീഗുകൾക്ക് ഉണ്ട്. റോമസ് റയൽ മാഡ്രിഡ് വിട്ടും മെസി ബാഴ്‌സ വിട്ടും പിഎസ്ജിയിലെത്തിയത് ഇത്തവണയാണ്. തങ്ങളെ വിശ്വസിച്ച പിഎസ്ജിക്ക് കിരീടം സമ്മാനിക്കാൻ ഇരുവരും ഒരുമിക്കുമ്പോൾ പിഎസ്ജിക്ക് പ്രതീക്ഷകൾ ഏറെയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യമത്സരത്തിൽ ആഴ്സനൽ, ബ്രന്റ്ഫോർഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ചെൽസി തുടങ്ങിയ വമ്പന്മാർക്കെല്ലാം നാളെയാണ് ആദ്യ മത്സരം.പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്ഫോർഡ്. ജേഡൻ സാഞ്ചോയും റാഫേൽ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും. ചാംപ്യൻസ് ലീഗിന് പിന്നാലെ യുവേഫ സൂപ്പർകപ്പും നേടിയ ചെൽസിക്ക് ക്രിസ്റ്റൽ പാലസാണ് എതിരാളികൾ.

ലുക്കാക്കു കൂടിയെത്തിയാൽ ചെൽസിയുടെ ആക്രമണത്തിന് മൂർച്ച കൂടും. ആദ്യമത്സരത്തിൽ ലിവർപൂൾ നോർവിച്ച് സിറ്റിയെ നേരിടും. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും തമ്മിലുള്ള സൂപ്പർ പോരാട്ടമാണ് ഈ ആഴ്ചത്തെ ശ്രദ്ധാകേന്ദ്രം.ടോട്ടനം നായകൻ ഹാരി കെയ്നെ റെക്കോർഡ് തുകയ്ക്ക് സിറ്റി സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. മറ്റന്നാളാണ് സിറ്റി- ടോട്ടനം പോരാട്ടം.

ലിയോണൽ മെസിയില്ലാത്ത ആദ്യ ലാലിഗ സീസണിനും ഇന്ന് തുടക്കമാകും. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ വലൻസിയ, ഗെറ്റഫയെ നേരിടും. മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയുമില്ലാത്ത ആദ്യ ലാ ലിഗ സീസൺ എങ്ങനെയായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മെസിയിൽ കേന്ദ്രീകരിച്ച് കളിയൊരുക്കിയ ബാഴ്സയ്ക്ക് പുതിയ സീസണാണിത്.

അന്റോയിൻ ഗ്രീസ്മാൻ, സെർജിയോ അഗ്യൂറോ, മെംഫിസ് ഡിപെ, കുടിഞ്ഞോ എന്നിവർ എങ്ങനെ ഒത്തിണങ്ങുമെന്നതും പ്രധാനം. മുൻനിര താരങ്ങളുടെ പരിക്കിൽ തുടക്കം പിഴയ്ക്കുമോയെന്ന ആശങ്കയിലാണ് റയൽ മാഡ്രിഡ്. ടോണി ക്രൂസ്, ഡാനി കാർവഹാൽ, കരീം ബെൻസെമ, ഫെർലൻഡ് മെൻഡി, ഈഡൻ ഹസാർഡ് എന്നിവർക്കെല്ലാം അലാവെസുമായുള്ള നാളത്തെ മത്സരം നഷ്ടമായേക്കും.നിലവിലെ ചാംപ്യന്മാരായ അത്ലറ്റികോ മാഡ്രിഡും ബാഴ്സലോണയും മറ്റന്നാളാണ് കളത്തിലിറങ്ങുക. ബാഴ്സലോണ റയൽ സോസിദാദിനെയും അത്ലറ്റിക്കോ സെൽറ്റാ വിഗോയെയും നേരിടും.

21ന് രാത്രി 10ന് ഇന്റർ മിലാൻ ജെനോവ മത്സരത്തോടെയാണ് ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിനു തുടക്കമെങ്കിലും ആരാധകർ കാത്തിരിക്കുന്ന മത്സരം 22ന് ഞായറാഴ്ചയാണ്. രാത്രി 10നു യുവന്റസ് എവേ ഗ്രൗണ്ടിൽ ഉഡിനെസിനെ നേരിടും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇറ്റലിയിലെ അവസാന സീസണായിരിക്കും ഇതെന്ന സൂചനയുള്ളതിനാൽ ഓരോ പോരാട്ടത്തിനായും ആരാധകർ കാത്തിരിക്കുന്നു.

കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടാൻ കഴിയാതെ പോയതു യുവെയ്ക്കും ക്രിസ്റ്റ്യാനോയ്ക്കും സ്വകാര്യസങ്കടമായി ഉള്ളിലുണ്ട്. 2022 ജൂൺ 30നു യുവെയുമായുള്ള കരാർ തീരുന്ന ക്രിസ്റ്റ്യാനോ ഫ്രഞ്ച് ലീഗിൽ മെസ്സിക്ക് ഒപ്പം കളിക്കാൻ വരുമെന്ന പ്രതീക്ഷ പിഎസ്ജി ഉടമ പങ്കുവച്ചിരുന്നു.