ടൊറന്റോ/ന്യൂയോർക്ക്: അഹിംസ ലോകസമാധാനം സ്നേഹം അംഗീകാരം ഇവയ്ക്ക് ഊന്നൽ നൽകി ആഗോള മതമൗലികവാദികളെ പങ്കെടുപ്പിച്ച 2018 ലോക മത പാർലമെന്റിന് (പാർലമെന്റ് ഓഫ് വേൾഡ് റിലീജിയൺസ്) ടൊറന്റൊ സിറ്റി സാക്ഷ്യം വഹിച്ചു. 1893-ന് ഷിക്കാഗോയിൽ നടന്ന ഇതേ ലോക മത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിലൂടെ ഇന്ത്യയുടെ ആത്മീക പൈതൃകം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. അതിനു ശേഷം നൂറിലധികം വർഷങ്ങളുടെ ഇടവേളയിൽ വീണ്ടും ആരംഭിച്ച് നവംബർ 1 മുതൽ 7 വരെ ടൊറന്റൊയിൽ നടന്ന ലോക മത പാർലമെന്റിൽ 80 ലോക രാഷ്ട്രങ്ങളിൽ നിന്നായി പതിനായിരത്തോളം പ്രതിനിധികളും 200-ലധികം അതിവിശിഷ്ട ആത്മീയ നേതാക്കളും പങ്കെടുത്തു. 1893-ൽ ഷിക്കാഗോയിൽ ആരംഭിച്ച ലോകമത സമ്മേളനത്തിന്റെ ആഗോള സമ്മേളനങ്ങിൽ ഏഴാമത്തെ സമ്മേളനമാണ് ടൊറന്റൊയിൽ 2018-ൽ നടന്നത്.

പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രത്യേക അഹിംസാ അവാർഡിന് ഇന്ത്യയിൽ നിന്നുള്ള പരാമർദ് നികേതൻ പ്രസിഡന്റ് പൂജ്യ സ്വാമി ചിദാനന്ദ് സരസ്വതി അർഹനായി. ലോകമത പാർലമെന്റ് ചെയർമാൻ ഡോ. റോബർട്ട് സെണ്ടേഴ്സ്, പാർലമെന്റ് ട്രസ്റ്റി ജൈനമത പ്രതിനിധി ഡോ. കൃതി ഡ്രാഫ്റ്ററി എന്നിവർ ചേർന്ന് അഹിംസാ അവാർഡ് ചിരാനന്ദ് സരസ്വതി സ്വാമിജിക്ക് സമ്മാനിച്ചു.

ഇന്ത്യയിൽ നിന്നും പങ്കെടുത്ത വിവിധ മതനേതാക്കളോടും പ്രതിനിധികളോടുമൊപ്പം ചരിത്ര പ്രസിദ്ധമായ ലോക മത സമ്മേളനത്തിൽ കേരളത്തിൽ നിന്നും വന്ന് പങ്കെടുക്കുവാൻ സാധിച്ചതിൽ വേൾഡ് പാർലമെന്റ് ഓഫ് റിലീജ്യന്റെ ഇന്ത്യൻ അംബാസിഡർ  ശശികുമാർ ശാന്തനൻ അകൈതവമായ സന്തോഷവും ചാരിതാർത്ഥ്യവും അറിയിച്ചു. തിരുവനന്തപുരത്ത് ഇൻകംടാക്സ് ഉദ്യോഗസ്ഥനായ ശശി കുമാർ ശാന്തനൻ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ അഡൈ്വസറി കമ്മറ്റി ഡപ്യൂട്ടി ജനറൽ കൺവീനർ കൂടിയാണ്. ശാന്തിഗിരി ആശ്രമത്തെ പ്രതിനിധീകരിച്ച് ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ സാധിച്ചതും ലോക പ്രശസ്തരായ ധാരാളം ആത്മീയ ഗുരുക്കന്മാരുമായി സംവാദിക്കുവാനും പരിചയപ്പെടുവാനും സാധിച്ചതും ജീവിതത്തിലെ മഹാഭാഗ്യമായി കണക്കാക്കുന്നുവെന്ന് ശ്രീ. ശശികുമാർ ശാന്തനൻ പറഞ്ഞു.

ഇന്ത്യയിലെ വിവിധ മത വിശ്വാസികളെ പ്രതിനിധീകരിച്ച് സ്വാമി അഗ്നിവേശ്, സ്വാമിനി ആദിത്യാനന്ദ സരസ്വതി, സ്വാമിനി സ്വധ്വിവിദീനന്ദ സരസ്വതി, സ്വാമി നിഖിൽ ഈശ്വാനന്ദ, ഡോ. എബൗ പട്ടേൽ, ഡോ. സോഹൻ ലാൽ ഗാന്ധി, സ്വാമി ത്യാഗാനന്ദ, ഡോ. രാജ് ബാൾക്കൻ, കിരൺ ബാലി, ഷിലാലിജി മഹാരാജ് സാധ്വിജിയാൻ, വന്ദന ശിവ, അഭയ്ജീത് സിങ് സച്ചൽ, സിമ്രൻ ജീത് സിങ്, സർവാശ്രീയാനന്ദ സ്വാമി തുടങ്ങിയ മത നേതാക്കന്മാർ പങ്കെടുത്ത ഈ വലിയ സമ്മേളനത്തിൽ അവരുടെ ആശയങ്ങളെ മനസ്സിലാക്കുവാനും അവർ ലോക നന്മക്കായി ചെയ്യുന്ന പ്രവർത്തികളെ അറിയുവാനും സാധിച്ചത് ശശികുമാറിന് പ്രത്യേക അനുഭവമായിരുന്നു.

ഇരുന്നൂറിലധികം മതവിശ്വാസ നേതാക്കന്മാരുടെ സമ്മേളനമായിരുന്നെങ്കിലും എല്ലാ തുറയിലുമുള്ളവർക്കായി പ്രോഗ്രാമുകൾ വിവിധ വേദികളിലായി നടത്തപ്പെട്ടു. കുട്ടികൾക്കും കുടുംബങ്ങൾക്കും സാമൂഹ്യ പ്രവർത്തകർക്കും പണ്ഡിതർക്കും സാഹിത്യകാരന്മാർക്കും പ്രയോജനകരമായ പരിപാടികൾ മെട്രോ ടൊറന്റൊ കൺവൻഷൻ സെന്ററിലെ വിവിധ വേദികൾ ഏഴു ദിവസത്തെ സമ്മേളനത്തിൽ സംഘാടകർ ക്രമീകരിച്ചത് പങ്കെടുത്തവർക്കെല്ലാം ഉല്ലാസപ്രദമായിരുന്നു. ലോക പ്രശസ്ത നേതാക്കളായ മുൻ കനേഡിയൻ പ്രധാനമന്ത്രി കിം കാംപ്ബെൽ, ടൊറന്റൊ കർദ്ദിനാൾ തോമസ് കോളിൻസ്, പ്രശസ്ത എഴുത്തുകാരൻ മാർഗരറ്റ് ആറ്റ്‌വുഡ്, മനുഷ്യാവകാശ അറ്റേർണി ഇർവിൻ കുട്ട്ലർ, ഗ്ലോബൽ ഹെൽത്ത് ഡോഗ്സ്റ്റാസ് ഇന്റർനാഷണൽ സ്ഥാപകൻ ഡോ. ജയിംസ് ഓർബിൻസ്‌കി, സോജേർണേഴ്സ് സ്ഥാപകൻ ജിം വാലേസ്, പണ്ഡിതൻ കരൺ ആംസ്ട്രോംങ് തുടങ്ങിയ പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യം സമ്മേളനത്തെ ധന്യമാക്കി.

ലോക മത പാർലമെന്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഐക്യരാഷ്ട്ര സംഘടന ടാസ്‌ക് ഫോഴ്സ് ചെയർപേഴ്സണും ലോകമത പാർലമെന്റ് പ്രോഗ്രാമാറ്റിക് ഏരിയ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണുമായ ഓഡ്രി. ഇ. കിറ്റഗാവ തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷങ്ങളായിരുന്നു. യുണെറ്റഡ് നേഷൻസ് ചിൽഡ്രൻ ആൻഡ് ആംഡ് കോൺഫ്ളിക്ട് സെക്രട്ടറി ജനറലിന്റെ സ്പെഷ്യൽ റെപ്രസന്റേറ്റീവ് ഓഫീസിലെ മുൻ ഉപദേശകയായും ഇന്റർനാഷണൽ അക്കാഡമി ഫോർ ട്രാൻസ്‌കൾച്ചറൽ കോപ്പറേഷന്റെ സ്ഥാപക പ്രസിഡന്റായും ലൈറ്റ് ഓഫ് അവയർനസ് ഇന്റർനാഷണൽ സ്പിരിച്വൽ ഫാമിലി എന്ന സംഘടനയുടെ പ്രസിഡന്റായും പ്രശസ്ത സേവനം കാഴ്ച വച്ച വ്യക്തിയാണ് ഓഡ്രി. ഇ. കിറ്റഗാവ. നിയുക്ത പാർലമെന്റ് പ്രസിഡന്റ് ഓഡ്രി കിറ്റഗാവക്ക് തെരഞ്ഞെടുപ്പിനുശേഷം ശാന്തിഗിരി ആശ്രമത്തിന്റെ ശാന്തിസന്ദേശം ആലേഘനം ചെയ്ത സ്മരണിക ഐക്യരാഷ്ട്ര സംഘടനയിലെ എൻ. ജി. ഒ. അംഗവും മലയാളിയും യോഗിയുമായ ഗുരുജി ദിലീപ്കുമാർ (ന്യൂയോർക്ക്) ന്റെ സാന്നിദ്ധ്യത്തിൽ നൽകുവാൻ സാധിച്ചതും വലിയൊരു അനുഗ്രഹമായി ശശികുമാർ കരുതുന്നു. ഇനി മുതൽ രമ്ട് വർഷത്തിലൊരിക്കൽ ലോക മത പാർലമെന്റ് സംഘടിപ്പിക്കുമെന്ന തീരുമാനത്തോടെ 2018 ടൊറന്റൊ ലോക മത സമ്മേളനം പര്യവസാനിച്ചു.