- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനോടെയോ അല്ലാതെയോ ഇയാളെ പിടിച്ചുകൊടുത്താൽ കിട്ടക രണ്ടരക്കോടി രൂപ! 76 സിആർപിഎഫുകാരെ കൊലപ്പെടുത്തിയ 2010ലെ ആക്രമണത്തിന്റെ സൂത്രധാരൻ; സിഐഎസ്എഫിന്റെ ക്യാമ്പാക്രമിച്ച് വധിച്ചത് എട്ട് സൈനികരെ; കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ അടക്കമുള്ളവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി; ദാവൂദ് ഇബ്രഹീമിനേക്കാൾ രാജ്യം തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങുന്നു
ന്യൂഡൽഹി: രാജ്യം തലക്ക് രണ്ടരക്കോടി വിലയിട്ട കുറ്റവാളി. ദാവൂദ് ഇബ്രാഹിമിനേക്കാൾ രാജ്യം തലയ്ക്ക് വിലയിട്ടത് ഗണപതി എന്ന പേരിലറിയപ്പെടുന്ന മാവോയിസ്റ്റ്് നേതാവ് മുപ്പല ലക്ഷ്മണ റാവുവിനെയാണ്. എന്നാൽ ഇയാൾ ഉടൻ തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. വിവിധ ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. 2014 റിപ്പോർട്ട് പ്രകാരം ഗണപതിയെ ജീവനോടടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലം മൊത്തം 2.52 കോടി രൂപയാണ്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സർക്കാരുകൾ ഒരു കോടി രൂപ വീതവും ആന്ധ്രാപ്രദേശ് 25 ലക്ഷം രൂപയും ജാർഖണ്ഡ് 12 ലക്ഷം രൂപയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 15 ലക്ഷം രൂപയുമാണ് ഇയാളുടെ തലക്ക് വിലയിട്ടത്്. എന്നിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ വയസ്സ് 75 ആയ ഗണപതി അനാരോഗ്യം മൂലമാണ് കീഴടങ്ങുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
സിപിഐ മാവോയിസ്റ്റ് മുൻ ജനറൽ സെക്രട്ടറിയായാണ് ഗണപതി. തെലങ്കാനയിലെ കരീംനഗർ ജില്ലയിലാണ് ഗണപതിയുടെ സ്വദേശം. അദ്ധ്യാപകനായിരുന്നു. യൗവനകാലത്തുതന്നെ ഇദ്ദേഹം മാവോയിസ്റ്റ് ആശയത്തിൽ ആകൃഷ്ടൻ ആവുകയായിരുന്നു. 1995ൽ ഒരു ഒരു ഡി എസ് പി അടക്കം 25 പൊലീസുകാരെ, ഇവർ സഞ്ചരിച്ച വാൻ ബോംബിട്ട തകർത്ത്് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗണപതി അറിയപ്പെട്ടുതുടങ്ങിയത്്. 2006ൽ ഗണപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ എറാബോർ മേഖലയിൽ സാൽവാ ജുഡുമിനൊപ്പമുണ്ടായിരുന്ന 35 ആദിവാസികളെ കൊലപ്പെടുത്തിയത്. ഇതേവർഷം മാവോയിസ്റ്റുകൾ ഉപൽമേത ക്യാമ്പിൽ 22 പൊലീസുകാരെ കൊന്നു. 14 നാഗ സൈനികരുണ്ടായിരുന്ന വാൻ കത്തിച്ചു. 2008ൽ സിഐഎസ്എഫിന്റെ ഹിരോളി മൈൻസ് ക്യാമ്പാക്രമിച്ച് എട്ട് സൈനികരെ വധിച്ചു
.മൂന്ന് തട്ടുള്ള സുരക്ഷാസംവിധാനമാണ് മാവോയിസ്റ്റുകൾ, 74കാരനായ ഗണപതിക്കായി ഒരുക്കിയിട്ടുള്ളത്. 7, 70 നമ്പറുള്ള സായുധ ദളങ്ങൾക്കാണ് ഗണപതിയുടെ സംരക്ഷണച്ചുമതല എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇടതുപക്ഷ തീവ്രവാദി സംഘടനകളല്ലാത്ത, മറ്റ് തീവ്രവാദി സംഘടനകളുമായും ഗണപതി ബന്ധം പുലർത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുമായും ശ്രീലങ്കയിലെ എൽടിടിഇയുമായും ഫിലിപ്പൈൻസിലെ തീവ്രവാദ സംഘടനകളുമായും മറ്റും. ഇതിലൂടെ സിപിഐ മാവോയിസ്റ്റ് പാർട്ടിക്ക് ആയുധങ്ങളും പിന്തുണയും കണ്ടെത്താൻ ഗണപതിക്ക് കഴിഞ്ഞു. സായുധ വിപ്ലവ തീവ്രവാദ ലൈനിലായിരുന്നെങ്കിലും രാഷ്ട്രീയമായ മുന്നേറ്റങ്ങൾക്കും സംഘാടനത്തിനും ഗണപതി പ്രാധാന്യം നൽകിയപ്പോൾ മാവോയിസ്റ്റുകളുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായിരുന്ന ബസവരാജു കൂടുതൽ തീവ്രമായ സൈനിക ലൈൻ ആണ് ആവശ്യപ്പെട്ടത്. ബസവരാജു സംഘടനയിൽ കരുത്തനാവുകയും ജനറൽ സെക്രട്ടറിയാവുകയും ഗണപതിക്ക് പുറത്തുപോകേണ്ടി വരുകയും ചെയ്തു.
സിപിഐ മാവോയിസ്റ്റ് പാർട്ടി രൂപീകരിച്ച് 16 വർഷമാകുമ്പോളാണ് ഗണപതിയുടെ കീഴടങ്ങൽ തീരുമാനം. 2004 സെപ്റ്റംബർ മുതൽ 2018 വരെ സിപിഐ മാവോയിസ്റ്റിനെ നയിച്ചത് ഗണപതിയാണ്. ഇക്കാലത്താണ് അന്നത്തെ പ്രധാമന്ത്രി മന്മോഹൻ സിങ്, ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാഭീഷണിയെന്ന് സിപിഐ മാവോയിസ്റ്റിനെ വിളിച്ചത്.
76 സിആർപിഎഫുകാരെ കൊലപ്പെടുത്തിയ 2010ലെ താഡ്മെട്ല ആക്രമണം, 31 പേരെ കൊലപ്പെടുത്തി ജിറാ ഗാട്ടി ആക്രമണം തുടങ്ങിയവയ്ക്കെല്ലാം ഗണപതി നേരിട്ട് മേൽനോട്ടം വഹിച്ചതായി ഉന്നത പൊലീസ് - അർദ്ധസൈനിക ഉദ്യോഗസ്ഥർ കരുതുന്നു. ഛത്തീസ്ഗഡ് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന നന്ദ് കുമാർ പട്ടേൽ, മാവോയിസ്റ്റുകളെ നേരിടാനെന്ന പേരിൽ രൂപീകരിച്ച സാൽവാ ജുഡും എന്ന ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ അടക്കമുള്ളവർ ജിറാ ഗാട്ടി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്