ഇന്ത്യാനപൊലിസ്: വ്യത്യസ്ത സമയങ്ങളിൽ ആഞ്ഞടിച്ച രണ്ട് ശക്തമായ ടൊർണാഡോയെ തുടർന്ന് യുഎസ് സംസ്ഥാനമായ ഇന്ത്യാനയിൽ പരക്കെ നാശനഷ്ടം. കെട്ടിടങ്ങൾ തകരുകയും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. ഇന്ത്യാനപൊലിസിന്റെ വടക്ക് കൊക്കോമോ ടൗണിൽ വീശിയ ടൊർണാഡോ അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളുടെ മേൽക്കൂര തകർത്തു.

നാശനഷ്ടം വിതച്ചുകൊണ്ട് എത്തിയ ടൊർണാഡോ ഒട്ടേറെ വീടുകൾ തകരാനും കാരണമായി. വാഹനങ്ങൾ പാർക്കു ചെയ്തിരുന്ന യാർഡിൽ വ്യാപകമായ നഷ്ടമാണ് ടൊർണാഡോ വരുത്തിയത്. കാറുകൾ മലക്കം മറിഞ്ഞ് ഉപയോഗശൂന്യമായ സ്ഥിതിയിലായി.

അതേസമയം വ്യാപകമായ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആർക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടില്ല. ചില സ്ഥലങ്ങളിൽ ഏതാനും പേർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ട്. ആൾക്കാർ വീടിനുള്ളിൽ തന്നെ കഴിയാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊക്കോമോ മേഖലയിൽ മണിക്കൂറിൽ 165 മൈൽ വേഗത്തിലാണ് ടൊർണാഡോ വീശിയത്. ഈ മേഖലയിൽ ഉടൻ തന്നെ സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കി നിവാസികൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുമുണ്ട്. 32,000-ത്തിലധികം കസ്റ്റമേഴ്‌സിന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതായി യൂട്ടിലിറ്റി കമ്പനികൾ വ്യക്തമാക്കി.