മൃഗസ്നേഹി ഗ്രൂപ്പുകളായ അനിമൽനാച്വറലിസ്, പിഇടിഎ കാംപയിനർമാർ മൃഗങ്ങൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ നോർത്തേൺ സ്പെയിനിലെ പാംപ്ലോനയിൽ പ്രതിഷേധ മാർച്ച് നടത്തി തെരുവിലിറങ്ങി. മാർച്ചിൽ പങ്കെടുത്ത നിരവധി സ്ത്രീകൾ മേൽ വസ്ത്രം ഉരിഞ്ഞ് കളഞ്ഞിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ നടത്തുന്ന ഏത് സമരം ശ്രദ്ധേയമാകണമെങ്കിലും സ്ത്രീകൾ മേൽ വസ്ത്രം ഉപേക്ഷിക്കേണ്ടുന്ന ഗതികേടാണുള്ളത്. മൃഗസ്നേഹിഗ്രൂപ്പുകൾ നടത്തിയ മാർച്ചിൽ സ്ത്രീകൾ മേൽ വസ്ത്രം ഉപേക്ഷിച്ചതിന് പുറമെ മൃഗങ്ങളോട് സഹതാപം പ്രകടിപ്പിക്കുന്നതിനായി കൊമ്പുകൾ തലയിൽ അണിയുകയും കൃത്രിമ രക്തം പൂശുകയും ചെയ്തിരുന്നു.

വർഷം തോറും ഇവിടെ നടത്തുന്ന കാളയോട്ടത്തിനും കാളപ്പോരിനുമെതിരെ പ്രതിഷേധിക്കുന്നതിനാണീ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വർഷം തോറും നടത്തുന്ന കാളയോട്ടവും കാളപ്പോരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ആരാധകരെ ആകർഷിക്കുന്നുണ്ട്. ഇത് തികച്ചും അനാവശ്യമായ പരിപാടിയാണെന്നും സാധുമൃഗങ്ങളെ ഉപദ്രവിക്കുന്നതിനും കൊല്ലുന്നതിനും ഇത് വഴിയൊരുക്കുന്നുവെന്നും അവർ ആരോപിക്കുന്നു.പാംപ്ലോനയിൽ ഉടൻ നടക്കാനിരിക്കുന്ന ഫെർമിൻ ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ നടക്കവെയാണ് അതിനെതിരെയുള്ള പ്രതിഷേധവും ശക്തമായിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ കാളകളെ പ്രകോപിച്ച് കൊണ്ട് തെരുവുകളിലൂടെ ഓടാറുണ്ട്.

പ്രതിഷേധത്തിന് മുന്നോടിയായി അനിമൽനാച്വറലിസിന്റെ സ്പെയിനിലെ ഡയറക്ടറായ എയ്ഡ ഗസ്സ്‌കോൻ ഒരു പ്രസ്താവന വായിച്ചിരുന്നു. ഇവിടുത്തെ പരമ്പരാഗത കാളപ്പോരിനെ കടുത്ത ഭാഷയിൽ അവർ ഇതിലൂടെ വിമർശിച്ചിരുന്നു. അടുത്ത് തന്നെ ഇവിടെ നടക്കുന്ന കാളപ്പോരിലൂടെ 50 കാളകളെയെങ്കിലും പീഡിപ്പിച്ച് കൊല്ലുമെന്നാണവർ ആരോപിക്കുന്നത്.
കാളകൾ ഇത്തരത്തിൽ മരണത്തോട് അടുക്കുമ്പോൾ അത്യധികമായ നരകയാതന അനുഭവിക്കുന്നുവെന്നു അവർ അപലപിക്കുന്നു. ഈ കൊലകൾ നിർത്താൻ സാധിക്കില്ലെന്നറിയാമെന്നും എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ നരകയാതനകളും മരണങ്ങളും ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും എയ്ഡ ഗസ്സ്‌കോൻ വിശദീകരിക്കുന്നു.

ഇതിലൂടെ ഈ മൃഗങ്ങളുടെ നേർക്ക് നീതിയും ദയയും കാട്ടണമെന്ന് ഇവിടുത്തെ രാഷ്ട്രീയ പ്രതിനിധികളോട് തങ്ങൾ ആവശ്യപ്പെടുകയാണെന്നും അവർ വെളിപ്പെടുത്തുന്നു. കാളപ്പോരിനെതിരെ വൻതോതിൽ എതിർപ്പുകൾ ഉയർന്ന് വന്നിട്ടും ഇതിന് അനുമതി നൽകുന്നതെന്താണെന്ന് തങ്ങൾക്ക് മനസിലാകുന്നില്ലെന്നും അവർ പറയുന്നു. കഴിഞ്ഞ 14 വർഷങ്ങളായി ഇവർ ഇതിനെതിരെ പാംപ്ലോനയിൽ പ്രതിഷേധം സംഘടിപ്പിച്ച് വരുന്നുണ്ട്. സാൻഫെർമിൻ വിത്ത് ഔട്ട് ബ്ലഡ് എന്ന പേരിൽ ഈ സമ്മറിൽ ഇതിനെതിരെ ഒരു പെറ്റീഷൻ ലോഞ്ച് ചെയ്തിരുന്നു. ഇതിൽ 150,000 പേർ ഒപ്പ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ പെറ്റീഷൻ സിറ്റി ഓഫ് പാംപ്ലോന, ഗവൺമെന്റ് ഓഫ് നവാറെ എന്നിവയ്ക്ക് മുമ്പിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ്.