ലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് ധനുഷിന്റെ വില്ലനായി എത്തുന്നു. ആദ്യഭാഗത്തിന്റെ സംവിധായകനായ ബാലാജി മോഹൻ തന്നെ ഒരുക്കുന്ന 'മാരി 2' സംബന്ധിച്ച ആദ്യ അപ്ഡേറ്റ് മലയാളികൾക്ക് കൗതുകം പകരുന്ന ഒന്നാണ്. ധനുഷ് നായകനാവുമ്പോൾ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി താരം ടൊവീനോ തോമസ് ആണ്.

ടൊവീനോയെ ചിത്രത്തിൽ എത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും ഞാനെഴുതിയതിൽ എക്കാലത്തെയും ഇഷ്ടകഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നും സംവിധായകൻ വിവരം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു. 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മാരി'. ധനുഷും മലയാളി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ വില്ലനായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് യേശുദാസ് ആയിരുന്നു. കാജൽ അഗർവാൾ ആയിരുന്നു നായിക.

ലോക്കൽ ഗുണ്ടാ നേതാവിന്റെ കഥ പറഞ്ഞ മാരിയുടെ രണ്ടാം ഭാഗം ഉടൻ ചിത്രീകരണമാരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. മാരി2 വിലെ മറ്റ് കഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. കാജൽ അഗർവാൾ, റോബോ ശങ്കർ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചത്. അതേസമയം ടൊവിനോയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അഭിയുടെ അനുവും റിലീസിനൊരുങ്ങുകയാണ്.

ധനുഷ് ടൊവീനോ ചിത്രത്തിൽ ഭാഗഭാക്കാവുന്നത് ആദ്യമായല്ല. ടൊവീനോ നായകനാവുന്ന രണ്ട് ചിത്രങ്ങളുടെ നിർമ്മാണം ധനുഷിന്റെ വണ്ടർബാർ ഫിലിംസാണ് നിർവ്വഹിച്ചത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന 'തരംഗം', വിഷ്ണു സംവിധാനം ചെയ്യുന്ന 'മറഡോണ' എന്നിവയാണവ. ഇതിൽ 'തരംഗം' 29ന് തീയേറ്ററുകളിലെത്തും.