ഡബ്ലിൻ: രാജ്യത്ത് ജൂലൈ മാസം പത്തു ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകൾ സന്ദർശനത്തിന് എത്തിയതായി ജനറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോർട്ട്. ജൂലൈ മാസത്തിൽ രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർധനയാണിതെന്നും വിലയിരുത്തപ്പെടുന്നു. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 5.4 മില്യൺ ടൂറിസ്റ്റുകൾ രാജ്യത്ത് എത്തിയതായും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ആറു മാസം കൊണ്ട് 13 ശതമാനം വർധനയുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2015 ആദ്യ ഏഴു മാസത്തേക്കാൾ 612,400 ടൂറിസ്റ്റുകളാണ് ഈ വർഷം ഇതേ കാലയളവിൽ രാജ്യം സന്ദർശിച്ചത്. നോർത്ത് അമേരിക്കയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 15.5 ശതമാനം വർധനയും ബ്രിട്ടീഷ് സന്ദർശകരുടെ എണ്ണം 14 ശതമാനവും മെയിൻലാൻഡ് യൂറോപ്പിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 11.6 ശതമാനവും വർധിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2016 വർഷം ഐറീഷ് ടൂറിസത്തിന് റെക്കോർഡ് ബ്രേക്കിങ് വർഷമായി കരുതാമെന്നാണ് ഈ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിൽ ശക്തമായ വളർച്ച നേരിട്ടതോടെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസം കൊണ്ട് 3400 പേർക്ക് അധികമായി തൊഴിൽ നൽകാനും സാധിച്ചതായും ഐറീഷ് ടൂറിസ്റ്റ് ഇൻഡസ്ട്രി കോൺഫെഡറേഷൻ (ഐടിഐസി) വ്യക്തമാക്കുന്നു.

അതേസമയം യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ പുറത്തായതിനെ തുടർന്ന് ഏറെ ഭീഷണികളും ടൂറിസം മേഖലയ്ക്ക് നേരിടേണ്ടി വരുമെന്നും ഐടിഐസി മുന്നറിയിപ്പ് നൽകുന്നുണ്ട്.