ഡബ്ലിൻ: ഈ  വർഷം ടൂറിസ്റ്റുകളുടെ സന്ദർശനം അയർലണ്ടിന് സമ്മാനിച്ചത് 300 മില്യൺ യൂറോയെന്ന് റിപ്പോർട്ട്. ടൂറിസം മേഖലയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പതു ശതമാനത്തിലേറെ വളർച്ചയുണ്ടായതെന്നാണ് ഐറീഷ് ടൂറിസ്റ്റ് ഇൻഡസ്ട്രി കോൺഫെഡറേഷൻ വെളിപ്പെടുത്തുന്നത്. 2014-ൽ 7.3 മില്യൺ ടൂറിസ്റ്റുകളാണ് അയർലണ്ട് സന്ദർശനത്തിനെത്തിയത്. ഇത് ആറു വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

ടൂറിസം മേഖലയിൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും എന്നാൽ ഇതിന് ഈ വർഷം പരിഹാരമായിരിക്കുകയാണെന്നും കോൺഫെഡറേഷൻ ചെയർമാൻ പോൾ കാർട്ടി പറയുന്നു. രണ്ടു ലക്ഷം പേർക്ക് ടൂറിസം ബിസിനസ് തൊഴിൽ നൽകാൻ സഹായകമായെന്നും ഇതിൽ അയ്യായിരം പേർ കഴിഞ്ഞ വർഷം തന്നെ ജോലിയിൽ പ്രവേശിച്ചുവെന്നും എണ്ണായിരത്തോളം പേർക്ക് അടുത്ത വർഷം തൊഴിൽ നൽകാൻ സഹായിക്കുമെന്നും പോൾ കാർട്ടി ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയ്ക്ക് സർക്കാർ ഫണ്ടിങ് സഹായകമായെന്നും ടൂറിസ്റ്റുകളെ അയർലണ്ടിലേക്ക് ആകർഷിക്കുന്നതിനുള്ള പരിപാടികൾ ഇത്തരത്തിൽ ആസൂത്രണം ചെയ്തിരുന്നുവെന്നും കോൺഫെഡറേഷൻ ഭാരവാഹികൾ പറയുന്നു. ട്രാൻസ്‌പോർട്ട്, കമ്യൂണിക്കേഷൻ, വായു ഗതാഗതം, ജലഗതാഗതം എന്നിവയിൽ നിക്ഷേപം നടത്തിയാൽ മാത്രമേ ടൂറിസം മേഖലയിൽ വളർച്ചയുണ്ടാവൂ എന്നും ഭാരവാഹികൾ എടുത്തുപറഞ്ഞു.

2015-ലും ടൂറിസ്റ്റുകളുടെ ഒഴുക്ക് രാജ്യത്തേക്ക് ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നാലു ലക്ഷത്തിലധികം ടൂറിസ്റ്റുകൾ അധികമായി അയർലണ്ട് സന്ദർശനത്തിനെത്തുമെന്നാണ് കരുതുന്നത്. അയർലണ്ടിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നായ ഡബ്ലിൻ ഗിന്നസ് സ്‌റ്റോർ ഹൗസിൽ തന്നെ 1.3 മില്യൺ സന്ദർശകർ ഈ വർഷം ഉണ്ടായിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.