പാരീസ്: അർധനഗ്നമായ ശരീരം പ്രദർശിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ യുവതിയുടെ പ്രതിഷേധം. പാരീസിൽ വച്ചാണ് നഗ്നമായ മാറിടം കാട്ടി യുവതി ട്രംപിന്റെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിന് ട്രംപ് പാരീസിലെത്തിയപ്പോഴായിരുന്നു യുവതിയുടെ പ്രതിഷേധ പ്രകടനം.

പ്രധാന റോഡിലൂടെ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പെട്ടെന്ന് യുവതി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ 'വ്യാജ സമാധാനസ്ഥാപകൻ' എന്ന എഴുത്തുമുണ്ടായിരുന്നു. ഇവർ ഫീമെൻ എന്ന സ്ത്രീവാദ സംഘടനയുടെ അംഗമാണെന്നും സൂചനയുണ്ട്. വാഹന വ്യൂഹത്തിന് ഏതാനും മീറ്ററുകൾ ദൂരെവെച്ച് പൊലീസ് യുവതിയെ തടഞ്ഞു.

ഏഴുപതോളം ലോക നേതാക്കൾ പങ്കെടുക്കുന്നതായിരുന്നു പാരീസിൽ നടന്ന ചടങ്ങ്. ലിംഗവിവേചനം, വംശീയത തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള സംഘടനയാണ് ഫീമെൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാരീസ് പൊലീസ് വ്യക്തമാക്കി.