ന്യൂയോർക്ക്: 'ഞങ്ങളുടെ ശരീരങ്ങളല്ല, യുദ്ധങ്ങളാണ് അശ്ലീല'മെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാറുമറയ്ക്കാതെ തെരുവിലിറങ്ങിയത് നൂറുകണക്കിന് യുവതികൾ. ന്യുയോർക്കിലാണ് സംഭവം. പത്താമത് 'ഗോ ടോപ്‌ലെസ് ഡേ പരേഡി'ന്റെ ഭാഗമായാണ് ഈ മേനിപ്രദർശനം. കാർണിവൽ സമാനമായ അന്തരീക്ഷത്തിൽ നടന്ന റാലിയിൽ, നൂറുകണക്കിന് യുവാക്കളും ഇവർക്കൊപ്പം ചേർന്നു.

കൊളംബസ് സർക്കിളിൽനിന്ന് ബ്രയന്റ് പാർക്കിലേക്കായിരുന്നു നഗ്നറാലി. 2007-ൽ നെവാദ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോ ടോപ്‌ലെസ് എന്ന സംഘടനയാണ് ഈ റാലി ആദ്യമായി സംഘടിപ്പിച്ചത്. അന്നുമുതൽ എല്ലാവർഷവും ന്യുയോർക്കിൽ റാലി നടക്കാറുണ്ട്. ലിംഗസമത്വത്തിനും സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതിനുമെതിരെയാണ് റാലി.

എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പരേഡിൽ പങ്കെടുത്തിരുന്നു. പത്തുവർഷമായി ഈ റാലിയിൽ പങ്കെടുന്നുണ്ടെന്നും മറ്റെന്തിനെക്കാളും ഇതിന് പ്രധാന്യം നൽകുന്നുവെന്നും ഫെഡറൽ ഗവൺമെന്റ് ജീവനക്കാരിയായ റെബേക്ക ബാർവിക്ക് പറയുന്നു. വിർജീനിയയിൽനിന്നും റാലിയിൽ പങ്കെടുക്കുന്നതിനുമാത്രമായാണ് അവർ ന്യുയോർക്കിലെത്തിയത്.

പുരുഷന്മാരുടേതുപോലെ സ്ത്രീകളുടെ ശരീരവും സ്വാഭാവികമായി കാണാൻ സമൂഹം തയ്യാറാകാണമെന്ന സന്ദേശമാണ് ഇത്തവണത്തെ റാലി മുന്നോട്ടുവെക്കുന്നത്. പുരുഷന്മാർക്ക് മേലുടുപ്പിടാതെ എവിടെയും പോകാമെങ്കിൽ, എന്തുകൊണ്ട് സ്ത്രീകൾക്കും അത്തരത്തിൽ സഞ്ചരിച്ചുകൂടായെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ ചോദിക്കുന്നു.

അമേരിക്കയിൽ സ്ത്രീകൾ മാറുമറയ്ക്കണമെന്ന് നിർബന്ധമില്ല. ന്യുയോർക്കിൽ സ്ത്രീകൾ മാറുമറയ്‌ക്കേണ്ടതില്ലെന്ന് 1992-ൽ നിയമം അംഗീകരിക്കുകയും ചെയ്തു. നിലവിൽ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് മാറുമറയ്ക്കൽ നിർബന്ധമാക്കിയിട്ടുള്ളത്. ഇന്ത്യാന, ഉട്ട, ടെന്നസി എന്നിവിടങ്ങളിൽ.

ടോപ്‌ലെസ് ഡേ പരേഡ് ന്യുയോർക്കിൽ മാത്രമാണ് നടക്കുന്നതെങ്കിലും, പല നഗരങ്ങളിലും ഇതിന്റെ ചുവടുപിടിച്ച് വിവിധ പരിപാടികൾ നടത്താറുണ്ട്. വെനീസ് ബീച്ച്, കാലിഫോർണിയ, ഡെൻവർ, കൊളറാഡോ, ഫീനിക്‌സ്, അരിസോണ തുടങ്ങി 29 നഗരങ്ഹളിൽ ഗോ ടോപ്‌ലെസ് ഡേയുമായി ബന്ധപ്പെട്ട് പരിപാടികളുണ്ടായിരുന്നു. സ്ത്രീസ്വാതന്ത്ര്യ ദിനത്തിന്റെ 97-ാം വാർഷികം കൂടിയായിരുന്നു ഈദിവസം.