- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊറന്റോ സെന്റ് തോമസ് ദേവാലയ കൂദാശ രണ്ടിന്
ടൊറന്റോ: സിറോ മലബാർ സഭയുടെ ഭാരതത്തിനു പുറത്തുള്ള പ്രഥമ എക്‌സാർക്കേറ്റിലെ പ്രഥമ ദേവാലയമെന്ന പെരുമ പുതുവർഷപ്പിറവിയോടെ സ്വന്തമാക്കാൻ സെന്റ് തോമസ് ഇടവക ഒരുങ്ങി. സ്‌കാർബ്രോയിലെ കെന്നഡി സബ് വേ സ്‌റ്റേഷനുസമീപം അയൺവ്യു റോഡിലുള്ള ദേവാലയത്തിന്റെ കൂദാശ ജനുവരി രണ്ടിനു രാവിലെ പത്തിനു എക്‌സാർക്കേറ്റിന്റെ അജപാലകൻ മാർ ജോസ് കല്ലുവേലിൽ നിർ
ടൊറന്റോ: സിറോ മലബാർ സഭയുടെ ഭാരതത്തിനു പുറത്തുള്ള പ്രഥമ എക്‌സാർക്കേറ്റിലെ പ്രഥമ ദേവാലയമെന്ന പെരുമ പുതുവർഷപ്പിറവിയോടെ സ്വന്തമാക്കാൻ സെന്റ് തോമസ് ഇടവക ഒരുങ്ങി. സ്‌കാർബ്രോയിലെ കെന്നഡി സബ് വേ സ്‌റ്റേഷനുസമീപം അയൺവ്യു റോഡിലുള്ള ദേവാലയത്തിന്റെ കൂദാശ ജനുവരി രണ്ടിനു രാവിലെ പത്തിനു എക്‌സാർക്കേറ്റിന്റെ അജപാലകൻ മാർ ജോസ് കല്ലുവേലിൽ നിർവഹിക്കും.
എൺപതുകളുടെ തുടക്കത്തിൽ കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാർക്കായി ടൊറന്റോ അതിരൂപത ആശീർവദിച്ച സെന്റ് തോമസ് അപ്പസ്‌തോലിക് മിഷനിൽനിന്നു എക്‌സാർക്കേറ്റ് വരെയായി വളർന്ന വിശ്വാസിസമൂഹത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. ഈ ഇടവകയിൽ മാത്രം നാനൂറ്റൻപതിലേറെ കുടുംബാംഗങ്ങളാണു ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു വികാരി ഫാ. തോമസ് വാലുമ്മൽ അറിയിച്ചു. ആരാധനയിൽ പങ്കെടുക്കാൻ എത്തുന്നവരും ഏറെയാണ്. വേദപാഠ ക്‌ളാസുകളിൽ മൂന്നൂറിലേറെ കുട്ടികളുണ്ട്. ഒരു വർഷമായുള്ള ഇടവകസമൂഹത്തിന്റെ കഠിനപ്രയത്‌നത്തിന്റെയും സംഭാവനയുടെയുമെല്ലാം ഫലമാണു പുതിയ ദേവാലയം.
അറുപതകളുടെ മധ്യത്തിലാണു കേരളത്തിൽനിന്നു കാനഡയിലേക്കു സീറോ മലബാർ വിശ്വാസികളുടെ കുടിയേറ്റത്തിന്റെ ഒഴുക്കു തുടങ്ങിയത്. ആതുരസേവന രംഗത്ത് ഉൾപ്പെടെയുള്ള ജോലികൾക്കായും ഉന്നതവിദ്യാഭ്യാസത്തിനുമായി എത്തിയ ഇക്കൂട്ടരിൽ ഭൂരിപക്ഷവും എത്തിയത് ടൊറന്റോയിലാണ്. പിന്നാലെ ഇവരുടെ സഹോദരങ്ങളും മാതാപിതാക്കളും ബന്ധുമിത്രാദികളുമെല്ലാം എത്തിയതോടെ വലിയൊരു സമൂഹമായി അതു മാറുകയായിരുന്നു. തുടക്കത്തിൽ ഇവിടുത്തെ ദേവാലയങ്ങളിലെ ആരാധനകളിൽ പങ്കാളികളായ മലയാളിസമൂഹത്തിനായി, 1977ൽ ഫാ. തോമസ് തോട്ടുങ്കലിനെ ഇന്ത്യൻ ഒറിജൻ കാത്തലിക്‌സ് ചാപ്‌ളിൻ ആയി നിയമിച്ചതു പ്രചോദനമായി. 1982ൽ സെന്റ് തോമസ് അപ്പസ്‌തോലിക് മിഷൻ രൂപവത്കരിച്ചതാണ് വളർച്ചയിൽ വഴിത്തിരിവായത്. ഇതെത്തുടർന്ന് ഫാ. ജോസഫ് കണ്ണത്ത് ആദ്യ വികാരിയായി സെന്റ് തിമോത്തി സ്‌കൂൾ ജിമ്മിൽ തുടങ്ങിയ ബലിയർപ്പണമാണ് സ്‌കാർബ്രോ പ്രഷ്യസ് ബ്ലെസ്ഡ് ദേവാലയത്തിൽ തുടർന്നുകൊണ്ടിരുന്നതും ഇപ്പോൾ സ്വന്തം ദേവാലയത്തിൽ ഒത്തുകൂടാൻ വഴിയൊരുക്കുന്നതും. 1988 മുതൽ 2010ൽ സീറോ മലബാർ മിഷനു തുടക്കമിടുംവരെ സിഎംഐ സന്യാസസമൂഹമാണ് ആത്മീയസേവനം ലഭ്യമാക്കിയത്.
ഫാ. ജയിംസ് ചേരിക്കൽ വികാരിയായിരിക്കെ തുടക്കമിട്ട ആലോചനയാണ്, മാർ ജോസ് കല്ലുവേലിൽ വികാരിയായി എത്തിയതോടെ സജീവമായതും, ഇപ്പോൾ സ്വപ്നസാഫല്യത്തിന്റെ മണി മുഴക്കുന്നതും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തിൽ നടന്ന കാനഡയിലെ എക്‌സാർക്കേറ്റിന്റെ പ്രഖ്യാപനത്തിനും പ്രഥമ എക്‌സാർക്കായി മാർ ജോസ് കല്ലുവേലിൽ വാഴിക്കപ്പെട്ടതിനും പിന്നാലെയാണ് ഈ നേട്ടമെന്നത് എക്‌സാർക്കേറ്റിനും ഇടവകയ്ക്കും സമ്മാനിക്കുന്നത് ഇരട്ട ആഹ്‌ളാദം. ഇരുപതോളം സെന്ററുകളുമായി സെപ്റ്റംബറിൽ രൂപീകൃതമായ എക്‌സാർക്കേറ്റിൽ കാനഡയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ മുപ്പതിലേറെ സെന്ററുകളാണുള്ളത്. സ്വന്തമായി ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈദികപഠന കേന്ദ്രവുമെല്ലാമുള്ള രൂപതാ പദവിയിലേക്കുള്ള കുതിപ്പിനുകൂടിയാണ് സെന്റ് തോമസ് ദേവാലയത്തിന്റെ പൂർത്തീകരണത്തോടെ തുടക്കമിടുന്നത്.
ഫാ. തോമസ് വാലുമ്മൽ (വികാരി, സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ച്, ടൊറന്റോ).
റിപ്പോർട്ട്: ജോസ് തോമസ്