കൊച്ചി: നിങ്ങളൊരു മമ്മൂട്ടി ഫാനാണോ? അതോ മോഹൻ ലാൽ ഫാൻ ആണോ? എന്ന് ആരെങ്കിലും ചോദിച്ചാൽ ആരും ഒന്ന് മടിക്കും, ഉത്തരം പറയാൻ. രണ്ടാളേയും വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി പതിയെ ഒഴിഞ്ഞു മാറും. എന്നാൽ അങ്ങനെ പതുങ്ങി ഒളിക്കാനോ ഒഴിഞ്ഞു മാറാനോ തയ്യാറല്ല യുവതാരം ടോവിനോ തോമസ്.

ആരുടെ ആരാധകനാണെന്ന, പൊതുവെ ഏത് യുവതാരത്തെ കയ്യിൽ കിട്ടിയാലും ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകുകയാണ് ടോവിനോ. ഞാനൊരു മമ്മൂട്ടി ഫാനാണ്, അതായിരുന്നു തന്നെ ചോദ്യം ചോദിച്ച് കുടുക്കാനെത്തിയ കോളേജ് വിദ്യാർത്ഥികൾക്ക് ടോവിനോ നൽകിയ മറുപടി.

എന്തുകൊണ്ട് മമ്മൂട്ടി ഫാനായി എന്നതിന് പിന്നിലൊരു കഥയും പറയാനുണ്ട് ടോവിനോയ്ക്ക്. ആ കഥയാണ് ടോവിനോയുടെ മറുപടിയിലെ ഹൈലൈറ്റ്. എല്ലാ വീട്ടിലും ഒരു മമ്മൂട്ടി ഫാനും ഒരു മോഹൻലാൽ ഫാനുമുണ്ടാകും. എന്റെ വീട്ടിൽ ചേട്ടൻ ആണ് മോഹൻലാൽ ഫാൻ. അതുകൊണ്ട് ഞാൻ മമ്മൂട്ടി ഫാനായി. അതായിരുന്നു ടോവിനോയുടെ മറുപടി.

തീർന്നില്ല കോളേജ് പിള്ളേരുടെ സംശയം മലയാളത്തിന്റെ യുവതാരം ദുൽഖറിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. ദുൽഖർ ഒരു പെർഫക്ട് ജെന്റിൽമാനാണ്, ഒരിക്കലും വഴിതെറ്റാൻ സാധ്യതയില്ലാത്ത ചെറുപ്പക്കാരൻ. തീവ്രം മുതൽ ദുൽഖറിനെ അറിയാമെന്നും നല്ല സുഹൃത്തുക്കളാണെന്നും ടോവിനോ പറഞ്ഞപ്പോൾ കയ്യടിയോടെയാണ് വിദ്യാർത്ഥികൾ ഉത്തരത്തെ സ്വാഗതം ചെയ്തത്.