സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്ന നടനാണ് ടൊവീനോ തോമസ്. പ്രളയ കാലത്ത് സാധാരണക്കാർക്കൊപ്പം അവരിലൊരാളായി നിന്ന ടോവിനൊയെ കേരളം നെഞ്ചേറ്റുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ പേരിൽ ആരും തന്റെ സിനിമ കാണേണ്ടെന്നും ടോവിനോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു ആരാധകന് നൽകിയ മറുപടി നെഞ്ചേറ്റുകയാണ് സോഷ്യൽ മീഡിയ.

ടോവിനോ നായകനായ തീവണ്ടി സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ടൊവിനോ പങ്കുവെച്ച ഒരു പോസ്റ്ററിൽ ഒരാൾ എഴുതിയ കമന്റും ടൊവിനോയുടെ മറുപടിയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

'ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരിൽ മാത്രം ഈ പടം കാണാൻ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കും' ഇതായിരുന്നു ആരാധകന്റെ കമന്റ്.

ഉടൻ തന്നെ എത്തി ടൊവീനോയുടെ മറുപടി, 'സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ.'താര ജാഡകളില്ലാത്ത ടോവിനോയുടെ നിലപാടിനെ പ്രശംസിച്ച് നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.

പ്രളയക്കെടുതി അനുഭവിക്കുന്ന സമയത്ത് ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവ പ്രവർത്തകനായിരുന്നു ടൊവിനോ. സിനിമാതാരങ്ങൾ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങുന്നത് പബ്ലിസിറ്റിക്കാണെന്ന് ചിലർ വിമർശിച്ചപ്പോൾ അന്ന് മറുപടിയുമായി ടൊവിനോ രംഗത്തെത്തിയിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയതെന്നും ഇതിന്റെ പേരിൽ തങ്ങളുടെ സിനിമകൾ ഒന്നും കണ്ടില്ലെങ്കിലും പ്രശ്‌നമില്ലെന്നുമായിരുന്നു ടൊവിനോ അന്നും പ്രതികരിച്ചത്.